YouVersion Logo
Search Icon

JOSUA 2

2
ചാരന്മാരെ അയയ്‍ക്കുന്നു
1നൂനിന്റെ മകനായ യോശുവ, കനാൻ ദേശത്തും യെരീഹോപട്ടണത്തിലും രഹസ്യനിരീക്ഷണം നടത്താൻ ശിത്തീമിൽനിന്നു രണ്ടു പേരെ അയച്ചു. അവർ യെരീഹോപട്ടണത്തിൽ രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ ഗൃഹത്തിൽ രാത്രി കഴിച്ചു. 2രഹസ്യനിരീക്ഷണത്തിനു രാത്രിയിൽ ചില ഇസ്രായേല്യർ എത്തിയിട്ടുള്ള വിവരം യെരീഹോരാജാവ് അറിഞ്ഞു. 3“നിന്റെ വീട്ടിൽ വന്നിരിക്കുന്ന ആളുകളെ പുറത്തു കൊണ്ടുവരിക; അവർ ദേശം ഒറ്റുനോക്കാൻ വന്നവരാണ്” എന്നു യെരീഹോവിലെ രാജാവ് രാഹാബിന്റെ അടുക്കൽ ആളയച്ചു പറയിച്ചു. 4രാഹാബ് അവരെ ഒളിപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “അവർ എന്റെ അടുക്കൽ വന്നിരുന്നു; എന്നാൽ അവർ എവിടെനിന്നു വന്നുവെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. 5രാത്രിയിൽ പട്ടണവാതിൽ അടയ്‍ക്കുന്നതിനു മുമ്പായി അവർ പോയി. എവിടേക്കാണ് പോയതെന്ന് എനിക്കറിഞ്ഞുകൂടാ; നിങ്ങൾ വേഗം പിന്തുടർന്നാൽ അവരെ പിടികൂടാം. 6അവൾ അവരെ വീടിന്റെ മട്ടുപ്പാവിൽ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചു. 7രാജാവ് അയച്ച ആളുകൾ യോർദ്ദാൻ കടവുവരെ അവരെ അന്വേഷിച്ചു; അവർ പട്ടണത്തിന്റെ പുറത്തു കടന്നപ്പോൾതന്നെ പട്ടണവാതിൽ അടച്ചു. 8ചാരന്മാർ ഉറങ്ങാൻ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കൽ കയറിച്ചെന്നു പറഞ്ഞു: 9“സർവേശ്വരൻ ഈ ദേശം നിങ്ങൾക്കു നല്‌കിയിരിക്കുന്നു എന്ന് എനിക്കറിയാം. നിങ്ങളെക്കുറിച്ചുള്ള ഭീതി നാടെങ്ങും ബാധിച്ചിരിക്കുന്നു; നിങ്ങൾ നിമിത്തം ഈ ദേശവാസികളെല്ലാം ഭയന്നു വിറയ്‍ക്കുന്നു. 10നിങ്ങൾ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോരുമ്പോൾ സർവേശ്വരൻ നിങ്ങൾക്കുവേണ്ടി ചെങ്കടൽ വറ്റിച്ചതും യോർദ്ദാനക്കരെയുള്ള അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും നിശ്ശേഷം നശിപ്പിച്ചതും ഞങ്ങൾ കേട്ടിട്ടുണ്ട്. 11ഇതു കേട്ടപ്പോൾതന്നെ ഞങ്ങൾ പരിഭ്രാന്തരായി. നിങ്ങളുടെ വരവിനെപ്പറ്റി അറിഞ്ഞപ്പോൾ ഞങ്ങളുടെ ധൈര്യം നശിച്ചു; നിങ്ങളുടെ ദൈവമായ സർവേശ്വരൻ തന്നെയാണ് ആകാശത്തിലും ഭൂമിയിലും ദൈവം. 12അതുകൊണ്ട് ഞാൻ നിങ്ങളോടു കരുണ കാട്ടിയതുപോലെ നിങ്ങളും എന്റെ പിതൃഭവനത്തോടു കരുണ കാണിക്കുമെന്നു സർവേശ്വരന്റെ നാമത്തിൽ എന്നോടു സത്യം ചെയ്യുകയും വ്യക്തമായ എന്തെങ്കിലും അടയാളം നല്‌കുകയും വേണം. 13കൂടാതെ എന്റെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും അവർക്കുള്ള സകലത്തെയും നശിപ്പിക്കാതെ ജീവനോടെ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പും നല്‌കണം.” 14അവർ അവളോടു പറഞ്ഞു: “നിങ്ങളുടെ ജീവൻ ഞങ്ങളുടെ ജീവനു പകരമായിരിക്കട്ടെ. ഞങ്ങൾ ചെയ്യുന്ന കാര്യം മറ്റുള്ളവരെ അറിയിക്കാതെ ഇരുന്നാൽ സർവേശ്വരൻ ഈ ദേശം ഞങ്ങൾക്കു നല്‌കുമ്പോൾ ഞങ്ങൾ നിന്നോടു വിശ്വസ്തതയും കരുണയും ഉള്ളവരായിരിക്കും.” 15കോട്ടയോടു ചേർത്തു പണിതിരുന്ന ഒരു ഭവനത്തിലാണ് അവൾ പാർത്തിരുന്നത്. അവൾ അവരെ ജനാലയിലൂടെ കയറുവഴി താഴെ ഇറക്കിവിട്ടു. 16അവൾ അവരോടു പറഞ്ഞു: “അന്വേഷിച്ചുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കാൻ അവർ മടങ്ങിപ്പോകുന്നതുവരെ മൂന്നു ദിവസം മലയിൽ കയറി ഒളിച്ചിരിക്കുക; അതിനുശേഷം നിങ്ങളുടെ വഴിക്കു പോകാം.” 17അവർ അവളോടു പറഞ്ഞു: “നീ ചെയ്യിച്ച പ്രതിജ്ഞ ഞങ്ങൾ പാലിക്കും. 18ഞങ്ങൾ ഈ ദേശത്ത് വീണ്ടും പ്രവേശിക്കുമ്പോൾ ഞങ്ങളെ ഇറക്കിവിട്ട ജനാലയിൽ ഈ ചുവപ്പുചരടു കെട്ടുക; മാതാപിതാക്കളെയും സഹോദരരെയും കുടുംബാംഗങ്ങളെയും നിന്റെ ഭവനത്തിൽ ഒരുമിച്ചു കൂട്ടണം. 19ആരെങ്കിലും ഭവനത്തിനു പുറത്തുപോയാൽ അവന്റെ മരണത്തിന് ഉത്തരവാദി അവൻതന്നെ ആയിരിക്കും. അതിനു ഞങ്ങൾ കുറ്റക്കാരായിരിക്കയില്ല; എന്നാൽ നിന്റെകൂടെ ഭവനത്തിനുള്ളിൽ ഇരിക്കുന്ന ആരെങ്കിലും വധിക്കപ്പെട്ടാൽ അതിനുത്തരവാദി ഞങ്ങളായിരിക്കും. 20ഞങ്ങളുടെ പ്രവൃത്തി മറ്റാരെയെങ്കിലും അറിയിച്ചാൽ നീ ചെയ്യിച്ച പ്രതിജ്ഞയിൽനിന്നു ഞങ്ങൾ വിമുക്തരായിരിക്കും.” 21“അങ്ങനെതന്നെ ആകട്ടെ” എന്നു പറഞ്ഞ് അവൾ അവരെ യാത്ര അയച്ചു. അവർ പോയപ്പോൾ അവൾ ആ ചുവപ്പുചരട് ജനാലയിൽ കെട്ടിവച്ചു. 22അവർ മലയിൽ കയറി മൂന്നു ദിവസം ഒളിച്ചിരുന്നു; രാജാവ് അയച്ച ആളുകൾ ആ പ്രദേശമെല്ലാം അന്വേഷിച്ചുവെങ്കിലും അവരെ കാണാതെ മടങ്ങിപ്പോയി. 23അപ്പോൾ ചാരന്മാർ രണ്ടു പേരും മലയിൽനിന്ന് ഇറങ്ങി, യോർദ്ദാൻനദി കടന്ന് നൂനിന്റെ പുത്രനായ യോശുവയുടെ അടുക്കൽ എത്തി, സംഭവിച്ചതെല്ലാം അറിയിച്ചു. 24“ആ ദേശമൊക്കെയും സർവേശ്വരൻ നമുക്ക് നല്‌കിയിരിക്കയാൽ നാം നിമിത്തം അവിടെയുള്ള ജനമെല്ലാം ഭയചകിതരായിരിക്കുന്നു.”

Currently Selected:

JOSUA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy