YouVersion Logo
Search Icon

LUKA 22:47-71

LUKA 22:47-71 MALCLBSI

ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു ജനസഞ്ചയം അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസാണ് അവരെ നയിച്ചിരുന്നത്. യൂദാസ് യേശുവിനെ ചുംബിക്കുവാൻ അടുത്തുചെന്നു. അവിടുന്നു ചോദിച്ചു: “യൂദാസേ, ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്താണു സംഭവിക്കുവാൻ പോകുന്നതെന്ന് യേശുവിന്റെ കൂടെയുണ്ടായിരുന്നവർ മനസ്സിലാക്കിക്കൊണ്ട്: “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ?” എന്നു ചോദിച്ചു. അവരിലൊരാൾ മഹാപുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുകാതു ഛേദിച്ചുകളഞ്ഞു. ‘നിറുത്തൂ! അതു പാടില്ല; അവരുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ആ ഭൃത്യന്റെ കാത് യേശു തൊട്ടു സുഖപ്പെടുത്തി. തനിക്കെതിരെ വന്ന പുരോഹിതമുഖ്യന്മാരോടും ദേവാലയത്തിലെ കാവൽപ്പടയുടെ തലവന്മാരോടും ജനപ്രമാണിമാരോടും യേശു ചോദിച്ചു: “ഒരു കൊള്ളക്കാരനെ പിടിക്കുവാനെന്നപോലെ, നിങ്ങൾ വാളും വടിയുമായി എന്റെ അടുക്കൽ വന്നിരിക്കുകയാണോ? നിങ്ങളോടുകൂടി ദിനംതോറും ഞാൻ ദേവാലയത്തിൽ ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. ഇരുളിന്റെ അധികാരം നടമാടുന്ന ഈ സമയം നിങ്ങൾക്കു പ്രവർത്തിക്കുവാനുള്ള അവസരമാണ്.” അവർ യേശുവിനെ ബന്ധനസ്ഥനാക്കി മഹാപുരോഹിതന്റെ വസതിയിലേക്കു കൊണ്ടുപോയി. പത്രോസ് കുറെ അകലെ മാറി പിന്നാലെ ചെന്നു. കുറെപേർ നടുമുറ്റത്തു തീ കാഞ്ഞുകൊണ്ടിരുന്നു. പത്രോസും ചെന്ന് അവരുടെ ഇടയിൽ ഇരുന്നു. അദ്ദേഹം ഇരിക്കുന്നത് തീയുടെ വെളിച്ചത്തിൽ ഒരു പരിചാരിക കണ്ടു. അവൾ പത്രോസിനെ സൂക്ഷിച്ചു നോക്കിക്കൊണ്ട് “ഇയാളും യേശുവിന്റെ കൂടെയുണ്ടായിരുന്ന ആളാണല്ലോ” എന്നു പറഞ്ഞു. “ഹേ, സ്‍ത്രീയേ; എനിക്ക് അദ്ദേഹത്തെ അറിഞ്ഞുകൂടാ” എന്നു പത്രോസ് തള്ളിപ്പറഞ്ഞു. കുറെ കഴിഞ്ഞു മറ്റൊരാൾ പത്രോസിനെ കണ്ടു. “നിങ്ങളും യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. “ഹേ, മനുഷ്യാ; അതു ഞാനല്ല” എന്നു പത്രോസ് പറഞ്ഞു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ തറപ്പിച്ചു പറഞ്ഞു: “ഈ മനുഷ്യൻ തീർച്ചയായും അയാളുടെ ശിഷ്യന്മാരിൽ ഒരാൾ തന്നേ! ഇയാളും ഗലീലക്കാരനാണല്ലോ.” അപ്പോൾ പത്രോസ്, “ഹേ മനുഷ്യാ, താങ്കൾ പറയുന്നത് എന്തെന്നു എനിക്കു മനസ്സിലാകുന്നില്ല!” എന്നു പറഞ്ഞു. ഇങ്ങനെ പറയുമ്പോൾത്തന്നെ കോഴി കൂകി. അപ്പോൾ യേശു തിരിഞ്ഞു പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്നു കോഴി കൂകുന്നതിനു മുമ്പ് നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും” എന്ന അവിടുത്തെ വാക്കുകൾ ഓർത്ത് പത്രോസ് പുറത്തുപോയി തീവ്രമായ ദുഃഖത്തോടുകൂടി കരഞ്ഞു. യേശുവിനെ ബന്ധനസ്ഥനാക്കിയവർ അവിടുത്തെ കണ്ണുകൾ മൂടിക്കെട്ടി. അവർ അവിടുത്തെ അടിക്കുകയും പരിഹസിക്കുകയും ചെയ്തു. “നിന്നെ അടിച്ചതു ആരെന്നു പറയുക; നീ പ്രവാചകനാണല്ലോ” എന്നും മറ്റും പറഞ്ഞ് അവർ യേശുവിനെ അവഹേളിച്ചുകൊണ്ടിരുന്നു. പുലർച്ചയായപ്പോൾ ജനപ്രമാണിമാരും പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഒരുമിച്ചുകൂടി; യേശുവിനെ സന്നദ്രിം എന്ന ന്യായാധിപസംഘത്തിന്റെ മുമ്പിൽ ഹാജരാക്കി. അവർ യേശുവിനോടു: “താങ്കൾ ക്രിസ്തു ആണെങ്കിൽ അതു ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു. എന്നാൽ യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുകയില്ല; ഞാൻ എന്തെങ്കിലും ചോദിച്ചാൽ നിങ്ങൾ ഉത്തരം പറയുകയുമില്ല. ഇനിമേൽ മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കും.” അപ്പോൾ അവരെല്ലാവരും ചോദിച്ചു: “താങ്കൾ ദൈവപുത്രനാകുന്നു എന്നാണോ അതിന്റെ അർഥം?” യേശു പ്രതിവചിച്ചു: “ഞാനാകുന്നു എന്ന് നിങ്ങൾ പറയുന്നു.” ഉടനെ അവർ “ഇനി സാക്ഷ്യമൊന്നും നമുക്കാവശ്യമില്ലല്ലോ! ഇവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടു കഴിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy