YouVersion Logo
Search Icon

JOBA 1:13-22

JOBA 1:13-22 MALCLBSI

ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠസഹോദരന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. അപ്പോൾ ഒരു ദൂതൻ ഇയ്യോബിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾ കാളകളെ പൂട്ടി നിലം ഉഴുകയായിരുന്നു. കഴുതകൾ സമീപത്തു മേഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ശെബായർ ചാടിവീണ് അവയെ പിടിച്ചുകൊണ്ടുപോയി; വേലക്കാരെ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാൾ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരുവൻ വന്നു പറഞ്ഞു: “ആകാശത്തുനിന്നു തീജ്വാല ഇറങ്ങി ആടുകളെയും ഭൃത്യരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു പോന്നു.” അയാൾ ഇതു പറഞ്ഞുകൊണ്ടിരിക്കെ മറ്റൊരാൾ വന്നു പറഞ്ഞു: “മൂന്നു സംഘം കൽദായർ വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകുകയും ഭൃത്യന്മാരെ വാളിനിരയാക്കുകയും ചെയ്തു. വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രം രക്ഷപെട്ടു വന്നിരിക്കുന്നു.” അയാൾ പറഞ്ഞു തീരുന്നതിനു മുമ്പു വേറൊരാൾ വന്ന് അറിയിച്ചു: “അങ്ങയുടെ പുത്രീപുത്രന്മാർ ജ്യേഷ്ഠസഹോദരന്റെ ഗൃഹത്തിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വീശി; അതു വീടിന്റെ നാലു മൂലയ്‍ക്കും ആഞ്ഞടിച്ചു. വീടു തകർന്നു വീണ് അങ്ങയുടെ മക്കളെല്ലാം മരിച്ചു. ഈ വിവരം അങ്ങയെ അറിയിക്കാൻ ഞാൻ മാത്രമേ ശേഷിച്ചുള്ളൂ.” അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല മുണ്ഡനം ചെയ്തു നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ നഗ്നനായി അമ്മയുടെ ഉദരത്തിൽനിന്നു വന്നു; നഗ്നനായിത്തന്നെ മടങ്ങിപ്പോകും. സർവേശ്വരൻ തന്നു; സർവേശ്വരൻ എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.” ഇതെല്ലാമായിട്ടും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy