YouVersion Logo
Search Icon

LUKA 19:28-48

LUKA 19:28-48 MALCLBSI

“ഇതു പറഞ്ഞുകഴിഞ്ഞു യേശു യെരൂശലേം ലക്ഷ്യമാക്കി, അവരോടൊപ്പം മുൻപേ നടന്നു. ഒലിവുമലയ്‍ക്കടുത്തുള്ള ബേഥാന്യക്കും ബേത്ഫാഗയ്‍ക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: ‘മുമ്പിൽ കാണുന്ന ആ ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ ആരും ഇതുവരെ കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. ‘അതിനെ അഴിക്കുന്നതെന്തിന്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘ഗുരുവിന് ഇതിനെ ആവശ്യമുണ്ട്’ എന്നു പറയണം.” അവർ ചെന്നപ്പോൾ അവിടുന്നു പറഞ്ഞതുപോലെ കണ്ടു. അവർ കഴുതക്കുട്ടിയെ അഴിക്കുന്നത് അതിന്റെ ഉടമസ്ഥൻ കണ്ടപ്പോൾ “എന്തിനാണ് അതിനെ അഴിക്കുന്നത്?” എന്നു ചോദിച്ചു. “ഗുരുവിന് ഇതിനെ ആവശ്യമുണ്ട്” എന്ന് അവർ പറഞ്ഞു. അവർ അതിനെ യേശുവിന്റെ അടുത്തുകൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചശേഷം യേശുവിനെ അതിന്റെ പുറത്തു കയറ്റി ഇരുത്തി. അവിടുന്ന് മുമ്പോട്ടു നീങ്ങിയപ്പോൾ ജനങ്ങൾ തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. ഒലിവുമലയുടെ ഇറക്കത്തോടു സമീപിച്ചപ്പോൾ ശിഷ്യസമൂഹം ഒന്നടങ്കം തങ്ങൾ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികൾ മൂലം ആഹ്ലാദഭരിതരായി അത്യുച്ചത്തിൽ ദൈവത്തെ വാഴ്ത്തിപ്പാടി: “ദൈവത്തിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ! സ്വർഗത്തിൽ സമാധാനം! അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം!” ആൾക്കൂട്ടത്തിലുണ്ടായിരുന്ന ഏതാനും പരീശന്മാർ “ഗുരോ, അങ്ങയുടെ ശിഷ്യന്മാരോട് ശബ്ദിക്കരുതെന്നു കല്പിക്കുക” എന്ന് യേശുവിനോടു പറഞ്ഞു. “അവർ നിശ്ശബ്ദരായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പ്രതിവചിച്ചു. യേശു യെരൂശലേമിന്റെ സമീപം എത്തി. നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഇപ്പോഴെങ്കിലും സമാധാനത്തിന്റെ മാർഗം നീ അറിഞ്ഞിരുന്നു എങ്കിൽ! പക്ഷേ, അത് ഇപ്പോൾ നിന്റെ കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു. ദൈവം നിന്നെ രക്ഷിക്കുവാൻ വന്നുചേർന്ന അവസരം നീ തിരിച്ചറിയാഞ്ഞതുകൊണ്ട്, ശത്രുക്കൾ നിന്റെ ചുറ്റും മൺകോട്ട നിർമിച്ച്, നിന്നെ വളഞ്ഞ്, എല്ലാവശങ്ങളിൽനിന്നും നിന്നെ ഞെരുക്കുന്ന കാലം ഇതാ വരുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിലുള്ള ജനങ്ങളെയും നിശ്ശേഷം നശിപ്പിക്കുകയും അങ്ങനെ നിന്നിൽ കല്ലിന്മേൽ കല്ലു ശേഷിക്കാതിരിക്കുകയും ചെയ്യും.” യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി. “എന്റെ ഭവനം പ്രാർഥനാലയം ആയിരിക്കുമെന്ന് എഴുതപ്പെട്ടിരിക്കുന്നു; നിങ്ങളാകട്ടെ അതിനെ കൊള്ളക്കാരുടെ താവളം ആക്കിത്തീർത്തിരിക്കുന്നു” എന്ന് അവരോടു പറഞ്ഞു. അവിടുന്നു ദിവസംതോറും ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു പോന്നു. പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ജനപ്രമാണിമാരും അവിടുത്തെ അപായപ്പെടുത്തുന്നതിനുള്ള അവസരം അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ, ജനം വിട്ടുമാറാതെ അവിടുത്തെ പ്രഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാൽ എന്തെങ്കിലും ചെയ്യുന്നതിനുള്ള തക്കം അവർ കണ്ടെത്തിയില്ല.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy