YouVersion Logo
Search Icon

LEVITICUS 13

13
ത്വക്ക് രോഗങ്ങളെ സംബന്ധിച്ച ചട്ടങ്ങൾ
1സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“നിങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ കുഷ്ഠരോഗ ലക്ഷണം പോലെയുള്ള വീക്കമോ, തടിപ്പോ, വെളുത്ത പുള്ളിയോ കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അയാളുടെ പുത്രന്മാരായ പുരോഹിതന്മാരിൽ ആരുടെയെങ്കിലുമോ അടുക്കൽ കൊണ്ടുവരണം. 3പുരോഹിതൻ രോഗലക്ഷണം കണ്ട ഭാഗം പരിശോധിക്കണം. അവിടെയുള്ള രോമം വെളുത്തും ചുറ്റുമുള്ള ഭാഗത്തെക്കാൾ അവിടം കുഴിഞ്ഞും കണ്ടാൽ രോഗം കുഷ്ഠമാണ്. പരിശോധനയ്‍ക്കുശേഷം പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. 4ആ ഭാഗം വെളുത്തതെങ്കിലും പാട് കുഴിയാതെയും രോമം വെളുക്കാതെയും കണ്ടാൽ പുരോഹിതൻ അയാളെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. 5ഏഴാം ദിവസം പുരോഹിതൻ അയാളെ വീണ്ടും പരിശോധിക്കണം. രോഗം ത്വക്കിൽ വ്യാപിക്കാതെ പൂർവസ്ഥിതിയിൽ നില്‌ക്കുന്നു എന്നു ബോധ്യമായാൽ ഏഴു ദിവസത്തേക്കുകൂടി അയാളെ മാറ്റി പാർപ്പിക്കണം. 6എന്നാൽ ഏഴാം ദിവസം അയാളെ വീണ്ടും പരിശോധിക്കുമ്പോൾ പാണ്ട് ത്വക്കിൽ വ്യാപിക്കാതെ മങ്ങിയിരിക്കുന്നതായി കണ്ടാൽ അയാൾ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം. അത് ഒരു തടിപ്പു മാത്രമാണ്. അയാൾ വസ്ത്രം അലക്കി ശുദ്ധി പ്രാപിക്കണം. 7പരിശോധനയിൽ ശുദ്ധിയുള്ളവനെന്നു കണ്ടശേഷം തടിപ്പ് ത്വക്കിൽ വ്യാപിച്ചാൽ അയാൾ വീണ്ടും പുരോഹിതനെ സമീപിക്കണം. 8പരിശോധനയിൽ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.
9കുഷ്ഠം ബാധിച്ചവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം. 10പുരോഹിതൻ അവനെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തടിപ്പു കാണുകയും അവിടത്തെ രോമം വെളുത്തിരിക്കുകയും പച്ചമാംസം എഴുന്നിരിക്കുകയും ചെയ്താൽ, 11അതു പഴകിയ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അശുദ്ധനെന്നു തീർച്ചയായതിനാൽ അവനെ നിരീക്ഷണത്തിനായി മാറ്റി പാർപ്പിക്കേണ്ടതില്ല. 12ത്വക്ക്‍രോഗം പടർന്ന് അടിമുടി വ്യാപിച്ചതായി കണ്ടാൽ പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കണം. 13രോഗം ശരീരമാസകലം വ്യാപിച്ചിട്ടുണ്ടെങ്കിൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവന്റെ ത്വക്കു മുഴുവൻ വെളുപ്പു വ്യാപിച്ചിരിക്കുന്നതിനാൽ അവൻ ശുദ്ധിയുള്ളവനാണ്. 14എന്നാൽ അവന്റെ തടിപ്പിൽ പച്ചമാംസം എഴുന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. 15പുരോഹിതൻ അവന്റെ തടിപ്പിലെ എഴുന്ന മാംസം പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. എഴുന്ന മാംസം അശുദ്ധമാണ്. അതു കുഷ്ഠരോഗംതന്നെ. 16എന്നാൽ വ്രണം കരിഞ്ഞു വെള്ളനിറമായിത്തീർന്നാൽ അവൻ പുരോഹിതന്റെ അടുക്കൽ ചെല്ലണം. 17പരിശോധനയിൽ എഴുന്ന മാംസം കരിഞ്ഞു വെളുപ്പ് മാത്രമായിത്തീർന്നു എന്നു പുരോഹിതൻ കണ്ടാൽ അവനെ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ ശുദ്ധിയുള്ളവൻതന്നെ.
18-19ത്വക്കിൽ ഉണ്ടായിരുന്ന പരു കരിഞ്ഞ സ്ഥാനത്ത് വെളുത്തതോ, ചുവപ്പുകലർന്ന വെള്ളയോ ആയ പാട് ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കണം. 20പുരോഹിതൻ അതു പരിശോധിക്കുമ്പോൾ പാട് ത്വക്കിനെക്കാൾ കുഴിഞ്ഞും അവിടത്തെ രോമം വെളുത്തും കണ്ടാൽ അയാളെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠമാണ്. 21എന്നാൽ രോമം വെളുക്കുകയോ പാട് ത്വക്കിനെക്കാൾ കുഴിയുകയോ ചെയ്യാതെ നിറം മങ്ങിക്കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. 22പാട് വ്യാപിക്കുന്നതായി കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അവൻ കുഷ്ഠരോഗബാധിതനാണ്. 23എന്നാൽ അതു വ്യാപിക്കാതെയിരുന്നാൽ വ്രണം കരിഞ്ഞ പാടുമാത്രമാണ്. അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം.
24-25ശരീരത്തിൽ പൊള്ളൽ ഏറ്റിട്ട് ആ ഭാഗത്തെ മാംസം വെള്ളനിറമോ, ചുവപ്പുകലർന്ന വെള്ളനിറമോ ആയാൽ പുരോഹിതൻ അവനെ പരിശോധിക്കണം. അവിടത്തെ രോമം വെളുത്തും അവിടം ത്വക്കിനെക്കാൾ കുഴിഞ്ഞും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാണ്. 26പുരോഹിതന്റെ പരിശോധനയിൽ തടിപ്പിലെ രോമത്തിന്റെ നിറം വെളുത്തും തടിപ്പ് ചുറ്റുമുള്ള ത്വക്കിനെക്കാൾ കുഴിവുള്ളതാകാതെയും നിറം മങ്ങിയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. 27ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ തടിപ്പ് ത്വക്കിൽ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠരോഗമാകുന്നു. 28എന്നാൽ പാണ്ട് വ്യാപിക്കാതെ പൂർവസ്ഥിതിയിലും നിറം മങ്ങിയും കാണപ്പെട്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ തടിപ്പാണ്. പുരോഹിതൻ അവനെ ശുദ്ധനെന്നു പ്രഖ്യാപിക്കണം.
29പുരുഷന്റെയോ സ്‍ത്രീയുടെയോ തലയിലോ താടിയിലോ വ്രണം കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. 30അതു കുഴിഞ്ഞും അവിടത്തെ രോമം നേർത്ത് മഞ്ഞയായും കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അത് ചിരങ്ങ് അഥവാ തലയിലോ, താടിയിലോ ഉണ്ടാകുന്ന കുഷ്ഠമാകുന്നു. 31പുരോഹിതന്റെ പരിശോധനയിൽ അവിടം കുഴിയാതെയും അതിന്മേൽ കറുത്ത രോമം ഇല്ലാതെയും ഇരുന്നാൽ അവനെ ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. 32-33ഏഴാം ദിവസം പുരോഹിതൻ പരിശോധിക്കുമ്പോൾ അതു വ്യാപിക്കാതെയും മഞ്ഞരോമം ഇല്ലാതെയും ത്വക്കിനെക്കാൾ കുഴിയാതെയും കണ്ടാൽ ചിരങ്ങുള്ള ഭാഗമൊഴിച്ച് അവൻ ക്ഷൗരം ചെയ്യണം. പിന്നീടു പുരോഹിതൻ അവനെ വീണ്ടും ഏഴു ദിവസത്തേക്കു മാറ്റി പാർപ്പിക്കണം. 34ഏഴാം ദിവസം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ ചിരങ്ങ് ത്വക്കിൽ വ്യാപിക്കാതെയും, അവിടം മറ്റു ഭാഗത്തെക്കാൾ കുഴിയാതെയും കണ്ടാൽ അവൻ ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കണം. അവൻ വസ്ത്രം അലക്കി ശുദ്ധി വരുത്തണം. 35ശുദ്ധിയുള്ളവനെന്നു പ്രഖ്യാപിക്കപ്പെട്ടശേഷം ചിരങ്ങ് ത്വക്കിൽ വ്യാപിക്കുകയാണെങ്കിൽ പുരോഹിതൻ അവനെ പരിശോധിക്കണം. 36ചിരങ്ങ് വ്യാപിക്കുന്നതു കണ്ടാൽ അതിൽ മഞ്ഞരോമം ഉണ്ടോ എന്നു നോക്കേണ്ടതില്ല. അവൻ അശുദ്ധൻ തന്നെ. 37എന്നാൽ ചിരങ്ങിന്റെ വളർച്ച നിലച്ച് അതിൽ കറുത്ത രോമം വളർന്നു തുടങ്ങിയാൽ അതു കരിഞ്ഞതായി കരുതി അവൻ ശുദ്ധിയുള്ളവനെന്നു പുരോഹിതൻ പ്രഖ്യാപിക്കണം.
38പുരുഷന്റെയോ സ്‍ത്രീയുടെയോ ശരീരത്തിൽ എവിടെയെങ്കിലും വെളുത്ത പാണ്ടു കണ്ടാൽ പുരോഹിതൻ അതു പരിശോധിക്കണം. 39മങ്ങിയ വെള്ളപ്പാണ്ടാണെങ്കിൽ തൊലിപ്പുറമേ ഉണ്ടാകുന്ന ചുണങ്ങായതുകൊണ്ട് അയാൾക്ക് അശുദ്ധിയില്ല.
40തലമുടി കൊഴിഞ്ഞ് കഷണ്ടി വരുന്നതുകൊണ്ട് ഒരുവൻ അശുദ്ധനായിത്തീരുന്നില്ല. 41തലയുടെ മുൻഭാഗത്ത് മുടി കൊഴിയുന്നതു കഷണ്ടിയാണ്. അതിന് അശുദ്ധിയില്ല. 42എന്നാൽ കഷണ്ടിയിൽ ചുവപ്പു കലർന്ന വെള്ളപ്പാണ്ടുണ്ടായാൽ അതു കഷണ്ടിയിൽ ഉണ്ടാകുന്ന കുഷ്ഠമാണ്. 43പുരോഹിതൻ അവനെ പരിശോധിക്കണം. ശരീരത്തിലെ കുഷ്ഠരോഗലക്ഷണങ്ങൾപോലെ ചുവപ്പു കലർന്ന വെള്ളപ്പാണ്ട് കഷണ്ടിയിൽ കണ്ടാൽ അവൻ കുഷ്ഠരോഗിയാണ്; അശുദ്ധനുമാണ്. 44പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം.
45കുഷ്ഠരോഗി കീറിയ വസ്ത്രം ധരിച്ച് മുടി ചീകാതെ മേൽച്ചുണ്ടു മറച്ചു പിടിച്ചുകൊണ്ട്, ‘അശുദ്ധൻ, അശുദ്ധൻ’ എന്നു വിളിച്ചുപറയണം. 46രോഗമുള്ള കാലമെല്ലാം അവൻ അശുദ്ധനാണ്. അതുകൊണ്ട് അവൻ പാളയത്തിനു പുറത്തു തനിച്ചു പാർക്കണം.
വസ്ത്രങ്ങളിലെ കരിമ്പൻ
47-49കമ്പിളിയോ ചണമോ കൊണ്ടുള്ള വസ്ത്രത്തിന്റെ ഊടിലോ പാവിലോ, തുകൽകൊണ്ടുള്ള വസ്തുക്കൾ എന്നിവയിലോ, ഇളംപച്ചയോ ഇളംചുവപ്പോ നിറമുള്ള പാടു കണ്ടാൽ അതു പടരുന്ന കരിമ്പനാണ്. അതു പുരോഹിതനെ കാണിക്കണം. 50പുരോഹിതൻ പരിശോധിച്ചശേഷം പാടുണ്ടായിരുന്ന വസ്തു ഏഴു ദിവസത്തേക്കു പ്രത്യേകം അടച്ചു സൂക്ഷിക്കണം. 51ഏഴാം ദിവസം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ വസ്ത്രത്തിൽ ഊടിലോ, പാവിലോ, തുകലിലോ, തുകൽകൊണ്ടുള്ള വസ്തുവിലോ ആകട്ടെ, കരിമ്പൻ പടർന്നതായി കണ്ടാൽ അത് അശുദ്ധമാണ്. 52പുരോഹിതൻ അങ്ങനെയുള്ള വസ്ത്രങ്ങൾ കമ്പിളിയോ, ചണമോ, തുകലോ, തുകലുകൊണ്ടുണ്ടാക്കിയതോ ആകട്ടെ കത്തിച്ചുകളയണം. 53,54പുരോഹിതൻ പരിശോധിക്കുമ്പോൾ വസ്ത്രത്തിന്റെ ഊടിലോ, പാവിലോ, തുകൽസാധനത്തിലോ, കരിമ്പൻ വ്യാപിക്കുന്നില്ലെന്നു കണ്ടാൽ, അതു കഴുകി ശുദ്ധിയാക്കിയശേഷം ഏഴു ദിവസം അടച്ചു സൂക്ഷിക്കാൻ കല്പിക്കണം. 55കഴുകിയശേഷം പുരോഹിതൻ അതു പരിശോധിക്കുമ്പോൾ കരിമ്പൻ പടർന്നിട്ടില്ലെങ്കിലും അതിനു നിറഭേദം വന്നിട്ടില്ലെങ്കിൽ അത് അശുദ്ധമാണ്. കരിമ്പൻ, വസ്ത്രത്തിന്റെ അകത്തോ പുറത്തോ ആയാലും അതു ദഹിപ്പിച്ചുകളയണം. 56എന്നാൽ കഴുകിക്കഴിഞ്ഞു പരിശോധിക്കുമ്പോൾ കരിമ്പന്റെ നിറം മങ്ങിയതായി കണ്ടാൽ തുകലിന്റെയോ വസ്ത്രത്തിന്റെ ഊടിന്റെയോ, പാവിന്റെയോ ആ ഭാഗം കീറിക്കളയണം. 57വസ്ത്രത്തിന്റെ ഊടിലോ പാവിലോ തുകൽസാധനങ്ങളുടെ ഏതെങ്കിലും ഭാഗത്തോ കരിമ്പൻ വ്യാപിക്കുന്നതു കണ്ടാൽ ആ സാധനം ദഹിപ്പിച്ചുകളയണം. 58കഴുകിയതിനുശേഷം വസ്ത്രത്തിൽ നിന്നായാലും തുകൽസാധനത്തിൽ നിന്നായാലും കരിമ്പൻ മാറിയിരിക്കുന്നതായി കണ്ടാൽ അതു വീണ്ടും കഴുകണം. 59അപ്പോൾ അതു ശുദ്ധമാകും. ചണമോ കമ്പിളിയോകൊണ്ട് ഉണ്ടാക്കിയ വസ്ത്രത്തിലും, തോലുകൊണ്ട് ഉണ്ടാക്കിയ ഏതെങ്കിലും സാധനത്തിലും ഉണ്ടാകുന്ന കരിമ്പൻ ശുദ്ധമോ അശുദ്ധമോ എന്നു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങളാണ് ഇവ”.

Currently Selected:

LEVITICUS 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy