YouVersion Logo
Search Icon

LUKA 6:1-26

LUKA 6:1-26 MALCLBSI

ഒരു ശബത്തുദിവസം യേശു വിളഭൂമിയിൽകൂടി കടന്നുപോകുകയായിരുന്നു. ശിഷ്യന്മാർ കതിരു പറിച്ചു കൈയിൽവച്ചു തിരുമ്മിത്തിന്നു. “ശബത്തിൽ ചെയ്തുകൂടാത്തതു നിങ്ങൾ ചെയ്യുന്നതെന്തുകൊണ്ട്?” എന്നു ചില പരീശന്മാർ ചോദിച്ചു. യേശു അതിനു മറുപടിയായി “ദാവീദിനും അനുയായികൾക്കും വിശന്നപ്പോൾ എന്താണു ചെയ്തതെന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അദ്ദേഹം ദേവാലയത്തിൽ ചെന്നു പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവർക്കു കൊടുക്കുകയും ചെയ്തില്ലേ? മനുഷ്യപുത്രൻ ശബത്തിന്റെയും അധീശനാണ്” എന്നു പറഞ്ഞു. മറ്റൊരു ശബത്തുനാളിൽ യേശു സുനഗോഗിൽ പോയി പഠിപ്പിച്ചു. വലംകൈ ശോഷിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. ശബത്തിൽ യേശു അയാളെ സുഖപ്പെടുത്തുമോ എന്നു മതപണ്ഡിതന്മാരും പരീശന്മാരും ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൽ കുറ്റം ആരോപിക്കുവാൻ കാരണം അന്വേഷിക്കുകയായിരുന്നു അവർ. യേശു അവരുടെ മനോഗതം മനസ്സിലാക്കി കൈ ശോഷിച്ച ആ മനുഷ്യനോട്: “എഴുന്നേറ്റു നടുവിലേക്കു മാറി നില്‌ക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റു നിന്നു. യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു കാര്യം ചോദിക്കട്ടെ: ശബത്തുദിവസം നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ജീവനെ രക്ഷിക്കുകയോ നശിപ്പിക്കുകയോ ഏതാണു ശരി?” അനന്തരം അവരെയെല്ലാം ചുറ്റും നോക്കിയശേഷം ആ മനുഷ്യനോടു കൈ നീട്ടുക എന്നാജ്ഞാപിച്ചു. അയാൾ അപ്രകാരം ചെയ്തു. തൽക്ഷണം അയാളുടെ കൈ സുഖംപ്രാപിച്ചു. അവർക്കു കഠിനമായ അമർഷം ഉണ്ടായി. യേശുവിനെ എന്തു ചെയ്യണമെന്ന് അവർ അന്യോന്യം ആലോചിച്ചു. അന്നൊരിക്കൽ യേശു പ്രാർഥിക്കുവാൻ ഒരു മലയിലേക്കു പോയി. രാത്രിമുഴുവൻ അവിടുന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോൾ അവിടുന്നു തന്റെ അനുയായികളെ വിളിച്ചുകൂട്ടി; താഴെപ്പറയുന്ന പന്ത്രണ്ടുപേരെ അവരിൽനിന്നു തിരഞ്ഞെടുത്ത് അപ്പോസ്തോലന്മാർ എന്നു നാമകരണം ചെയ്തു: ശിമോൻ (ഇദ്ദേഹത്തെ പത്രോസ് എന്നു യേശു വിളിച്ചു), അദ്ദേഹത്തിന്റെ സഹോദരൻ അന്ത്രയാസ്, യാക്കോബ്, യോഹന്നാൻ, ഫീലിപ്പോസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്ഫായിയുടെ മകൻ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കരിയോത്ത്. അനന്തരം യേശു അവരോടുകൂടി മലയിൽ നിന്നിറങ്ങി സമതലത്തു വന്നു. ശിഷ്യന്മാരുടെ ഒരു വലിയ സമൂഹം അവിടെയുണ്ടായിരുന്നു. യെരൂശലേമിൽ നിന്നുള്ളവരെ കൂടാതെ യെഹൂദ്യയുടെ നാനാഭാഗങ്ങളിൽനിന്നും സമുദ്രതീരത്തുള്ള സോർ, സീദോൻ പ്രദേശങ്ങളിൽനിന്നും യേശുവിന്റെ പ്രബോധനം കേൾക്കുവാനും രോഗശാന്തി ലഭിക്കുവാനുമായി ഒരു വലിയ ജനതതി വന്നുകൂടി. അശുദ്ധാത്മാക്കൾ ബാധിച്ചു വലഞ്ഞവർ സുഖംപ്രാപിച്ചു. യേശുവിൽനിന്ന് ദിവ്യശക്തി പുറപ്പെട്ട് എല്ലാ രോഗികളെയും സുഖപ്പെടുത്തി വന്നു. അതുകൊണ്ട് അവിടുത്തെ ഒന്നു തൊടുവാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ വലിയ തിരക്കുണ്ടായി. യേശു ശിഷ്യന്മാരെ നോക്കിക്കൊണ്ട് ഇപ്രകാരം അരുൾചെയ്തു: “ദരിദ്രരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; ദൈവരാജ്യം നിങ്ങൾക്കുള്ളതാകുന്നു! ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ സംതൃപ്തരാകും! ഇപ്പോൾ കരയുന്നവരായ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; നിങ്ങൾ ചിരിക്കും! മനുഷ്യപുത്രനെ അനുഗമിക്കുന്നതിനാൽ നിങ്ങളെ മറ്റുള്ളവർ ദ്വേഷിക്കുകയും ഭ്രഷ്ടരാക്കുകയും നിന്ദിക്കുകയും നികൃഷ്ടരെന്നവിധം നിരാകരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; അന്നു നിങ്ങൾ ആഹ്ലാദിച്ചു തുള്ളിച്ചാടുക; എന്തെന്നാൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാണ്: അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെതന്നെയാണല്ലോ വർത്തിച്ചിട്ടുള്ളത്. എന്നാൽ സമ്പന്നരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങളുടെ സൗഭാഗ്യകാലം കഴിഞ്ഞുപോയി! ഇപ്പോൾ സംതൃപ്തരായിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾക്കു വിശക്കും! ഇപ്പോൾ ആഹ്ലാദിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം!; നിങ്ങൾ വിലപിക്കുകയും കരയുകയും ചെയ്യും! എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy