YouVersion Logo
Search Icon

LUKA 19:1-27

LUKA 19:1-27 MALCLBSI

യേശു യെരിഹോവിൽ പ്രവേശിച്ചു യാത്ര തുടർന്നു. അവിടെ സഖായി എന്നൊരാളുണ്ടായിരുന്നു. ചുങ്കം പിരിവുകാരിൽ പ്രധാനിയും ധനികനുമായിരുന്നു സഖായി. യേശു ആരാണെന്നു കാണാൻ സഖായി അഭിവാഞ്ഛിച്ചു; പക്ഷേ, പൊക്കം കുറഞ്ഞവനായിരുന്നതിനാൽ ജനബാഹുല്യം മൂലം സഖായിക്ക് യേശുവിനെ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവിടുത്തെ കാണാൻ സഖായി മുമ്പേ ഓടി ഒരു കാട്ടത്തിമരത്തിൽ കയറി ഇരുന്നു. യേശുവിന് ആ വഴിയാണു കടന്നുപോകേണ്ടിയിരുന്നത്. അവിടെയെത്തിയപ്പോൾ യേശു മുകളിലേക്കു നോക്കി, “സഖായീ, വേഗം ഇറങ്ങിവരൂ, ഇന്ന് താങ്കളുടെ വീട്ടിലാണ് എനിക്കു പാർക്കേണ്ടത്” എന്നു പറഞ്ഞു. സഖായി വേഗം താഴെയിറങ്ങി യേശുവിനെ സന്തോഷപൂർവം സ്വീകരിച്ചു. ഇതു കണ്ടപ്പോൾ പാപിയായ ഒരു മനുഷ്യന്റെ അതിഥിയായിട്ടാണല്ലോ അദ്ദേഹം പോയിരിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരും പിറുപിറുത്തു. സഖായി എഴുന്നേറ്റു നിന്ന് കർത്താവിനോടു പറഞ്ഞു: “ഗുരോ, ഇതാ എന്റെ സമ്പാദ്യത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുവാൻ പോകുന്നു. ആരിൽനിന്നെങ്കിലും എന്തെങ്കിലും ഞാൻ വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലുമടങ്ങു തിരിച്ചുകൊടുക്കും.” യേശു അരുൾചെയ്തു: “ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു. ഇയാളും അബ്രഹാമിന്റെ വംശജനാണല്ലോ. നഷ്ടപ്പെട്ടുപോയതിനെ തേടിപ്പിടിച്ചു രക്ഷിക്കുവാനത്രേ മനുഷ്യപുത്രൻ വന്നത്.” അവർ യേശുവിന്റെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യേശു യെരൂശലേമിനെ സമീപിച്ചിരുന്നതുകൊണ്ടും ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്ന് അവർ കരുതിയിരുന്നതുകൊണ്ടും അവിടുന്ന് ഒരു ദൃഷ്ടാന്ത കഥ അവരോടു പറഞ്ഞു: “രാജാധികാരം പ്രാപിച്ചു തിരിച്ചുവരുന്നതിനുവേണ്ടി ഒരു പ്രഭു വിദേശത്തേക്കു പോയി. പോകുന്നതിനുമുമ്പ് അദ്ദേഹം പത്തു ഭൃത്യന്മാരെ വിളിച്ച് ഓരോ സ്വർണനാണയം കൊടുത്തശേഷം ‘ഞാൻ തിരിച്ചുവരുന്നതുവരെ ഇതുകൊണ്ടു നിങ്ങൾ വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു. ആ നാട്ടിലെ പൗരജനങ്ങൾ ആ പ്രഭുവിനെ വെറുത്തിരുന്നതുകൊണ്ട് ‘ഞങ്ങളെ ഭരിക്കുവാൻ ഈ മനുഷ്യൻ വേണ്ടാ’ എന്നു പറയുന്നതിന് അദ്ദേഹം പോയശേഷം ഒരു പ്രതിനിധിസംഘത്തെ അവർ അദ്ദേഹത്തിന്റെ പിന്നാലെ അയച്ചു. “രാജാധികാരം പ്രാപിച്ച് ആ പ്രഭു തിരിച്ചുവന്നു താൻ കൊടുത്തിരുന്ന പണംകൊണ്ട് ഓരോരുത്തനും എങ്ങനെ വ്യാപാരം ചെയ്തു എന്ന് അറിയുന്നതിന് ആ ഭൃത്യന്മാരെ വിളിക്കുവാൻ അദ്ദേഹം ആജ്ഞാപിച്ചു. ആദ്യത്തെ ആൾ വന്നു പറഞ്ഞു: ‘പ്രഭോ, അങ്ങു തന്ന സ്വർണനാണയംകൊണ്ട് ഞാൻ പത്തുകൂടി നേടിയിരിക്കുന്നു.’ അദ്ദേഹം അയാളോട് ‘കൊള്ളാം ഉത്തമനായ ഭൃത്യാ, അല്പകാര്യത്തിൽ വിശ്വസ്തനായിരുന്നതുകൊണ്ട് നീ പത്തു നഗരങ്ങളുടെ അധിപതിയായിരിക്കുക’ എന്നു പറഞ്ഞു. രണ്ടാമൻ വന്ന് ‘പ്രഭോ, അങ്ങ് എന്നെ ഏല്പിച്ച നാണയംകൊണ്ട് അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. ‘നീ അഞ്ചു നഗരങ്ങളുടെ അധിപനായിരിക്കുക’ എന്നു രാജാവ് കല്പിച്ചു. “മൂന്നാമത്തവൻ വന്ന് പ്രഭോ, ‘ഇതാ എന്നെ ഏല്പിച്ച നാണയം; ഇത് ഒരു തൂവാലയിൽ പൊതിഞ്ഞ് ഞാൻ ഭദ്രമായി സൂക്ഷിച്ചിരുന്നു. അങ്ങു വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനായതുകൊണ്ട് എനിക്ക് അങ്ങയെ ഭയമായിരുന്നു.’ രാജാവ് അവനോടു പറഞ്ഞു: ‘ദുഷ്ടഭൃത്യാ, നിന്റെ വാക്കുകളാൽത്തന്നെ നിന്നെ ഞാൻ വിധിക്കുന്നു. ഞാൻ വയ്‍ക്കാത്തത് എടുക്കുകയും വിതയ്‍ക്കാത്തതു കൊയ്യുകയും ചെയ്യുന്ന കർക്കശക്കാരനാണെന്നു നിനക്ക് അറിയാമായിരുന്നല്ലോ; എന്നിട്ട് എന്തുകൊണ്ട് എന്റെ പണം പണമിടപാടുകാരെ ഏല്പിച്ചില്ല? ഏല്പിച്ചിരുന്നെങ്കിൽ ഞാൻ മടങ്ങിവന്ന് പലിശയോടുകൂടി അതു തിരിച്ചു വാങ്ങിക്കൊള്ളുമായിരുന്നല്ലോ. “പിന്നീട് അടുത്തുനിന്നവരോട് അദ്ദേഹം കല്പിച്ചു: ‘അവന്റെ പക്കൽനിന്ന് ആ നാണയമെടുത്ത് പത്തു നാണയം നേടിയവനു കൊടുക്കുക.’ ‘പ്രഭോ, അയാൾക്കു പത്തു നാണയമുണ്ടല്ലോ’ എന്ന് അവർ പറഞ്ഞു. ‘ഞാൻ പറയുന്നു, ഉള്ളവന് പിന്നെയും നല്‌കപ്പെടും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തുകളയും.’ “എന്റെ ഭരണം ഇഷ്ടപ്പെടാത്ത എന്റെ ശത്രുക്കളെ കൊണ്ടുവന്ന് എന്റെ മുമ്പിൽ വച്ചുതന്നെ വധിക്കുക.”

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy