JOELA 2:18-27
JOELA 2:18-27 MALCLBSI
അപ്പോൾ സർവേശ്വരനു തന്റെ ദേശത്തോടുള്ള സ്നേഹം ആളിക്കത്തി; തന്റെ ജനത്തോടു കരുണ തോന്നി. സർവേശ്വരൻ തന്റെ ജനത്തോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്‌കുന്നു. നിങ്ങൾ സംതൃപ്തരായിത്തീരും. ജനതകളുടെ ഇടയിൽ ഇനി ഞാൻ നിങ്ങളെ നിന്ദാപാത്രമാക്കുകയില്ല. വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ അടുത്തുനിന്നു ദൂരെ പായിക്കും. ഉണങ്ങി വരണ്ട വിജനദേശത്തേക്ക് അവരെ ഓടിക്കും. അവരുടെ സൈന്യത്തിന്റെ മുൻനിരയെ കിഴക്കേ സമുദ്രത്തിലും പിൻനിരയെ പടിഞ്ഞാറൻ സമുദ്രത്തിലും വീഴ്ത്തും. ഗർവം നിറഞ്ഞ അവരുടെ പ്രവൃത്തികൾ നിമിത്തം അവരിൽനിന്നു ദുർഗന്ധം വമിക്കും. ദേശമേ ഭയപ്പെടേണ്ടാ, സർവേശ്വരൻ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കയാൽ ആഹ്ലാദിക്കുക; ആനന്ദം കൊള്ളുക! വയലിലെ മൃഗങ്ങളേ, പേടിക്കേണ്ട; മേച്ചിൽപ്പുറങ്ങൾ പച്ചപിടിച്ചിരിക്കുന്നു. വൃക്ഷം ഫലം നല്‌കുന്നു. അത്തിയും മുന്തിരിയും സമൃദ്ധമായി വിളവു നല്‌കുന്നു. സീയോൻമക്കളേ, സന്തോഷിക്കുവിൻ. നിങ്ങളുടെ ദൈവമായ സർവേശ്വരനിൽ ആനന്ദിക്കുവിൻ. അവിടുന്ന് ആവശ്യാനുസരണം നിങ്ങൾക്ക് ശരത്കാല മഴ നല്‌കിയിരിക്കുന്നു. പണ്ടത്തെപ്പോലെ അവിടുന്നു ശരത്കാലമഴയും വസന്തകാലമഴയും പെയ്യിക്കുന്നു. മെതിക്കളങ്ങൾ ധാന്യംകൊണ്ടു നിറയും. ചക്കുകളിൽ എണ്ണയും വീഞ്ഞും നിറഞ്ഞുകവിയും. ഞാൻ അയച്ച മഹാസൈന്യമായ തുള്ളനും വിട്ടിലും പച്ചപ്പുഴുവും തിന്നു നശിപ്പിച്ച കാലത്തെ വിളവുകൾ നിങ്ങൾക്കു ഞാൻ തിരിച്ചുതരും. നിങ്ങൾ മതിയാകുവോളം ഭക്ഷിച്ചു തൃപ്തരാകും; നിങ്ങൾക്കുവേണ്ടി അദ്ഭുതകരമായി പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ സ്തുതിക്കും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല. ഞാൻ ഇസ്രായേലിന്റെ മധ്യത്തിലുണ്ടെന്നും സർവേശ്വരനായ ഞാനല്ലാതെ മറ്റാരുമല്ല നിങ്ങളുടെ ദൈവമെന്നും നിങ്ങൾ അറിയും. എന്റെ ജനത്തിന് ഇനി ഒരിക്കലും ലജ്ജിക്കേണ്ടിവരികയില്ല.





