YouVersion Logo
Search Icon

LUKA 20:1-26

LUKA 20:1-26 MALCLBSI

ഒരു ദിവസം യേശു ദേവാലയത്തിൽ ജനങ്ങളെ പ്രബോധിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. തത്സമയം പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരോടുകൂടി അവിടുത്തെ സമീപിച്ചു ചോദിച്ചു: “എന്തധികാരം കൊണ്ടാണു താങ്കൾ ഇതെല്ലാം ചെയ്യുന്നത്? പറയൂ, ആരാണു താങ്കൾക്ക് ഈ അധികാരം തന്നത്?” യേശു പ്രതിവചിച്ചു: “ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ: അതിനു മറുപടി പറയാമോ? യോഹന്നാനു സ്നാപനം ചെയ്യാനുള്ള അധികാരം ലഭിച്ചത് ദൈവത്തിൽ നിന്നോ, മനുഷ്യരിൽനിന്നോ?” അവർ ഈ ചോദ്യത്തെപ്പറ്റി അന്യോന്യം ചർച്ച ചെയ്തു; “ദൈവത്തിൽനിന്ന് എന്നു പറഞ്ഞാൽ ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചില്ല’ എന്ന് അയാൾ ചോദിക്കും; മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ എല്ലാവരും നമ്മെ കല്ലെറിയും; യോഹന്നാൻ ഒരു പ്രവാചകനായിരുന്നു എന്ന് അവർ ദൃഢമായി വിശ്വസിക്കുന്നുവല്ലോ.” അതുകൊണ്ട്, “എവിടെനിന്ന് എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്ന് അവർ മറുപടി പറഞ്ഞു. “എന്നാൽ എന്തധികാരംകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന് യേശു പറഞ്ഞു. അനന്തരം യേശു ജനങ്ങളോട് ഈ ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരിക്കൽ ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയശേഷം പാട്ടത്തിനേല്പിച്ചു; പിന്നീട് അയാൾ ദീർഘകാലത്തെ വിദേശവാസത്തിനായി പോയി. വിളവെടുക്കാറായപ്പോൾ തോട്ടത്തിൽനിന്നു തനിക്കു ലഭിക്കേണ്ട ഓഹരി വാങ്ങുന്നതിനായി അയാൾ ഒരു ഭൃത്യനെ പാട്ടക്കാരുടെ അടുക്കൽ അയച്ചു. അവർ അവനെ പ്രഹരിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്‍ക്കുകയും ചെയ്തു. അയാൾ വീണ്ടും ഒരു ഭൃത്യനെ അയച്ചു. അവർ അവനെയും തല്ലി അപമാനിച്ച് യാതൊന്നും കൊടുക്കാതെ പറഞ്ഞയച്ചു. മൂന്നാമതും ഒരാളെ അയച്ചു. ആ ഭൃത്യനെ അവർ പരുക്കേല്പിച്ചശേഷം പിടിച്ചു പുറത്താക്കി. അപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു: “ഇനി ഞാനെന്താണു ചെയ്യുക? എന്റെ വത്സലപുത്രനെ തന്നെ അയയ്‍ക്കാം; അവനെ ഒരുപക്ഷേ അവർ ആദരിച്ചേക്കും.” എന്നാൽ പാട്ടക്കാർ പരസ്പരം ആലോചിച്ചുകൊണ്ടു പറഞ്ഞു: ‘ഇതാ ഇവനാണ് തോട്ടത്തിന്റെ അവകാശി! നമുക്കിവനെ കൊന്നുകളയാം; അപ്പോൾ അവകാശം നമ്മുടേതായിത്തീരുമല്ലോ!’ അവർ തോട്ടമുടമസ്ഥന്റെ പുത്രനെ തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. “മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തു ചെയ്യും? അയാൾ വന്ന് ആ മനുഷ്യനെ നിഗ്രഹിച്ചശേഷം തോട്ടം മറ്റാരെയെങ്കിലും ഏല്പിക്കും.” അവർ ഇതു കേട്ടപ്പോൾ “ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കിൽ പണിക്കാർ തള്ളിക്കളഞ്ഞ ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു എന്നെഴുതിയിരിക്കുന്നതിന്റെ അർഥമെന്ത്? ആ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു തരിപ്പണമാകും; അത് ആരുടെയെങ്കിലും മേൽ വീണാൽ അത് അവനെ തകർത്തുകളയും.” ഈ ദൃഷ്ടാന്തകഥ തങ്ങളെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു പുരോഹിതമുഖ്യന്മാർക്കും മതപണ്ഡിതന്മാർക്കും മനസ്സിലായതുകൊണ്ട് ആ നിമിഷത്തിൽത്തന്നെ അവിടുത്തെ പിടികൂടാൻ അവർ ശ്രമിച്ചെങ്കിലും ജനങ്ങളെ ഭയന്ന് അതിനു മുതിർന്നില്ല. യേശുവിനെ വാക്കിൽ കുടുക്കി പിടികൂടി ഗവർണറുടെ അധികാരത്തിലും അധീനതയിലും ഏല്പിച്ചുകൊടുക്കുന്നതിന് അവർ ജാഗ്രതയോടെ തക്കം നോക്കിക്കൊണ്ടിരുന്നു. അതിനുവേണ്ടി നീതിമാന്മാരുടെ ഭാവം നടിക്കുന്ന ചാരന്മാരെ അവർ അയച്ചു. ആ ഒറ്റുകാർ യേശുവിനോടു ചോദിച്ചു: “ഗുരോ, അങ്ങു സത്യം സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങ് ആരുടെയും മുഖം നോക്കാതെ ദൈവത്തിന്റെ മാർഗം ശരിയായി ഉപദേശിക്കുന്നു എന്ന് ഞങ്ങൾക്കറിയാം. കൈസർക്കു കരം കൊടുക്കുന്നതു ന്യായമാണോ അല്ലയോ എന്നു പറഞ്ഞാലും. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു: “കരം കൊടുക്കാനുള്ള ഒരു നാണയം കാണിക്കുക; ആരുടെ രൂപവും ലിഖിതവുമാണ് അതിലുള്ളത്?” “കൈസറുടേത്” എന്ന് അവർ പറഞ്ഞു. “അങ്ങനെയെങ്കിൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്ന് യേശു അവരോടു പറഞ്ഞു. അങ്ങനെ ജനങ്ങളുടെ മുമ്പിൽവച്ച് യേശുവിനെ വാക്കിൽ കുടുക്കുവാൻ അവർക്കു കഴിഞ്ഞില്ല. അവിടുത്തെ മറുപടിയിൽ അവർ ആശ്ചര്യപ്പെട്ടു മൗനം അവലംബിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy