YouVersion Logo
Search Icon

LUKA 4

4
പരീക്ഷകൾ
(മത്താ. 4:1-11; മർക്കോ. 1:12-13)
1പരിശുദ്ധാത്മാവിനാൽ പരിപൂരിതനായി യേശു യോർദ്ദാനിൽനിന്നു തിരിച്ചു പോയി. ആത്മാവ് അവിടുത്തെ വിജനപ്രദേശത്തേക്കു നയിച്ചു. 2അവിടെ നാല്പതു ദിവസം പിശാച് യേശുവിനെ പരീക്ഷിച്ചു. ആ സമയം മുഴുവനും അവിടുന്ന് ഒന്നും ഭക്ഷിച്ചില്ല. അതു കഴിഞ്ഞപ്പോൾ അവിടുത്തേക്ക് വിശന്നു.
3അപ്പോൾ പിശാച് അവിടുത്തോടു പറഞ്ഞു: “അങ്ങു ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കല്പിക്കുക.”
4യേശുവാകട്ടെ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത് എന്നു വിശുദ്ധഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ” എന്നു പ്രതിവചിച്ചു.
5പിന്നീടു പിശാച് ഉയർന്ന ഒരു സ്ഥലത്തേക്ക് യേശുവിനെ കൂട്ടിക്കൊണ്ടുപോയി; ക്ഷണനേരംകൊണ്ടു ലോകത്തിലെ സകല രാജ്യങ്ങളും കാണിച്ചുകൊടുത്തു. 6“ഈ സകല അധികാരവും പ്രതാപവും ഞാൻ താങ്കൾക്കു നല്‌കാം; ഇവയെല്ലാം എന്നെ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഇവ കൊടുക്കുന്നു. 7എന്നെ ആരാധിക്കുകയാണെങ്കിൽ ഇവയെല്ലാം താങ്കളുടേതാകും” എന്നു പിശാചു പറഞ്ഞു.
8യേശു അതിനു മറുപടിയായി: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിക്കുക; അവിടുത്തെ മാത്രമേ ആരാധിക്കാവൂ എന്നാണല്ലോ എഴുതിയിരിക്കുന്നത്” എന്നു പറഞ്ഞു.
9അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി; ദേവാലയത്തിന്റെ മുകളിൽ ഏറ്റവും ഉയരംകൂടിയ സ്ഥാനത്തു നിറുത്തിക്കൊണ്ടു പറഞ്ഞു: 10“അങ്ങു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു താഴേക്കു ചാടുക; ‘നിന്നെ സംരക്ഷിക്കുവാൻ ദൂതന്മാരോടു ദൈവം ആജ്ഞാപിക്കും; 11നിന്റെ പാദം കല്ലിൽ തട്ടാത്തവിധം അവർ തങ്ങളുടെ കൈകളിൽ താങ്ങിക്കൊള്ളും’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” 12യേശു മറുപടി നല്‌കി: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ട്.”
13ഇങ്ങനെ സകല പ്രലോഭനങ്ങളും പ്രയോഗിച്ചശേഷം പിശാചു തല്‌ക്കാലം യേശുവിനെ വിട്ടുമാറി.
യേശു നസറെത്തിൽ
(മത്താ. 4:12-17; മർക്കോ. 1:14-15; മത്താ. 13:53-58; മർക്കോ. 6:1-6)
14യേശു പരിശുദ്ധാത്മാവിന്റെ ചൈതന്യത്തോടുകൂടി ഗലീലയിൽ തിരിച്ചെത്തി. ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം അവിടുത്തെപ്പറ്റിയുള്ള ശ്രുതി പരന്നു. 15അവിടുന്ന് അവരുടെ സുനഗോഗുകളിൽ പോയി പഠിപ്പിച്ചു. എല്ലാവരും അവിടുത്തെ പ്രകീർത്തിച്ചു.
16-17അങ്ങനെ യേശു വളർന്ന നസറെത്തിൽ ചെന്ന്, പതിവുപോലെ ശബത്തുദിവസം സുനഗോഗിൽ പോയി. വേദപാരായണത്തിനായി എഴുന്നേറ്റു നിന്നപ്പോൾ യെശയ്യാപ്രവാചകന്റെ ഗ്രന്ഥച്ചുരുൾ അവിടുത്തെ കൈയിൽ കൊടുത്തു. ചുരുൾ തുറന്നപ്പോൾ താഴെപ്പറയുന്ന ഭാഗം കണ്ടു:
18“ദരിദ്രരോടു സദ്‍വാർത്ത ഘോഷിക്കുവാൻ
ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടുത്തെ ആത്മാവ് എന്റെമേൽ ആവസിക്കുന്നു;
തടവുകാർക്ക് വിടുതൽ പ്രഖ്യാപനം ചെയ്യുവാനും,
അന്ധന്മാർക്കു കാഴ്ച നല്‌കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും,
19ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വർഷം വിളംബരം ചെയ്യുവാനും,
അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”
20അനന്തരം യേശു ഗ്രന്ഥം ചുരുട്ടി ശുശ്രൂഷകനെ തിരിച്ചേല്പിച്ചശേഷം ഇരുന്നു; അവിടെ കൂടിയിരുന്ന എല്ലാവരുടെയും കണ്ണുകൾ അവിടുത്തെ നോക്കിയിരുന്നു. 21അവിടുന്ന് അവരോട് ഇപ്രകാരം പ്രസ്താവിച്ചു: “ഞാൻ വായിച്ച ഈ വേദഭാഗം നിങ്ങൾ കേട്ടപ്പോൾത്തന്നെ അതു സംഭവിച്ചിരിക്കുന്നു.”
22എല്ലാവരും അവിടുത്തെ പ്രശംസിച്ചു സംസാരിച്ചു. അവിടുത്തെ അധരങ്ങളിൽനിന്നു നിർഗമിച്ച ഹൃദ്യമായ വാക്കുകൾ അവരെ അദ്ഭുതപ്പെടുത്തി. “ഇയാൾ യോസേഫിന്റെ മകൻ തന്നെ അല്ലേ?” എന്ന് അവർ ചോദിച്ചു.
23യേശു അവരോടു: “വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക’ എന്ന പഴമൊഴി ഉദ്ധരിച്ചുകൊണ്ട് ‘കഫർന്നഹൂമിൽ താങ്കൾ ചെയ്തതായി ഞങ്ങൾ കേട്ടിരിക്കുന്നതെല്ലാം താങ്കളുടെ സ്വന്തം നാടായ ഇവിടെയും ചെയ്യുക’ എന്നു നിങ്ങൾ നിശ്ചയമായും എന്നോടാവശ്യപ്പെടും. 24എന്നാൽ ഒരു പ്രവാചകനും സ്വന്തനാട്ടിൽ സുസമ്മതനായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.”
25“ഒരു വസ്തുത ഞാൻ പറയട്ടെ: ഏലീയായുടെ കാലത്തു മൂന്നര വർഷം മഴയില്ലാതെ നാട്ടിലെങ്ങും കഠിനമായ ക്ഷാമമുണ്ടായി. അന്ന് ഇസ്രായേലിൽ ധാരാളം വിധവമാർ ഉണ്ടായിരുന്നെങ്കിലും ഏലീയായെ അവരുടെ ആരുടെയും അടുക്കലേക്കയയ്‍ക്കാതെ 26സീദോനിലെ സരെപ്തയിലുള്ള ഒരു വിധവയുടെ അടുക്കലേക്കു മാത്രമാണു ദൈവം അയച്ചത്. 27എലിശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികളുണ്ടായിരുന്നെങ്കിലും സിറിയക്കാരനായ നയമാൻ മാത്രമേ സുഖം പ്രാപിച്ചുള്ളൂ.”
28ഇതു കേട്ടപ്പോൾ സുനഗോഗിലുണ്ടായിരുന്നവരെല്ലാം കോപാക്രാന്തരായി. 29അവർ ചാടി എഴുന്നേറ്റ് അവിടുത്തെ പിടിച്ചു പട്ടണത്തിനു പുറത്താക്കി. ആ പട്ടണം നിർമിച്ചിരുന്നത് ഒരു കുന്നിൻപുറത്തായിരുന്നു. അവിടുത്തെ ആ കുന്നിന്റെ നിറുകയിൽനിന്ന് തള്ളിയിടുവാനായിരുന്നു അവരുടെ ശ്രമം. 30പക്ഷേ അവിടുന്ന് അവരുടെ ഇടയിൽക്കൂടി കടന്നു തന്റെ വഴിക്കു പോയി.
അശുദ്ധാത്മാവുള്ള മനുഷ്യനെ സുഖപ്പെടുത്തുന്നു (മർക്കോ. 1:21-28)
31ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിലേക്കാണ് യേശു പിന്നീടു പോയത്. ശബത്തുതോറും അവിടുന്നു സുനഗോഗിലെത്തി ജനങ്ങളെ പഠിപ്പിച്ചുവന്നു. 32അവിടുത്തെ വചനം അധികാരത്തോടുകൂടിയായിരുന്നതിനാൽ അവിടുത്തെ പ്രബോധനം കേട്ട് അവർ വിസ്മയിച്ചു. 33സുനഗോഗിൽ ദുഷ്ടാത്മാവു ബാധിച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ നിലവിളിച്ചു: 34“നസറായനായ യേശുവേ ഞങ്ങളെ എന്തിന് ഉപദ്രവിക്കുന്നു? ഞങ്ങളെ നശിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. ദൈവം അയച്ച പരിശുദ്ധൻ തന്നെ.”
35യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ട്: “മിണ്ടരുത്! ഈ മനുഷ്യനെ വിട്ടു പുറത്തുപോകൂ!” എന്നു പറഞ്ഞു. ദുഷ്ടാത്മാവ് അവനെ അവരുടെ മധ്യത്തിൽ തള്ളിയിട്ടശേഷം ഒരുപദ്രവവും വരുത്താതെ അവനെ വിട്ടു പോയി.
36എല്ലാവരും അമ്പരന്നു. “ഇതെന്തൊരു കല്പന! അധികാരത്തോടും ശക്തിയോടുംകൂടി അവിടുന്നു ദുഷ്ടാത്മാക്കളോട് ആജ്ഞാപിക്കുന്നു. അവ അനുസരിക്കുകയും ചെയ്യുന്നു” എന്ന് അവർ അന്യോന്യം പറഞ്ഞു.
37യേശുവിനെപ്പറ്റിയുള്ള ശ്രുതി ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു.
അനേകം രോഗികൾക്കു സൗഖ്യം നല്‌കുന്നു
(മത്താ. 8:14-17; മർക്കോ. 1:29-34)
38യേശു സുനഗോഗിൽ നിന്നിറങ്ങി ശിമോന്റെ ഭവനത്തിലെത്തി. ശിമോന്റെ ഭാര്യാമാതാവ് കഠിനമായ ജ്വരം ബാധിച്ചു കിടക്കുകയായിരുന്നു. 39ആ രോഗിണിയെക്കുറിച്ച് അവർ യേശുവിനോടു പറഞ്ഞു. അവിടുന്ന് ആ സ്‍ത്രീയുടെ അടുത്തുചെന്ന് അവരുടെ പനിയെ ശാസിച്ചു; പനി വിട്ടുമാറി. ഉടനെ അവർ എഴുന്നേറ്റ് എല്ലാവരെയും പരിചരിച്ചു.
40ശബത്തു കഴിഞ്ഞ് സൂര്യാസ്തമയമായപ്പോൾ നാനാവിധ രോഗങ്ങൾ ബാധിച്ചവരെ അവിടുത്തെ അടുത്തു കൊണ്ടുവന്നു. അവിടുന്ന് ഓരോരുത്തരുടെയുംമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്തി. 41“അങ്ങു ദൈവത്തിന്റെ പുത്രൻതന്നെ” എന്ന് അട്ടഹസിച്ചുകൊണ്ട് പലരിൽനിന്നും ഭൂതങ്ങൾ ഒഴിഞ്ഞുപോയി. എന്നാൽ യേശു അവയെ ശാസിച്ചു. അവിടുന്നു ക്രിസ്തുതന്നെയാണെന്നു ദുഷ്ടാത്മാക്കൾക്കു ബോധ്യപ്പെട്ടതിനാൽ സംസാരിക്കുവാൻ അവരെ അവിടുന്ന് അനുവദിച്ചില്ല.
യേശു സുനഗോഗുകളിൽ
(മർക്കോ. 1:35-39)
42പിറ്റേദിവസം പ്രഭാതമായപ്പോൾ യേശു ഒരു വിജനസ്ഥലത്തേക്കു പോയി. ജനങ്ങൾ അവിടുത്തെ അന്വേഷിച്ചു പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ തങ്ങളെ വിട്ടുപോകരുതെന്ന് അവർ അവിടുത്തെ നിർബന്ധിച്ചു. 43അപ്പോൾ അവിടുന്നു പറഞ്ഞു: “ദൈവരാജ്യത്തെപ്പറ്റിയുള്ള സദ്‍വാർത്ത മറ്റുപട്ടണങ്ങളിലും എനിക്കു അറിയിക്കേണ്ടതുണ്ട്. അതിനുവേണ്ടിയാണല്ലോ ദൈവം എന്നെ അയച്ചിരിക്കുന്നത്.”
44അങ്ങനെ ആ നാട്ടിലെങ്ങുമുള്ള സുനഗോഗുകളിൽ യേശു പ്രഭാഷണം നടത്തിവന്നു.

Currently Selected:

LUKA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy