YouVersion Logo
Search Icon

ṬAH HLA 5

5
കരുണയ്‍ക്കുവേണ്ടിയുള്ള പ്രാർഥന
1സർവേശ്വരാ, ഞങ്ങൾക്ക് എന്താണു സംഭവിച്ചതെന്ന് ഓർക്കണമേ;
ഞങ്ങൾ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും.
2ഞങ്ങളുടെ അവകാശം അന്യർക്കും; ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും അധീനമായിരിക്കുന്നു.
3ഞങ്ങൾ പിതാവില്ലാതെ അനാഥരായിത്തീർന്നിരിക്കുന്നു.
ഞങ്ങളുടെ മാതാക്കൾ വിധവകളും ആയി.
4കുടിനീരും വിറകും ഞങ്ങൾ വില കൊടുത്തു വാങ്ങണം.
5ഞങ്ങളുടെ കഴുത്തിൽ നുകം വച്ചിരിക്കുന്നു; ഞങ്ങളെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നു;
ഞങ്ങൾ ആകെ തളർന്നു ഞങ്ങൾക്കു വിശ്രമവുമില്ല.
6ആഹാരത്തിനുവേണ്ടി ഞങ്ങൾ ഈജിപ്തിന്റെയും അസ്സീറിയായുടെയും മുമ്പിൽ കൈ നീട്ടേണ്ടിവന്നു.
7ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു; അവരെല്ലാം മരിച്ചു.
അവരുടെ അകൃത്യങ്ങൾ മൂലം ഞങ്ങൾ കഷ്ടത അനുഭവിക്കുന്നു.
8അടിമകളെപ്പോലെയുള്ളവർ ഞങ്ങളെ ഭരിക്കുന്നു;
അവരിൽനിന്നു ഞങ്ങളെ മോചിപ്പിക്കാൻ ആരുമില്ല.
9മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവൻ പണയം വച്ചാണ് ഞങ്ങൾ ആഹാരം സമ്പാദിക്കുന്നത്.
10ക്ഷാമത്തിന്റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു.
11അവർ സീയോനിൽ സ്‍ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും അപമാനിച്ചിരിക്കുന്നു.
12പ്രഭുക്കന്മാരെ അവർ തൂക്കിക്കൊന്നു; ജനപ്രമാണികളെ ആദരിച്ചതുമില്ല
13തിരികല്ലിൽ ധാന്യം പൊടിക്കാൻ യുവാക്കളെ അവർ നിർബന്ധിക്കുന്നു;
ദുർവഹമായ വിറകുചുമട് എടുത്തു ബാലന്മാർ ഇടറിവീഴുന്നു.
14ജനപ്രമാണികൾ നഗരകവാടങ്ങൾ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാർ ഗാനാലാപം നടത്തുന്നില്ല.
15ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീർന്നിരിക്കുന്നു.
16ഞങ്ങളുടെ ശിരസ്സിൽനിന്നു കിരീടം വീണുപോയി;
ഞങ്ങൾക്ക് ഹാ ദുരിതം!
ഞങ്ങൾ പാപം ചെയ്തുവല്ലോ!
17ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വിങ്ങുന്നു.
ഞങ്ങളുടെ കണ്ണുകൾ മങ്ങുന്നു.
18സീയോൻ പർവതം ശൂന്യമായി കുറുനരികൾ അവിടെ പതുങ്ങി നടക്കുന്നു.
19എന്നാൽ സർവേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു.
അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു.
20അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്?
ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്?
21-22ഞങ്ങളെ അവിടുന്നു തീർത്തും കൈവെടിഞ്ഞുവോ?
ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ!
സർവേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ;
എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് മടങ്ങിവരും.
ഞങ്ങൾക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ!

Currently Selected:

ṬAH HLA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy