YouVersion Logo
Search Icon

JOHANA 19

19
1പീലാത്തോസ് യേശുവിനെ കൊണ്ടു പോയി ചാട്ടവാറുകൊണ്ടടിപ്പിച്ചു. 2പടയാളികൾ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് തലയിൽ വച്ചു; കടുംചുവപ്പുള്ള ഒരു മേലങ്കിയും അണിയിച്ചു. 3അവർ അവിടുത്തെ മുമ്പിൽ നിന്ന് “യെഹൂദന്മാരുടെ രാജാവേ, ജയ്! ജയ്!” എന്നു പറഞ്ഞുകൊണ്ട് യേശുവിനെ അടിച്ചു.
4പീലാത്തോസ് വീണ്ടും പുറത്തു ചെന്ന് അവരോടു പറഞ്ഞു: “ഈ ആളിൽ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കലേക്കു കൊണ്ടുവരുന്നു.” 5അങ്ങനെ മുൾക്കിരീടവും കടുംചുവപ്പു വസ്ത്രവും ധരിച്ചുകൊണ്ട് യേശു പുറത്തേക്കു വന്നു. “ഇതാ ആ മനുഷ്യൻ” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.
6പുരോഹിതമുഖ്യന്മാരും ദേവാലയഭടന്മാരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്കുക! ക്രൂശിക്കുക!” എന്ന് ആക്രോശിച്ചു.
അപ്പോൾ പീലാത്തോസ് അവരോട് “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല” എന്നു പറഞ്ഞു.
7അതിന് യെഹൂദന്മാർ, “ഞങ്ങൾക്ക് ഒരു നിയമമുണ്ട്; അതനുസരിച്ച് ഇയാൾ വധശിക്ഷയ്‍ക്ക് അർഹനാണ്; എന്തെന്നാൽ ഇയാൾ ദൈവപുത്രനാണെന്നു സ്വയം അവകാശപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
8ഈ വാക്കുകൾ കേട്ടപ്പോൾ പീലാത്തോസ് കുറേക്കൂടി ഭയപ്പെട്ടു. 9അദ്ദേഹം വീണ്ടും അകത്തു പ്രവേശിച്ച് യേശുവിനോട്: “നിങ്ങളുടെ സ്വദേശം ഏതാണ്?” എന്നു ചോദിച്ചു.
10പക്ഷേ, യേശു അതിന് ഉത്തരം പറഞ്ഞില്ല. വീണ്ടും പീലാത്തോസ് ചോദിച്ചു: “നിങ്ങൾ എന്നോടു പറയുകയില്ലേ? നിങ്ങളെ ക്രൂശിക്കാനും വിട്ടയയ്‍ക്കാനുമുള്ള അധികാരം എനിക്കുണ്ടെന്ന് അറിഞ്ഞുകൂടേ?”
11അതിന് യേശു, “ഉന്നതത്തിൽനിന്നു നല്‌കപ്പെട്ടിട്ടില്ലായിരുന്നെങ്കിൽ അങ്ങേക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല; അതുകൊണ്ട് എന്നെ അങ്ങയുടെ കൈയിലേല്പിച്ചവനാണ് കൂടുതൽ കുറ്റം” എന്ന് ഉത്തരം പറഞ്ഞു.
12അപ്പോൾമുതൽ പീലാത്തോസ് യേശുവിനെ വിട്ടയയ്‍ക്കാനുള്ള മാർഗം അന്വേഷിച്ചുതുടങ്ങി. എന്നാൽ “അങ്ങ് ഈ മനുഷ്യനെ വിട്ടയച്ചാൽ അങ്ങ് കൈസറിന്റെ സ്നേഹിതനല്ല. സ്വയം രാജാവാകുന്ന ഏതൊരുവനും കൈസറിന്റെ ശത്രുവാണ്” എന്ന് യെഹൂദന്മാർ ഉച്ചത്തിൽ ആക്രോശിച്ചു.
13ഇതു കേട്ടിട്ട് യേശുവിനെ പുറത്തു കൊണ്ടുവന്നശേഷം പീലാത്തോസ് ‘ഗബ്ബഥാ’ എന്നറിയപ്പെടുന്ന സ്ഥലത്തുള്ള ന്യായാസനത്തിൽ ഉപവിഷ്ടനായി. എബ്രായഭാഷയിൽ ‘ഗബ്ബഥാ’ എന്ന വാക്കിന് ‘കല്ത്തളം’ എന്നാണർഥം. 14അത് പെസഹായ്‍ക്കു മുമ്പുള്ള ഒരുക്കദിവസം ഏകദേശം പന്ത്രണ്ടു മണിക്കായിരുന്നു. “ഇതാ നിങ്ങളുടെ രാജാവ്” എന്നു പീലാത്തോസ് യെഹൂദന്മാരോടു പറഞ്ഞു.
15അപ്പോൾ “കൊല്ലുക! കൊല്ലുക! അവനെ ക്രൂശിക്കുക!” എന്ന് യെഹൂദന്മാർ വീണ്ടും ഉച്ചത്തിൽ അലറി.
പീലാത്തോസ് അവരോട്: “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിക്കണോ?” എന്നു ചോദിച്ചു.
“കൈസർ അല്ലാതെ മറ്റൊരു രാജാവ് ഞങ്ങൾക്കില്ല” എന്നു പുരോഹിതമുഖ്യന്മാർ പറഞ്ഞു.
16അപ്പോൾ യേശുവിനെ ക്രൂശിക്കുന്നതിനായി പീലാത്തോസ് അവരെ ഏല്പിച്ചു.
യേശുവിനെ ക്രൂശിക്കുന്നു
(മത്താ. 27:32-44; മർക്കോ. 15:21-32; ലൂക്കോ. 23:26-43)
17അവർ യേശുവിനെ ഏറ്റുവാങ്ങി. യേശു കുരിശു ചുമന്നുകൊണ്ട് ഗോൽഗോഥായിലേക്കു പോയി. എബ്രായഭാഷയിൽ ‘ഗോൽഗോഥാ’ എന്ന വാക്കിന് ‘തലയോടിന്റെ സ്ഥലം’ എന്നർഥം. 18അവിടെ അവർ അവിടുത്തെ ക്രൂശിച്ചു. മറ്റു രണ്ടാളുകളെയും യേശുവിന്റെ ഇരുവശങ്ങളിലുമായി ക്രൂശിച്ചു. 19‘നസറായനായ യേശു, യെഹൂദന്മാരുടെ രാജാവ്’ എന്ന മേലെഴുത്ത് പീലാത്തോസ് എഴുതി കുരിശിന്റെ മുകളിൽ വയ്പിച്ചു. 20യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ അത് എഴുതപ്പെട്ടിരുന്നതുകൊണ്ടും അനേകം യെഹൂദന്മാർ ആ മേലെഴുത്തു വായിച്ചു. 21‘യെഹൂദന്മാരുടെ രാജാവ്’ എന്നല്ല, ‘ഞാൻ യെഹൂദന്മാരുടെ രാജാവാകുന്നു എന്ന് ആ മനുഷ്യൻ പറഞ്ഞു’ എന്നത്രേ എഴുതേണ്ടത് എന്ന് യെഹൂദന്മാരുടെ പുരോഹിതമുഖ്യന്മാർ പറഞ്ഞു.
22“ഞാൻ എഴുതിയത് എഴുതി” എന്നു പീലാത്തോസ് പ്രതിവചിച്ചു.
23യേശുവിനെ ക്രൂശിച്ചശേഷം പടയാളികൾ അവിടുത്തെ വസ്ത്രങ്ങൾ നാലായി പങ്കിട്ടെടുത്തു. അവിടുത്തെ പുറങ്കുപ്പായവും അവരെടുത്തു. എന്നാൽ അത് മുകൾമുതൽ അടിവരെ തയ്യലില്ലാതെ നെയ്തുണ്ടാക്കിയതായിരുന്നതുകൊണ്ട് 24“ഇതു നമുക്കു കീറണ്ടാ, നറുക്കിട്ട് ആർക്കു കിട്ടുമെന്ന് നിശ്ചയിക്കാം” എന്നു പരസ്പരം പറഞ്ഞു.
എന്റെ വസ്ത്രങ്ങൾ അവർ പങ്കിട്ടെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിട്ടു
എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരം സംഭവിച്ചു.
25യേശുവിന്റെ കുരിശിനു സമീപം അവിടുത്തെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പായുടെ ഭാര്യ മറിയവും മഗ്ദലേന മറിയവും നില്‌ക്കുന്നുണ്ടായിരുന്നു. 26തന്റെ മാതാവും താൻ സ്നേഹിച്ച ശിഷ്യനും അടുത്തുനില്‌ക്കുന്നതു കണ്ടപ്പോൾ യേശു മാതാവിനോട്, “സ്‍ത്രീയേ, ഇതാ നിങ്ങളുടെ മകൻ എന്നു പറഞ്ഞു. പിന്നീട് ശിഷ്യനോട്, ‘ഇതാ നിന്റെ അമ്മ’ എന്നും അരുൾചെയ്തു. 27അപ്പോൾത്തന്നെ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ തന്റെ സ്വന്തം ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.
യേശു പ്രാണൻ വെടിയുന്നു
(മത്താ. 27:45-56; മർക്കോ. 15:33-41; ലൂക്കോ. 23:44-49)
28അതിനുശേഷം സകലവും പൂർത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ.
29അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവർ ആ പുളിച്ചവീഞ്ഞിൽ സ്പഞ്ചു മുക്കി ഒരു കോലിൽവച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു. 30പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുൾചെയ്തു.
അനന്തരം അവിടുന്നു തലകുനിച്ചു പ്രാണൻ വെടിഞ്ഞു.
പാർശ്വം കുത്തിത്തുളയ്‍ക്കുന്നു
31ശബത്തിന്റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകൾ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. 32അതനുസരിച്ചു പടയാളികൾ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്റെയും അപരന്റെയും കാലുകൾ ഒടിച്ചു. 33എന്നാൽ അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാൽ അവിടുത്തെ കാലുകൾ ഒടിച്ചില്ല. 34എങ്കിലും പടയാളികളിൽ ഒരുവൻ അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. 35നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരിൽ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താൻ പറയുന്നത് എന്ന് അയാൾക്കു ബോധ്യവുമുണ്ട്. 36‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീർന്നു. 37തങ്ങൾ കുത്തിത്തുളച്ചവനിലേക്ക് അവർ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ.
യേശുവിന്റെ മൃതദേഹം സംസ്കരിക്കുന്നു
(മത്താ. 27:57-61; മർക്കോ. 15:42-47; ലൂക്കോ. 23:50-56)
38അരിമത്യയിലെ യോസേഫ് എന്നൊരാൾ യെഹൂദന്മാരെ ഭയന്ന് യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്നു. കുരിശിൽനിന്ന് യേശുവിന്റെ ശരീരം നീക്കം ചെയ്യുന്നതിന് അദ്ദേഹം പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നല്‌കുകയും ചെയ്തു. അദ്ദേഹം വന്ന് യേശുവിന്റെ ശരീരം കുരിശിൽനിന്നിറക്കി. 39മുമ്പ് ഒരു രാത്രിയിൽ യേശുവിന്റെ അടുത്തുവന്ന നിക്കോദിമോസ്, മൂരും അകിലും ചേർത്തുണ്ടാക്കിയ നാല്പതിൽപരം കിലോഗ്രാം സുഗന്ധദ്രവ്യം കൊണ്ടുവന്നു. 40അവർ ചേർന്ന് യേശുവിന്റെ ശരീരം യെഹൂദന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച് സുഗന്ധദ്രവ്യത്തോടുകൂടി മൃതദേഹം പൊതിയുന്ന തുണി ചുറ്റിക്കെട്ടി സജ്ജമാക്കി. 41യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും അതിൽ ആരെയും ഒരിക്കലും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. 42യെഹൂദന്മാരുടെ ഒരുക്കനാൾ ആയിരുന്നു അത്. ആ കല്ലറ സമീപത്തുമായിരുന്നു. അതുകൊണ്ട് അവർ യേശുവിനെ അവിടെ സംസ്കരിച്ചു.

Currently Selected:

JOHANA 19: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy