YouVersion Logo
Search Icon

LEVITICUS 16

16
പാപപരിഹാരദിനം
1അഹരോന്റെ രണ്ടു പുത്രന്മാർ സർവേശ്വരസന്നിധിയിൽ പ്രവേശിച്ചതുമൂലം മരിച്ചു. ഈ സംഭവത്തിനു ശേഷം സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“നിന്റെ സഹോദരനായ അഹരോനോട് അവൻ മരിക്കാതിരിക്കേണ്ടതിനു തിരശ്ശീലയ്‍ക്കു പിന്നിൽ പെട്ടകമിരിക്കുന്ന വിശുദ്ധസ്ഥലത്ത് എല്ലായ്പോഴും വരരുതെന്നു പറയുക. അവിടെയാണല്ലോ ഞാൻ മേഘത്തിൽ പെട്ടകത്തിന്റെ മൂടിയുടെ മീതെ പ്രത്യക്ഷപ്പെടുന്നത്. 3പാപപരിഹാരയാഗത്തിനുള്ള കാളക്കുട്ടി, ഹോമയാഗത്തിനുള്ള മുട്ടാട് എന്നിവയോടുകൂടി അഹരോന് വിശുദ്ധസ്ഥലത്തു പ്രവേശിക്കാം. 4അവൻ കുളിച്ചുവന്ന് ലിനൻകൊണ്ടു നിർമ്മിച്ച വിശുദ്ധഅങ്കി, കാൽച്ചട്ട, അരക്കെട്ട്, തലപ്പാവ് എന്നിവ ധരിക്കണം. ഇവ വിശുദ്ധവസ്ത്രങ്ങളാണല്ലോ. 5പാപപരിഹാരയാഗത്തിനായി രണ്ട് ആൺകോലാടുകളെയും ഹോമയാഗത്തിനായി ഒരു ആൺചെമ്മരിയാടിനെയും ഇസ്രായേൽസമൂഹത്തിൽനിന്ന് അവൻ സ്വീകരിക്കണം. 6അഹരോൻ തന്റെ പാപങ്ങൾക്കുള്ള പരിഹാരത്തിനായി കാളക്കുട്ടിയെ അർപ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കണം. 7ആൺകോലാടുകൾ രണ്ടിനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ സർവേശ്വരസന്നിധിയിൽ അഹരോൻ കൊണ്ടുവരണം. 8അവയിൽ ഒന്നിനെ സർവേശ്വരനും മറ്റതിനെ #16:8 അസസേൽ = ജനത്തിന്റെ പാപം മുഴുവൻ ആടിന്റെമേൽ ചുമത്തി ഇനി ഒരിക്കലും മടങ്ങി വരാത്തവിധം അതിനെ അയയ്‍ക്കുന്ന ചടങ്ങ്. വിജനസ്ഥലത്തുള്ള സത്വമായും സങ്കല്പമുണ്ട്. അസസേലിനും വേണ്ടി കുറിയിട്ടു വേർതിരിക്കണം. 9സർവേശ്വരനു കുറിവീണ ആടിനെ പാപപരിഹാരയാഗമായി അർപ്പിക്കണം. 10എന്നാൽ അസസേലിനു കുറിവീണ ആടിനെ പ്രായശ്ചിത്തമായി സർവേശ്വരസന്നിധിയിൽ ജീവനോടെ സമർപ്പിച്ചതിനു ശേഷം അസസേലിനായി വിജനദേശത്തേക്കു വിട്ടയയ്‍ക്കണം. 11അഹരോൻ കാളക്കുട്ടിയെ തനിക്കുവേണ്ടി പാപപരിഹാരയാഗമായി അർപ്പിക്കണം; അങ്ങനെ തനിക്കും കുടുംബത്തിനും വേണ്ടി പ്രായശ്ചിത്തം ചെയ്യണം. പാപപരിഹാരയാഗമായി അതിനെ കൊല്ലണം. 12അവൻ സർവേശ്വരസന്നിധിയിൽ യാഗപീഠത്തിലുള്ള തീക്കനൽ ഒരു ധൂപകലശത്തിൽ നിറച്ചതും രണ്ടുപിടി പൊടിച്ച കുന്തുരുക്കവുമായി തിരശ്ശീലയ്‍ക്കുള്ളിലെ മന്ദിരത്തിൽ പ്രവേശിക്കണം. 13സർവേശ്വരസന്നിധിയിൽ വച്ച് അഹരോൻ ധൂപകലശത്തിൽ കുന്തുരുക്കം ഇടണം. ധൂമപടലം ഉയർന്ന് സാക്ഷ്യപെട്ടകത്തിന്റെ മൂടി മറയ്‍ക്കട്ടെ. അങ്ങനെ ചെയ്താൽ അയാൾ മരിക്കയില്ല. 14കാളയുടെ രക്തത്തിൽ കുറെയെടുത്തു കൈവിരൽകൊണ്ട് പെട്ടകത്തിന്റെ മൂടിയുടെ മുൻഭാഗത്തു തളിക്കണം; പെട്ടകത്തിന്റെ മുമ്പിലും കൈവിരൽകൊണ്ട് ഏഴു പ്രാവശ്യം തളിക്കണം. 15പിന്നീട് അഹരോൻ ജനത്തിനുവേണ്ടി പാപപരിഹാരയാഗത്തിനുള്ള ആടിനെ കൊന്ന് അതിന്റെ രക്തം തിരശ്ശീലയ്‍ക്കുള്ളിൽ കൊണ്ടുവരണം. കാളയുടെ രക്തം തളിച്ചതുപോലെ പെട്ടകത്തിന്റെ മൂടിയുടെ മീതെയും മുമ്പിലും തളിക്കണം. 16അങ്ങനെ ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്നും അവരുടെ സകല പാപത്തിനും കാരണമായ തിന്മകളിൽനിന്നും വിശുദ്ധസ്ഥലത്തെ ശുദ്ധീകരിക്കാനുള്ള പ്രായശ്ചിത്തം ചെയ്യണം. അശുദ്ധിയുള്ള ജനത്തിന്റെ മധ്യേ ആയതിനാൽ തിരുസാന്നിധ്യകൂടാരത്തിനുവേണ്ടിയും അങ്ങനെ പ്രായശ്ചിത്തം ചെയ്യണം. 17അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിക്കുന്നതുമുതൽ തനിക്കും കുടുംബത്തിനും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്തു പുറത്തിറങ്ങുന്നതുവരെ തിരുസാന്നിധ്യകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്. 18പിന്നീട് അയാൾ യാഗപീഠത്തിന്റെ അടുക്കൽ സർവേശ്വരസന്നിധിയിൽ ചെന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. കാളയുടെയും കോലാടിന്റെയും രക്തത്തിൽ കുറെയെടുത്തു യാഗപീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടണം. 19കൈവിരൽകൊണ്ടു രക്തം ഏഴു പ്രാവശ്യം തളിച്ച് ഇസ്രായേൽജനത്തിന്റെ അശുദ്ധിയിൽനിന്ന് അതിനെ ശുചിയാക്കി പവിത്രീകരിക്കണം.
ബലിയാട്
20വിശുദ്ധസ്ഥലത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും വേണ്ടിയുള്ള പ്രായശ്ചിത്തം പൂർത്തിയാക്കിയ ശേഷം ജീവനുള്ള കോലാടിനെ കൊണ്ടുവരണം. 21അഹരോൻ രണ്ടു കൈകളും അതിന്റെ തലയിൽ വച്ച് ഇസ്രായേൽജനത്തിന്റെ സകല അകൃത്യങ്ങളും അതിക്രമങ്ങളും ഏറ്റുപറഞ്ഞ് അവ കോലാടിന്റെമേൽ ചുമത്തി തയ്യാറായി നില്‌ക്കുന്ന ആൾവശം അതിനെ വിജനപ്രദേശത്തേക്ക് അയയ്‍ക്കണം. 22ആ കോലാട് അവരുടെ അകൃത്യങ്ങൾ മുഴുവൻ വഹിച്ചുകൊണ്ടു വിജനസ്ഥലത്തേക്കു പോകണം. ആടിനെ കൊണ്ടുപോയ ആൾ അതിനെ വിജനസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങണം. 23അതിനുശേഷം അഹരോൻ തിരുസാന്നിധ്യകൂടാരത്തിൽ ചെന്ന്, വിശുദ്ധസ്ഥലത്തു പ്രവേശിച്ചപ്പോൾ ധരിച്ചിരുന്ന ലിനൻവസ്ത്രങ്ങൾ അവിടെ അഴിച്ചുവയ്‍ക്കണം. 24വിശുദ്ധസ്ഥലത്തു വച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തനിക്കും ജനത്തിനും വേണ്ടി ഹോമയാഗം അർപ്പിച്ച് പ്രായശ്ചിത്തം കഴിക്കണം. 25പാപപരിഹാരയാഗത്തിനുള്ള മൃഗത്തിന്റെ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം. 26അസസേലിന്റെ അടുക്കലേക്കു കോലാടിനെ കൊണ്ടുപോയ ആൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ. 27വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം ചെയ്യുന്നതിനുവേണ്ടി കൊന്നു രക്തമെടുത്തു പാപപരിഹാരയാഗമൃഗങ്ങളായ കാളയെയും കോലാടിനെയും പാളയത്തിനു പുറത്തു കൊണ്ടുപോയി അവയുടെ തോലും മാംസവും ചാണകവും ദഹിപ്പിക്കണം. 28അവയെ ദഹിപ്പിക്കുന്നയാൾ വസ്ത്രം അലക്കി കുളിച്ചശേഷമേ പാളയത്തിൽ പ്രവേശിക്കാവൂ.
വീണ്ടെടുപ്പു ദിനാചരണം
29ഇവ നിങ്ങൾ പാലിക്കേണ്ട ശാശ്വതനിയമമായിരിക്കണം: ഏഴാം മാസത്തിന്റെ പത്താം ദിവസം നിങ്ങളോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന വിദേശികളോ ഒരു ജോലിയും ചെയ്യരുത്. 30അന്നു നിങ്ങൾ ഉപവസിക്കണം. നിങ്ങൾ എല്ലാവരും എല്ലാ പാപങ്ങളിൽനിന്നും മോചനം ലഭിച്ച് ദൈവസന്നിധിയിൽ ശുദ്ധിയോടെ നില്‌ക്കാൻ പ്രായശ്ചിത്തം അനുഷ്ഠിക്കുന്ന ദിനമാണത്. 31ഉപവാസം അനുഷ്ഠിക്കേണ്ട അതിവിശുദ്ധ ശബത്താകുന്നു അന്ന്. ഈ ചട്ടങ്ങൾ നിങ്ങൾ എല്ലാക്കാലവും അനുസരിക്കണം. 32സ്വന്തപിതാവിന്റെ സ്ഥാനത്ത് അഭിഷിക്തനായി പ്രതിഷ്ഠിക്കപ്പെടുന്ന പുരോഹിതൻ വിശുദ്ധമായ ലിനൻവസ്ത്രം ധരിച്ചുകൊണ്ട് പ്രായശ്ചിത്തകർമം നിർവഹിക്കണം. 33വിശുദ്ധമന്ദിരത്തിനും തിരുസാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും ഇസ്രായേൽസമൂഹത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം. 34ഇസ്രായേൽജനത്തെ സകല പാപങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇതു വർഷത്തിൽ ഒരിക്കൽ അനുഷ്ഠിക്കണം. ഈ ചട്ടങ്ങൾ എല്ലാക്കാലത്തും അനുസരിക്കേണ്ടതാണ്. സർവേശ്വരൻ കല്പിച്ചതുപോലെ മോശ പ്രവർത്തിച്ചു.

Currently Selected:

LEVITICUS 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy