YouVersion Logo
Search Icon

LEVITICUS 23

23
ഉത്സവങ്ങൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“നീ ഇസ്രായേൽജനത്തോടു പറയുക, വിശുദ്ധ യോഗങ്ങൾ വിളിച്ചുകൂട്ടേണ്ട സർവേശ്വരന്റെ ഉത്സവദിനങ്ങൾ ഇവയാണ്. അവയെ വിശുദ്ധ യോഗങ്ങളായി പ്രഖ്യാപിക്കണം. 3ആറു ദിവസം ജോലി ചെയ്യണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള പരിപാവനമായ ശബത്താകുന്നു. അന്ന് ഒരു ജോലിയും ചെയ്യരുത്. നിങ്ങൾ വസിക്കുന്നിടത്തെല്ലാം അതു സർവേശ്വരന്റെ ശബത്താകുന്നു.
4നിശ്ചിതകാലത്ത് വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടേണ്ട ഉത്സവദിനങ്ങൾ ഇവയാണ്.
പെസഹാപെരുന്നാൾ
(സംഖ്യാ. 28:16-25)
5ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം സർവേശ്വരന്റെ പെസഹ ആചരിക്കണം. 6പതിനഞ്ചാം ദിവസം സർവേശ്വരനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ്. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. 7ഒന്നാം ദിവസം വിശുദ്ധസഭ കൂടണം. അന്നു ദിനംതോറുമുള്ള തൊഴിലുകളൊന്നും ചെയ്യരുത്. 8ഏഴു ദിവസവും സർവേശ്വരന് ഹോമയാഗം അർപ്പിക്കണം. ഏഴാം ദിവസം വിശുദ്ധസഭ കൂടാനുള്ള ദിവസമായതുകൊണ്ടു കഠിനാധ്വാനം ചെയ്യരുത്.
9സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 10ഇസ്രായേലിന്റെ ജനത്തോടു പറയുക, ഞാൻ നല്‌കുന്ന ദേശത്തു നിങ്ങൾ ചെന്നു വിളവ് കൊയ്യുമ്പോൾ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 11ദൈവം നിങ്ങളിൽ പ്രസാദിക്കാൻ ശബത്തു കഴിഞ്ഞു വരുന്ന ദിവസം ആ കറ്റ അവിടുത്തെ സന്നിധിയിൽ നീരാജനം ചെയ്യണം. 12കറ്റ നീരാജനം ചെയ്യുന്ന ദിവസംതന്നെ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ഒരു ആണാടിനെ സർവേശ്വരനു ഹോമയാഗമായി അർപ്പിക്കണം. 13അതോടൊപ്പം രണ്ടിടങ്ങഴി നേരിയ മാവ് എണ്ണ ചേർത്ത് ധാന്യയാഗമായി അർപ്പിക്കണം. ആ ദഹനയാഗത്തിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. പാനീയയാഗമായി നാഴി വീഞ്ഞും അർപ്പിക്കണം. 14നിങ്ങളുടെ ദൈവത്തിനുള്ള വഴിപാട് അർപ്പിക്കുന്നതുവരെ ധാന്യമണികളോ, അപ്പമോ, മലരോ, ഭക്ഷിക്കരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി എന്നും ആചരിക്കേണ്ട ചട്ടമാകുന്നു ഇത്.
വിളവെടുപ്പുത്സവം
(സംഖ്യാ. 28:26-31)
15കറ്റ നീരാജനം ചെയ്ത ശബത്തിന്റെ പിറ്റേദിവസം മുതൽ ഏഴ് ആഴ്ചകൾ കണക്കാക്കണം. 16ഏഴാമത്തെ ശബത്തിന്റെ പിറ്റേ ദിവസമായ അമ്പതാം ദിവസം പുതിയ ധാന്യംകൊണ്ടു സർവേശ്വരനു ധാന്യയാഗം കഴിക്കണം. 17നിങ്ങളുടെ വീടുകളിൽനിന്നു രണ്ടിടങ്ങഴി നേരിയ മാവ് പുളിപ്പിച്ചുണ്ടാക്കിയ ഈരണ്ടപ്പം സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്യാൻ ആദ്യഫലമായി അർപ്പിക്കണം. 18അപ്പത്തോടുകൂടി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ ഏഴ് ആട്ടിൻകുട്ടികളെയും ഒരു കാളക്കുട്ടിയെയും രണ്ട് ആണാടിനെയും സർവേശ്വരന് ഹോമയാഗമായി അർപ്പിക്കണം. അതോടൊപ്പം അർപ്പിക്കുന്ന ധാന്യവഴിപാടും പാനീയയാഗവും സർവേശ്വരന് പ്രസാദകരമായ സൗരഭ്യദഹനയാഗമായിരിക്കും. 19ഒരു ആൺകോലാടിനെ പാപപരിഹാരത്തിനായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആണാടുകളെ സമാധാനയാഗത്തിനായും അർപ്പിക്കണം. 20അവയെ ആദ്യവിളവിൽനിന്ന് ഉണ്ടാക്കിയ അപ്പത്തോടും രണ്ട് ആട്ടിൻകുട്ടികളോടും കൂടി സർവേശ്വരനു നീരാജനം ചെയ്യണം. സർവേശ്വരസന്നിധിയിൽ വിശുദ്ധമായ അവ പുരോഹിതന്മാർക്കുള്ളതാണ്. 21അന്നുതന്നെ നിങ്ങൾ വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു കഠിനാധ്വാനം ചെയ്യരുത്. നിങ്ങൾ എവിടെ വസിച്ചാലും തലമുറകളായി പാലിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്.
22നിലം കൊയ്യുമ്പോൾ അരികു തീർത്തു കൊയ്യരുത്. കാലാ പെറുക്കുകയുമരുത്. അവ നിങ്ങളുടെ ഇടയിലുള്ള ദരിദ്രർക്കും പരദേശികൾക്കുമുള്ളതാണ്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.”
പുതുവത്സരദിനം
(സംഖ്യാ. 29:1-6)
23സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 24“ഇസ്രായേൽജനത്തോടു പറയുക, ഏഴാം മാസത്തിലെ ഒന്നാം ദിവസം ശബത്തായി ആചരിക്കണം. കാഹളധ്വനിയോടുകൂടി ഈ അനുസ്മരണദിനത്തിൽ നിങ്ങൾ വിശുദ്ധസഭ കൂടണം. 25അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്, സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം.”
പാപപരിഹാരദിനം
(സംഖ്യാ. 29:7-11)
26സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 27“ഏഴാം മാസം പത്താം ദിവസം പാപപരിഹാരദിനമാകുന്നു. അന്ന് നിങ്ങൾ ഉപവസിക്കുകയും നിശ്ചിതസഭ കൂടുകയും സർവേശ്വരനു ദഹനയാഗം അർപ്പിക്കുകയും വേണം. 28നിങ്ങളുടെ പാപങ്ങൾക്കു നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മുമ്പാകെ പരിഹാരം അനുഷ്ഠിക്കാൻ നിശ്ചയിച്ചിട്ടുള്ള ദിനമായതുകൊണ്ട് അന്ന് ഒരു ജോലിയും ചെയ്യരുത്. 29ആരെങ്കിലും അന്ന് ഉപവസിക്കാതിരുന്നാൽ അവനെ സ്വജനങ്ങളുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. 30അന്നു ജോലി ചെയ്യുന്നവനെ ഞാൻ സ്വജനങ്ങളുടെ ഇടയിൽനിന്ന് ഉന്മൂലനം ചെയ്യും. 31അന്നു ജോലി ചെയ്യരുതെന്ന ചട്ടം, നിങ്ങൾ വസിക്കുന്നിടത്തെല്ലാം തലമുറകളായി എന്നേക്കും പാലിക്കണം. 32അതു നിങ്ങളുടെ പരിപാവനമായ ശബത്താണ്; ആ മാസം ഒമ്പതാം ദിവസം സന്ധ്യമുതൽ പിറ്റന്നാൾ സന്ധ്യവരെ നിങ്ങൾ ഉപവസിക്കുകയും ശബത്ത് ആചരിക്കുകയും ചെയ്യണം.”
കൂടാരപ്പെരുന്നാൾ
(സംഖ്യാ. 29:12-40)
33സർവേശ്വരൻ വീണ്ടും മോശയോട് അരുളിച്ചെയ്തു: 34“ഇസ്രായേൽജനത്തോടു പറയുക. ഏഴാം മാസത്തിലെ പതിനഞ്ചാം ദിവസംമുതൽ ഏഴു ദിവസം സർവേശ്വരന്റെ കൂടാരപ്പെരുന്നാൾ ആകുന്നു. 35ഒന്നാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടണം. അന്നു സാധാരണ ജോലികളൊന്നും ചെയ്യരുത്. 36ഏഴു ദിവസവും ദഹനയാഗം അർപ്പിക്കണം. എട്ടാം ദിവസം വിശുദ്ധസഭ വിളിച്ചുകൂട്ടി ദഹനയാഗം അർപ്പിക്കണം. അന്നു കഠിനമായ ജോലികളൊന്നും ചെയ്യരുത്.
37സർവേശ്വരന്റെ ശബത്ത് ആചരിക്കുക, അവിടുത്തേക്ക് വഴിപാടുകളും നേർച്ചകളും സ്വമേധാദാനങ്ങളും അർപ്പിക്കുക എന്നിവ കൂടാതെ, 38അതതു ദിനത്തിൽ ദഹനയാഗങ്ങളും ഹോമയാഗങ്ങളും ധാന്യയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുകയും വിശുദ്ധയോഗങ്ങളായി നിങ്ങൾ വിളിച്ചുകൂട്ടുകയും ചെയ്യേണ്ട ഉത്സവദിനങ്ങൾ ഇവയാണ്.
39ഏഴാം മാസം പതിനഞ്ചാം ദിവസം വിളവെടുപ്പു കഴിഞ്ഞാൽ ഏഴു ദിവസത്തേക്കു സർവേശ്വരന് ഉത്സവം ആചരിക്കണം. ഒന്നാം ദിവസവും എട്ടാം ദിവസവും വിശുദ്ധ ശബത്തായി ആചരിക്കണം. 40അന്നു ഹൃദ്യമായ പഴങ്ങളും ഈന്തപ്പനകുരുത്തോലയും ഇലകൾ നിറഞ്ഞ മരച്ചില്ലകളും ആറ്റലരിവൃക്ഷക്കൊമ്പുകളും കൈയിലേന്തണം. ഏഴു ദിവസം ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ സന്തോഷിച്ചുല്ലസിക്കുക. 41വർഷംതോറും ഏഴാം മാസത്തിൽ ഏഴു ദിവസം സർവേശ്വരന് ഈ ഉത്സവം ആചരിക്കണം. ഇതു നിങ്ങളുടെ സകല തലമുറകളും എല്ലാക്കാലത്തും പാലിക്കാനുള്ള നിയമമാകുന്നു. 42ഇസ്രായേല്യർ സകലരും ഏഴു ദിവസം കൂടാരങ്ങളിൽ പാർക്കണം. 43ഈജിപ്തിൽനിന്നു ഞാൻ ഇസ്രായേൽജനത്തെ വിമോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അവരെ കൂടാരങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്നു നിങ്ങളുടെ ഓരോ തലമുറയും അറിയണം. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.” 44സർവേശ്വരന്റെ നിർദ്ദിഷ്ട ഉത്സവദിനങ്ങൾ ഏതെല്ലാമെന്നു മോശ ഇങ്ങനെ ഇസ്രായേൽജനത്തെ അറിയിച്ചു.

Currently Selected:

LEVITICUS 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy