YouVersion Logo
Search Icon

JOSUA 24

24
ശെഖേമിലെ ഉടമ്പടി
1യോശുവ സകല ഇസ്രായേൽഗോത്രക്കാരെയും ശെഖേമിൽ വിളിച്ചുകൂട്ടി; ഇസ്രായേലിലെ എല്ലാ ജനനേതാക്കളെയും പ്രമുഖന്മാരെയും ന്യായപാലകരെയും പ്രഭുക്കന്മാരെയും വിളിച്ചുവരുത്തി. അവരെല്ലാം ദൈവസന്നിധിയിൽ വന്നുകൂടി. 2അപ്പോൾ യോശുവ എല്ലാ ഇസ്രായേല്യരോടും പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അബ്രഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവപിതാക്കന്മാർ പണ്ടു യൂഫ്രട്ടീസ്നദിക്ക് അക്കരെ പാർത്ത് അന്യദേവന്മാരെ ആരാധിച്ചിരുന്നു. 3അവിടെനിന്നു നിങ്ങളുടെ പിതാവായ അബ്രഹാമിനെ ഞാൻ കൊണ്ടുവന്നു. അവനെ കനാൻദേശത്തുടനീളം വഴി നടത്തി. അനേകം സന്താനങ്ങളെ നല്‌കുകയും ചെയ്തു. 4അവനു ഇസ്ഹാക്കിനെയും ഇസ്ഹാക്കിനു യാക്കോബ്, ഏശാവ് എന്നിവരെയും സന്താനങ്ങളായി നല്‌കി. ഏശാവിനു സേയീർ പർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ പുത്രന്മാരും ഈജിപ്തിലേക്കു പോയി. 5കുറച്ചുനാൾ കഴിഞ്ഞ് ഞാൻ മോശയെയും അഹരോനെയും അവിടേക്ക് അയച്ചു. അനേകം ബാധകളെ അയച്ച് ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു. 6നിങ്ങളുടെ പൂർവപിതാക്കന്മാർ അവിടെനിന്നു പുറപ്പെട്ട് കടൽത്തീരത്തെത്തി. ഈജിപ്തുകാർ രഥങ്ങളും അശ്വസൈന്യങ്ങളുമായി ചെങ്കടൽവരെ അവരെ പിന്തുടർന്നു. 7സഹായത്തിനായി അവർ എന്നെ വിളിച്ചപേക്ഷിച്ചപ്പോൾ ഞാൻ ഈജിപ്തുകാരുടെയും ഇസ്രായേല്യരുടെയും മധ്യേ അന്ധകാരം വരുത്തി. എന്റെ കല്പനയാൽ സമുദ്രം ഈജിപ്തുകാരെ മൂടി. അവരോടു ഞാൻ പ്രവർത്തിച്ചതു നിങ്ങൾ നേരിട്ടു കണ്ടതാണല്ലോ. “അതിനുശേഷം ദീർഘകാലം നിങ്ങൾ മരുഭൂമിയിൽ പാർത്തു. 8പിന്നീട് യോർദ്ദാൻനദിയുടെ കിഴക്കുവശത്തു പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടു വന്നു. അവർ നിങ്ങളോടു യുദ്ധം ചെയ്തു; എന്നാൽ അവരെ ഞാൻ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; അവരുടെ ദേശം നിങ്ങൾ കൈവശപ്പെടുത്തി. നിങ്ങളുടെ മുമ്പിൽവച്ചു ഞാൻ അവരെ നശിപ്പിച്ചു. 9പിന്നീട് മോവാബിലെ സിപ്പോരിന്റെ പുത്രനായ ബാലാക് രാജാവ് ഇസ്രായേലിനോട് യുദ്ധം ചെയ്യാൻ പുറപ്പെട്ടു. നിങ്ങളെ ശപിക്കുന്നതിനു ബെയോരിന്റെ പുത്രനായ ബിലെയാമിനെ അയാൾ വരുത്തി. 10ബിലെയാം പറഞ്ഞതു ഞാൻ ശ്രദ്ധിച്ചില്ല. അവൻ നിങ്ങളെ അനുഗ്രഹിച്ചു; അങ്ങനെ ഞാൻ നിങ്ങളെ ബാലാക്കിന്റെ കൈയിൽനിന്നു വിടുവിച്ചു. 11പിന്നീട് നിങ്ങൾ യോർദ്ദാൻനദി കടന്നു യെരീഹോവിലെത്തി. അപ്പോൾ യെരീഹോനിവാസികൾ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനതകൾ നിങ്ങളോടു യുദ്ധം ചെയ്തു. ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കി. 12ഞാൻ കടന്നലുകളെ നിങ്ങൾക്കു മുമ്പേ വിട്ടു; അവ ആ രണ്ടു അമോര്യരാജാക്കന്മാരെ ഓടിച്ചുകളഞ്ഞു. നിങ്ങളുടെ വാളോ, വില്ലോ അല്ല അവരെ പാലായനം ചെയ്യിച്ചത്. 13നിങ്ങൾ അധ്വാനിക്കാത്ത ഭൂമിയും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു നല്‌കി. നിങ്ങൾ അവിടെ ഇപ്പോൾ പാർക്കുന്നു. നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടങ്ങളുടെയും ഒലിവുതോട്ടങ്ങളുടെയും ഫലം നിങ്ങൾ അനുഭവിക്കുന്നു. 14“അതുകൊണ്ട് നിങ്ങൾ സർവേശ്വരനെ ഭയപ്പെടുകയും ആത്മാർഥതയോടും വിശ്വസ്തതയോടും കൂടി അവിടുത്തെ സേവിക്കുകയും ചെയ്യുവിൻ. നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും വച്ച് ആരാധിച്ചിരുന്ന ദേവന്മാരെ ഉപേക്ഷിച്ച് സർവേശ്വരനെ മാത്രം ആരാധിക്കുവിൻ. 15അവിടുത്തെ ആരാധിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നിങ്ങളുടെ പൂർവപിതാക്കന്മാർ മെസൊപ്പൊത്താമ്യയിൽ വച്ച് ആരാധിച്ച ദേവന്മാരെയോ അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ പാർക്കുന്ന ദേശത്തിലെ അമോര്യർ ആരാധിക്കുന്ന ദേവന്മാരെയോ ആരാധിക്കുവിൻ. ആരെയാണ് ആരാധിക്കേണ്ടതെന്നു നിങ്ങൾ ഇന്നുതന്നെ തീരുമാനിക്കുവിൻ. ഞാനും എന്റെ കുടുംബവും സർവേശ്വരനെത്തന്നെ സേവിക്കും.” 16അപ്പോൾ ജനം പ്രതിവചിച്ചു: “ഞങ്ങൾ സർവേശ്വരനെ ഉപേക്ഷിച്ച് അന്യദേവന്മാരെ ഒരിക്കലും ആരാധിക്കുകയില്ല. 17ഞങ്ങൾ അടിമകളായി പാർത്തിരുന്ന ഈജിപ്തിൽനിന്നു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും മോചിപ്പിച്ചു. അവിടുന്നു ചെയ്ത അദ്ഭുതപ്രവൃത്തികൾ ഞങ്ങൾ നേരിട്ടുകണ്ടതാണ്. ഞങ്ങൾ കടന്നുപോകുന്ന ദേശങ്ങളിലെ ജനതകളിൽനിന്ന് അവിടുന്നു ഞങ്ങളെ രക്ഷിച്ചു. 18ഈ ദേശത്തു പാർത്തിരുന്ന അമോര്യരെയും മറ്റു ജനതകളെയും അവിടുന്ന് ഞങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു. അതുകൊണ്ടു ഞങ്ങളും സർവേശ്വരനെത്തന്നെ സേവിക്കും; അവിടുന്നാകുന്നു ഞങ്ങളുടെ ദൈവം.” 19എന്നാൽ യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു സർവേശ്വരനെ സേവിക്കാൻ സാധ്യമല്ല. അവിടുന്നു പരിശുദ്ധ ദൈവമാകുന്നു; തീക്ഷ്ണതയുള്ള ദൈവം തന്നെ. അവിടുന്നു നിങ്ങളുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുകയില്ല. 20അന്യദേവന്മാരെ സേവിക്കുന്നതിനുവേണ്ടി സർവേശ്വരനെ ത്യജിച്ചുകളഞ്ഞാൽ മുമ്പു നിങ്ങൾക്കു നന്മ ചെയ്തിട്ടുണ്ടെങ്കിലും അവിടുന്നു നിങ്ങളെ നശിപ്പിക്കും.” 21ജനം യോശുവയോടു പറഞ്ഞു: “അല്ല, ഞങ്ങൾ സർവേശ്വരനെ മാത്രം സേവിക്കും.” 22യോശുവ അവരോടു പറഞ്ഞു: “സർവേശ്വരനെത്തന്നെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നതിനു നിങ്ങൾതന്നെ സാക്ഷികളാകുന്നു.” “അതേ, ഞങ്ങൾ സാക്ഷികളാകുന്നു” എന്ന് അവർ പ്രതിവചിച്ചു. 23“അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു നിങ്ങളുടെ ഹൃദയം തിരിക്കുക” എന്നു യോശുവ പറഞ്ഞു. 24ജനം യോശുവയോടു പറഞ്ഞു: “ഞങ്ങളുടെ ദൈവമായ സർവേശ്വരനെ ഞങ്ങൾ സേവിക്കുകയും അവിടുത്തെ കല്പനകൾ അനുസരിക്കുകയും ചെയ്യും.” 25അന്നു യോശുവ ഇസ്രായേൽജനവുമായി ഒരു ഉടമ്പടി ചെയ്തു; ശെഖേമിൽ വച്ചുതന്നെ അവർക്കു നിയമങ്ങളും ചട്ടങ്ങളും നല്‌കി.
26ഈ കല്പനകളെല്ലാം യോശുവ ദൈവത്തിന്റെ ധർമശാസ്ത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തി. ഒരു വലിയ കല്ലെടുത്തു വിശുദ്ധകൂടാരത്തിനടുത്തുള്ള കരുവേലകമരത്തിൻ കീഴെ നാട്ടുകയും ചെയ്തു. 27യോശുവ സകല ജനത്തോടും പറഞ്ഞു: “ഈ കല്ല് നമ്മുടെ മധ്യേ ഒരു സാക്ഷ്യമായിരിക്കട്ടെ; സർവേശ്വരൻ നമ്മോടു കല്പിച്ചിട്ടുള്ളതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങളുടെ ദൈവത്തോടു നിങ്ങൾ അവിശ്വസ്തരായി വർത്തിക്കാതെയിരിക്കുന്നതിന് അതു നിങ്ങളുടെ മധ്യേ സാക്ഷ്യമായിരിക്കും.” 28പിന്നീട് യോശുവ അവരെ സ്വന്തം സ്ഥലങ്ങളിലേക്കു മടക്കി അയച്ചു.
യോശുവയുടെയും എലെയാസാരിന്റെയും മരണം
29നൂനിന്റെ പുത്രനും സർവേശ്വരന്റെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സായപ്പോൾ മരിച്ചു. 30എഫ്രയീം മലനാട്ടിൽ തിമ്നാത്ത്- സേരഹിലെ ഗാശ് മലയുടെ വടക്കു ഭാഗത്ത് സ്വന്തം അവകാശഭൂമിയിൽത്തന്നെ അദ്ദേഹത്തെ അടക്കം ചെയ്തു. 31യോശുവയുടെ കാലത്തും, അതിനുശേഷം സർവേശ്വരൻ ഇസ്രായേലിനു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികൾ കണ്ടറിഞ്ഞിട്ടുള്ളവരായ നേതാക്കന്മാരുടെ കാലത്തും ഇസ്രായേൽ സർവേശ്വരനെ സേവിച്ചു. 32ഇസ്രായേൽജനത ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ യോസേഫിന്റെ അസ്ഥികൾ എടുത്തുകൊണ്ടു പോന്നിരുന്നു; യാക്കോബ് ശെഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരിൽനിന്നു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന സ്ഥലത്ത് ഇസ്രായേൽജനം അത് അടക്കംചെയ്തു; ഈ സ്ഥലം യോസേഫിന്റെ ഭാവിതലമുറകൾക്ക് അവകാശപ്പെട്ടതായിത്തീർന്നു. 33അഹരോന്റെ പുത്രനായ എലെയാസാരും മരിച്ചു; തന്റെ പുത്രനായ ഫീനെഹാസിന് എഫ്രയീം മലമ്പ്രദേശത്തു ഗിബെയായിൽ അവകാശമായി ലഭിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചു.

Currently Selected:

JOSUA 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy