YouVersion Logo
Search Icon

JOSUA 4

4
സ്മാരകശിലകൾ
1ജനം യോർദ്ദാൻനദി കടന്നപ്പോൾ സർവേശ്വരൻ യോശുവയോടു പറഞ്ഞു: 2“ഓരോ ഗോത്രത്തിൽനിന്നു ഒരാളെവീതം പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തതിനുശേഷം, 3യോർദ്ദാന്റെ മധ്യത്തിൽ പുരോഹിതന്മാരുടെ പാദങ്ങൾ ഉറപ്പിച്ചിരുന്ന സ്ഥലത്തുനിന്നുതന്നെ പന്ത്രണ്ടു കല്ലുകൾ എടുത്ത് നിങ്ങൾ ഇന്നു രാത്രി പാർക്കുന്നിടത്തു സ്ഥാപിക്കുക” എന്നു പറയണം. 4ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുത്ത പന്ത്രണ്ടു പേരെയും 5യോശുവ വിളിച്ച് അവരോടു പറഞ്ഞു: “യോർദ്ദാന്റെ മധ്യത്തിൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ പെട്ടകത്തിന്റെ മുമ്പിൽ ചെന്ന് ഓരോ ഇസ്രായേൽഗോത്രത്തിനു വേണ്ടിയും ഓരോ കല്ലുവീതം നിങ്ങൾ ചുമലിൽ എടുത്തുകൊണ്ടുവരണം. 6ഈ കല്ലുകളുടെ അർഥമെന്താണെന്നു വരുംകാലത്ത് നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ 7സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യോർദ്ദാനിലൂടെ കടത്തിക്കൊണ്ടു പോയപ്പോൾ വെള്ളം വേർപിരിഞ്ഞ് നിശ്ചലമായ സംഭവം അവരോടു പറയുക. അങ്ങനെ ഈ കല്ലുകൾ ഇസ്രായേല്യർക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കും.” 8യോശുവ കല്പിച്ചതുപോലെ ഇസ്രായേൽജനം ചെയ്തു; സർവേശ്വരൻ യോശുവയോടു കല്പിച്ചതുപോലെ ഓരോ ഗോത്രത്തിനും ഓരോ കല്ലു വീതം പന്ത്രണ്ടു കല്ലുകൾ യോർദ്ദാൻനദിയുടെ മധ്യത്തിൽ നിന്നെടുത്ത് അവരുടെ പാളയത്തിൽ കൊണ്ടുപോയി വച്ചു. 9യോർദ്ദാന്റെ നടുവിൽ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാരുടെ പാദങ്ങൾ ഉറപ്പിച്ചിരുന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലുകൾ നാട്ടി; ഈ കല്ലുകൾ ഇപ്പോഴും അവിടെയുണ്ട്. 10സർവേശ്വരൻ യോശുവയോട് കല്പിച്ചിരുന്നതെല്ലാം ജനം ചെയ്തുതീരുന്നതുവരെ പെട്ടകം വഹിച്ചുകൊണ്ടു പുരോഹിതന്മാർ യോർദ്ദാന്റെ മധ്യത്തിൽതന്നെ നിന്നു. മോശ കല്പിച്ചിരുന്നതും അതായിരുന്നുവല്ലോ.
11ജനം അതിവേഗം നദി കടന്നു. അവരെല്ലാവരും മറുകര എത്തിയപ്പോൾ സർവേശ്വരന്റെ പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാരും അവരുടെ മുമ്പിൽ എത്തി. 12മോശ കല്പിച്ചതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതി ഗോത്രക്കാരും യുദ്ധസന്നദ്ധരായി ജനത്തിനു മുമ്പേ നടന്നു. 13സർവേശ്വരന്റെ സാന്നിധ്യത്തിൽ ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തിൽ പ്രവേശിച്ചു. 14അന്ന് ഇസ്രായേൽജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സർവേശ്വരൻ ഇടയാക്കി. 15മോശയെ ബഹുമാനിച്ചതുപോലെ യോശുവയെയും അദ്ദേഹത്തിന്റെ ആയുഷ്കാലം മുഴുവൻ അവർ ആദരിച്ചു.
16“ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ ‘യോർദ്ദാനിൽനിന്ന് കയറിവരാൻ’ കല്പിക്കുക” എന്ന് സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു. 17യോർദ്ദാനിൽനിന്ന് കയറിവരാൻ യോശുവ പുരോഹിതന്മാരോടു കല്പിച്ചു. 18സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചിരുന്ന പുരോഹിതന്മാർ യോർദ്ദാനിൽനിന്നു കയറി; അവരുടെ പാദങ്ങൾ ഉണങ്ങിയ നിലത്തു സ്പർശിച്ചപ്പോൾ യോർദ്ദാനിലെ വെള്ളം മുമ്പത്തെപ്പോലെ കരകവിഞ്ഞൊഴുകി. 19ഒന്നാം മാസം പത്താം ദിവസം ജനം യോർദ്ദാൻനദി കടന്ന് യെരീഹോവിനു കിഴക്കേ അതിർത്തിയിലുള്ള ഗില്ഗാലിൽ പാളയമടിച്ചു. 20യോർദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ടു കല്ലുകൾ യോശുവ ഗില്ഗാലിൽ സ്ഥാപിച്ചു. 21അദ്ദേഹം ഇസ്രായേൽജനത്തോടു പറഞ്ഞു: “ഈ കല്ലുകളുടെ അർഥമെന്തെന്നു വരുംകാലത്തു നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ, 22ഇസ്രായേല്യർ യോർദ്ദാൻ കടന്നത് വരണ്ട നിലത്തുകൂടി ആയിരുന്നു എന്നും ചെങ്കടൽ വറ്റിച്ചു കളഞ്ഞതുപോലെ 23ഞങ്ങൾ നദി കടന്ന് കഴിയുന്നതുവരെ നിങ്ങളുടെ ദൈവമായ സർവേശ്വരൻ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നും പറയണം. 24“അങ്ങനെ ദൈവമായ സർവേശ്വരനെ നിങ്ങൾ എന്നും ഭയപ്പെടുകയും ഭൂമിയിലുള്ള സകല മനുഷ്യരും അവിടുത്തെ കരങ്ങൾ ശക്തമെന്ന് അറിയുകയും ചെയ്യട്ടെ.

Currently Selected:

JOSUA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy