YouVersion Logo
Search Icon

JOBA 34

34
1എലീഹൂ തുടർന്നു:
2“ജ്ഞാനികളേ, എന്റെ വാക്കു കേൾക്കുവിൻ;
വിജ്ഞന്മാരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ.
3നാവ് ആഹാരം രുചിക്കുന്നതുപോലെ കാത് വാക്കുകളെ വിവേചിക്കുന്നു.
4ശരിയായതു നമുക്കു തിരഞ്ഞെടുക്കാം.
നല്ലത് ഏതെന്നു നമുക്കുതന്നെ തീരുമാനിക്കാം.
5‘ഞാൻ നീതിനിഷ്ഠൻ; ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു.
6ന്യായം എന്റെ പക്ഷത്താണെങ്കിലും
ഞാൻ ഭോഷ്കു പറയുന്നവനായി കണക്കാക്കപ്പെടുന്നു.
ഞാൻ അകൃത്യം ചെയ്യാത്തവനെങ്കിലും പൊറുക്കാത്ത മുറിവുകളാണ് എൻറേത്’ എന്ന് ഇയ്യോബ് പറഞ്ഞല്ലോ.
7എന്തൊരു മനുഷ്യനാണ് ഇയ്യോബ്,
വെള്ളം കുടിക്കുന്നതുപോലെ അയാൾ ദൈവത്തെ നിന്ദിക്കുന്നു.
8ദുർവൃത്തരുമായാണ് അയാളുടെ കൂട്ട്;
ദുർജനത്തോടുകൂടി അയാൾ നടക്കുന്നു.
9ദൈവഹിതം നിറവേറ്റി ജീവിക്കുന്നതുകൊണ്ടു
മനുഷ്യന് ഒരു പ്രയോജനവുമില്ലെന്ന് അയാൾ പറഞ്ഞു.
10“അതുകൊണ്ടു വിവേകമുള്ള മനുഷ്യരേ,
ഞാൻ പറയുന്നതു കേൾക്കുവിൻ;
ദൈവം ദുഷ്ടത പ്രവർത്തിക്കുകയില്ല.
സർവശക്തൻ തെറ്റു ചെയ്യുകയില്ല.
11മനുഷ്യന്റെ പ്രവൃത്തിക്കു തക്കവിധം അവിടുന്നു പകരം നല്‌കുന്നു.
ഓരോരുത്തന്റെയും ജീവിതത്തിനൊത്തവിധം പ്രതിഫലം കൊടുക്കുന്നു.
12ദൈവം ഒരിക്കലും ദുഷ്ടത പ്രവർത്തിക്കുകയില്ല;
സർവശക്തൻ നീതിയെ മറിച്ചുകളയുകയുമില്ല.
13ഭൂമിയെ ആരെങ്കിലും ദൈവത്തെ ഭരമേല്പിച്ചതാണോ?
ഭൂതലത്തെ സ്ഥാപിച്ചത് അവിടുന്നല്ലാതെ മറ്റാരാണ്?
14അവിടുന്നു തന്റെ ശ്വാസവും ചൈതന്യവും തിരിച്ചെടുത്താൽ
15ജീവനുള്ളവയെല്ലാം തൽക്ഷണം നശിക്കും.
മനുഷ്യൻ പൂഴിയിലേക്കു മടങ്ങും.
16ഇയ്യോബേ, താങ്കൾക്ക് വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക;
എന്റെ വചനം ശ്രദ്ധിക്കുക.
17നീതിയെ വെറുക്കുന്നവന് ഭരിക്കാനാകുമോ?
ശക്തനും നീതിമാനുമായവനെ താങ്കൾ കുറ്റം വിധിക്കുമോ?
18രാജാവിനോട്, അങ്ങ് വിലകെട്ടവനെന്നോ
പ്രഭുക്കന്മാരോട്, നിങ്ങൾ ദുഷ്ടന്മാരെന്നോ പറയുമോ?
19ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുന്നില്ല;
ദരിദ്രനെക്കാൾ ധനികനെ ആദരിക്കുന്നതുമില്ല.
അവർ എല്ലാവരും അവിടുത്തെ സൃഷ്‍ടികളാണല്ലോ.
20ഞൊടിയിടയിൽ അവർ മരിക്കുന്നു;
അർധരാത്രിയിൽ അവർ ഞടുങ്ങി അപ്രത്യക്ഷരാകുന്നു.
ശക്തന്മാർ നീക്കപ്പെടുന്നു; അതു മനുഷ്യകരങ്ങൾ കൊണ്ടല്ലതാനും.
21മനുഷ്യന്റെ എല്ലാ വഴികളിലും ദൈവത്തിന്റെ ദൃഷ്‍ടി പതിയുന്നു.
അവന്റെ ഓരോ ചുവടുവയ്പും അവിടുന്നു കാണുന്നു.
22ദുർവൃത്തർക്ക് ഒളിക്കാൻ ഇരുണ്ട താവളങ്ങളില്ല.
23ദൈവസന്നിധിയിൽ ന്യായവിധിക്കായി ചെല്ലാൻ ആർക്കും സമയം നിശ്ചയിക്കപ്പെട്ടിട്ടില്ല.
24വിചാരണകൂടാതെ ദൈവം ബലശാലികളെ തകർക്കുന്നു;
അവരുടെ സ്ഥാനത്ത് മറ്റാളുകളെ നിയമിക്കുന്നു.
25അങ്ങനെ അവരുടെ പ്രവൃത്തികൾ മനസ്സിലാക്കി
രാത്രിയിൽ അവരെ തകിടം മറിച്ച് തകർത്തുകളയുന്നു.
26മനുഷ്യർ കാൺകെ അവരുടെ ദുഷ്ടതയ്‍ക്കു ശിക്ഷ നല്‌കുന്നു.
27അവർ അവിടുത്തെ അനുഗമിക്കാതെ വഴിതെറ്റിപ്പോയി.
അവിടുത്തെ മാർഗങ്ങളെ ആദരിച്ചതുമില്ല.
28ദരിദ്രരുടെ നിലവിളി ദൈവസന്നിധിയിൽ എത്താൻ അവർ ഇടയാക്കി;
പീഡിതരുടെ നിലവിളി അവിടുന്നു കേട്ടു.
29അവിടുന്നു നിഷ്ക്രിയനായാൽ ആർക്ക് അവിടുത്തെ കുറ്റം വിധിക്കാൻ കഴിയും?
അവിടുന്നു മുഖം മറച്ചാൽ, ജനതയോ വ്യക്തിയോ ആകട്ടെ, ആർക്ക് അവിടുത്തെ കാണാൻ കഴിയും?
30ദൈവനിഷേധകൻ തങ്ങളെ ഭരിക്കുകയോ കെണിയിൽ വീഴിക്കുകയോ ചെയ്യാതിരിക്കാൻ
ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല.
31ഞാൻ ശിക്ഷ അനുഭവിച്ചു; ഇനി കുറ്റം ചെയ്യുകയില്ല;
എന്റെ അറിവിൽപ്പെടാത്ത വഴി ഉണ്ടെങ്കിൽ കാണിച്ചുതരിക.
32ഞാൻ അധർമം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇനി ഞാൻ അത് ആവർത്തിക്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
33താങ്കൾക്ക് അസ്വീകാര്യമായത് ദൈവം ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്നു താങ്കളുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കണമെന്നാണോ?
തീരുമാനം എൻറേതല്ല താങ്കളുടെതായിരിക്കട്ടെ.
അതുകൊണ്ടു താങ്കൾക്ക് അറിയാവുന്നതു പ്രസ്താവിക്കുക;
34‘ഇയ്യോബ് വിവരമില്ലാതെ സംസാരിക്കുന്നു;
ഉൾക്കാഴ്ചയില്ലാത്ത വാക്കുകളാണ് അയാളുടേത്
35എന്നു വിവേകികളും എന്റെ വാക്കു ശ്രദ്ധിക്കുന്ന ജ്ഞാനികളും സമ്മതിക്കും.
36ദുഷ്ടനെപ്പോലെ ഇയ്യോബ് പ്രതിവാദം ചെയ്യുന്നതുകൊണ്ട്
അവസാനംവരെ അയാളെ പരീക്ഷിച്ചിരുന്നെങ്കിൽ!
37അയാൾ പാപത്തോട് ധിക്കാരം കൂട്ടിച്ചേർക്കുന്നു;
നമ്മുടെ മധ്യേനിന്ന് അയാൾ പരിഹസിച്ചു കൈ കൊട്ടുന്നു;
ദൈവത്തിനെതിരെ ദൂഷണം ചൊരിയുന്നു.”

Currently Selected:

JOBA 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy