YouVersion Logo
Search Icon

LUKA 24:36-53

LUKA 24:36-53 MALCLBSI

ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരുടെ മധ്യത്തിൽ വന്നുനിന്നു, "നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. തങ്ങൾ കാണുന്നത് ഒരു ഭൂതത്തെയാണെന്നു വിചാരിച്ച് അവർ ഭയപ്പെട്ടു പരിഭ്രമിച്ചു. യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ എന്തിനു പരിഭ്രമിക്കുന്നു? എന്തിനു സംശയിക്കുന്നു? എന്റെ കൈകളും കാലുകളും നോക്കുക; ഇതു ഞാൻ തന്നെയാണ്; എന്നെ തൊട്ടു നോക്കൂ. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ അസ്ഥിയും മാംസവും ഭൂതത്തിനില്ലല്ലോ.” ഇങ്ങനെ പറഞ്ഞുകൊണ്ട് അവിടുന്ന് തന്റെ കൈകാലുകൾ അവർക്കു കാണിച്ചുകൊടുത്തു. എന്നിട്ടും അവർക്കു വിശ്വസിക്കുവാൻ കഴിഞ്ഞില്ല; അവർ അത്രയ്‍ക്ക് ആനന്ദത്തിൽ മുഴുകുകയും വിസ്മയഭരിതരാകുകയും ചെയ്തിരുന്നു. അവിടുന്നു ചോദിച്ചു: “നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതുമുണ്ടോ?” അവർ ഒരു കഷണം വറുത്ത മീനും തേൻകട്ടയും യേശുവിനു കൊടുത്തു; അവിടുന്ന് അവരുടെ മുമ്പിൽവച്ച് തിന്നുകയും ചെയ്തു. അനന്തരം യേശു അവരോട് അരുൾചെയ്തു: “മോശയുടെ നിയമസംഹിതയിലും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോൾ പറഞ്ഞതാണല്ലോ.” അനന്തരം വേദലിഖിതങ്ങൾ ഗ്രഹിക്കുന്നതിന് അവിടുന്ന് അവരുടെ ബുദ്ധിയെ പ്രകാശിപ്പിച്ചു. യേശു പിന്നെയും അവരോട് അരുൾചെയ്തു: “ക്രിസ്തു പീഡനം അനുഭവിക്കുകയും മൂന്നാം നാൾ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുകയും തന്റെ നാമത്തിൽ യെരൂശലേമിൽ തുടങ്ങി സകല ജനതകളോടും പശ്ചാത്താപത്തെയും പാപമോചനത്തെയും കുറിച്ചുള്ള സന്ദേശം പ്രസംഗിക്കപ്പെടുകയും ചെയ്യണമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. ഇവയ്‍ക്കെല്ലാം നിങ്ങൾ സാക്ഷികൾ. എന്റെ പിതാവു വാഗ്ദാനം ചെയ്തിട്ടുള്ളത് ഞാൻ നിങ്ങളുടെമേൽ അയയ്‍ക്കും. സ്വർഗത്തിൽനിന്ന് ശക്തി പ്രാപിക്കുന്നതുവരെ നിങ്ങൾ യെരൂശലേമിൽത്തന്നെ വസിക്കുക.” അനന്തരം യേശു അവരെ ബേഥാന്യയിലേക്കു കൂട്ടിക്കൊണ്ടുപോയി; കരങ്ങളുയർത്തി അവിടുന്ന് അവരെ ആശീർവദിച്ചു. അവരെ അനുഗ്രഹിക്കുമ്പോൾത്തന്നെ അവിടുന്ന് അവരെ വിട്ടുപിരിഞ്ഞു സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു; അവർ അവിടുത്തെ നമസ്കരിച്ചശേഷം ആനന്ദാതിരേകത്തോടെ യെരൂശലേമിലേക്കു തിരിച്ചുപോയി; ദൈവത്തെ സ്തുതിച്ചുകൊണ്ട് അവർ ദേവാലയത്തിൽത്തന്നെ കഴിഞ്ഞുകൂടി.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy