YouVersion Logo
Search Icon

LUKA 14:25-35

LUKA 14:25-35 MALCLBSI

ഒരു വലിയ ജനസഞ്ചയം യേശുവിന്റെ കൂടെ സഞ്ചരിച്ചിരുന്നു. അവിടുന്ന് അവരുടെ നേരെ തിരിഞ്ഞ് അരുൾചെയ്തു: “എന്നെ അനുഗമിക്കുന്ന ഒരാൾ തന്റെ മാതാവിനെയോ, പിതാവിനെയോ, ഭാര്യയെയോ, മക്കളെയോ, സഹോദരന്മാരെയോ, സഹോദരികളെയോ, എന്നല്ല സ്വന്തം ജീവനെപ്പോലുമോ എന്നെക്കാൾ അധികമായി സ്നേഹിക്കുന്നുവെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല. തന്റെ കുരിശു ചുമന്നുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല. നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിയുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ആദ്യംതന്നെ ഇരുന്ന് അതു പൂർത്തിയാക്കുവാനുള്ള വക കൈയിലുണ്ടോ എന്നു കണക്കാക്കി നോക്കുകയില്ലേ? അങ്ങനെ ചെയ്യാതെ അടിസ്ഥാനമിട്ടശേഷം പൂർത്തിയാക്കുവാൻ കഴിയാതെ വരുമ്പോൾ ‘ഈ മനുഷ്യൻ പണിയാനാരംഭിച്ചു; അതു പൂർത്തിയാക്കുവാൻ കഴിവില്ല’ എന്നു പറഞ്ഞ് കാണുന്നവരെല്ലാം അയാളെ പരിഹസിക്കും. “അല്ലെങ്കിൽ ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിനുമുമ്പ് തന്റെ പതിനായിരം ഭടന്മാരെക്കൊണ്ട് ഇരുപതിനായിരം ഭടന്മാരോടുകൂടി വരുന്ന ശത്രുവിനെ നേരിടാൻ കഴിയുമോ എന്നു നല്ലവണ്ണം ആലോചിക്കാതിരിക്കുമോ? അത് അസാധ്യമാണെങ്കിൽ ശത്രു അകലെ ആയിരിക്കുമ്പോൾത്തന്നെ, ആ രാജാവു തന്റെ പ്രതിനിധിയെ അയച്ച് സമാധാനവ്യവസ്ഥയുണ്ടാക്കുവാൻ അഭ്യർഥിക്കും. “അതുപോലെ തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനായിരിക്കുവാൻ സാധ്യമല്ല.” “ഉപ്പു നല്ലതുതന്നെ; പക്ഷേ, അതിന്റെ രസം നഷ്ടപ്പെട്ടുപോയാൽ പിന്നെ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം കൈവരുത്തും. അതു ഭൂമിക്കോ, വളത്തിനോ കൊള്ളുകയില്ല; പുറത്തുകളയുകയേ നിവൃത്തിയുള്ളൂ. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”

Free Reading Plans and Devotionals related to LUKA 14:25-35