YouVersion Logo
Search Icon

LUKA 20:27-47

LUKA 20:27-47 MALCLBSI

പുനരുത്ഥാനം ഇല്ല എന്നു വാദിക്കുന്ന സാദൂക്യകക്ഷിയിൽപ്പെട്ട ചിലർ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരാൾ മക്കളില്ലാതെ മരിച്ചാൽ അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ പരിഗ്രഹിച്ച് മരിച്ചയാളിനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കണമെന്നു മോശ എഴുതിയിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാർ ജീവിച്ചിരുന്നു. അവരിൽ ഒന്നാമൻ ഒരു സ്‍ത്രീയെ വിവാഹം ചെയ്തു. അയാൾ മക്കളില്ലാതെ മരിച്ചു. രണ്ടാമനും അയാളുടെ കാലശേഷം മൂന്നാമനും, അങ്ങനെ ഏഴു സഹോദരന്മാരും ആ സ്‍ത്രീയെ ഭാര്യയായി സ്വീകരിക്കുകയും മക്കളില്ലാതെ മരിക്കുകയും ചെയ്തു. ഒടുവിൽ ആ സ്‍ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ ആ സ്‍ത്രീ ആരുടെ ഭാര്യയായിരിക്കും? അവൾ ആ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.” യേശു പ്രതിവചിച്ചു: “ഈ യുഗത്തിന്റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. വരുവാനുള്ള യുഗവും പുനരുത്ഥാനവും പ്രാപിക്കുന്നതിന് അർഹരാകുന്നവർ വിവാഹം കഴിക്കുന്നില്ല, വിവാഹം കഴിപ്പിക്കുന്നുമില്ല. അവർ പുനരുത്ഥാനത്തിന്റെ പുത്രന്മാരായതിനാൽ ദൈവദൂതന്മാർക്കു തുല്യരും ദൈവത്തിന്റെ പുത്രന്മാരുമാണ്. അതുകൊണ്ട് അവർ ഇനിമേൽ മരിക്കുകയില്ല. എന്നാൽ മുൾപ്പടർപ്പിനെക്കുറിച്ചു പറയുന്ന ഭാഗത്ത് മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് മോശയും സൂചിപ്പിച്ചിട്ടുണ്ട്. അവിടെ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നത്രേ ദൈവത്തെപ്പറ്റി പറയുന്നത്. അവിടുന്നു മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമാണ്. അങ്ങനെ ദൈവത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ജീവിക്കുന്നവരാകുന്നു.” അപ്പോൾ മതപണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു സമുചിതമായ മറുപടിയാണ്.” പിന്നീട് ഒരു ചോദ്യവും ഉന്നയിക്കാൻ ആരും ധൈര്യപ്പെട്ടില്ല. യേശു അവരോടു ചോദിച്ചു: “ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു പറയുന്നതെങ്ങനെ? സങ്കീർത്തനപുസ്തകത്തിൽ ദാവീദു തന്നെ പറയുന്നു: സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക” എന്ന്. അങ്ങനെ ദാവീദ് അവിടുത്തെ ‘കർത്താവ്’ എന്നു വിളിക്കുന്നെങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?” പിന്നീട് എല്ലാവരും കേൾക്കെ യേശു ശിഷ്യന്മാരോട് അരുൾചെയ്തു: “ഈ മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ നീണ്ട കുപ്പായം ധരിച്ചുനടക്കുവാൻ ആഗ്രഹിക്കുന്നു. അങ്ങാടിയിൽ വന്ദനവും സുനഗോഗുകളിൽ മുഖ്യാസനവും സത്ക്കാരവിരുന്നുകളിൽ മാന്യസ്ഥാനവും അവർ ഇഷ്ടപ്പെടുന്നു. പക്ഷേ, അവർ വിധവകളുടെ വീടുകൾ ചൂഷണം ചെയ്യുകയും കപടഭാവത്തിൽ ദീർഘമായി പ്രാർഥിക്കുകയും ചെയ്യും! അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനമായിരിക്കും.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy