YouVersion Logo
Search Icon

JOHANA 18:19-40

JOHANA 18:19-40 MALCLBSI

യേശുവിന്റെ ശിഷ്യന്മാരെക്കുറിച്ചും അവിടുത്തെ ഉപദേശത്തെക്കുറിച്ചും മഹാപുരോഹിതൻ ചോദ്യം ചെയ്തു. യേശു ഇപ്രകാരം ഉത്തരം പറഞ്ഞു: “ഞാൻ ലോകത്തോട് പരസ്യമായിട്ടാണു സംസാരിച്ചിട്ടുള്ളത്; എല്ലാ യെഹൂദന്മാരും വന്നു കൂടാറുള്ള സുനഗോഗുകളിലും ദേവാലയത്തിലും വച്ച് എപ്പോഴും ഞാൻ പഠിപ്പിച്ചു. രഹസ്യമായി ഞാൻ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിന് എന്നോടു ചോദിക്കുന്നു? ഞാൻ എന്താണു പറഞ്ഞതെന്ന് എന്റെ വാക്കുകൾ കേട്ടവരോടു ചോദിക്കുക; അവർക്കറിയാം.” ഇങ്ങനെ സംസാരിച്ചപ്പോൾ അടുത്തുനിന്നിരുന്ന ദേവാലയ ഭടന്മാരിലൊരാൾ യേശുവിനെ അടിച്ചു. “ഇങ്ങനെയാണോ മഹാപുരോഹിതനോട് ഉത്തരം പറയുന്നത്?” എന്ന് അയാൾ ചോദിച്ചു. “ഞാൻ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കുക; ഞാൻ പറഞ്ഞതു ശരിയാണെങ്കിൽ പിന്നെ എന്തിന് എന്നെ അടിക്കുന്നു?” എന്ന് യേശു പറഞ്ഞു. പിന്നീട് ബന്ധനസ്ഥനായ യേശുവിനെ ഹന്നാസ് മഹാപുരോഹിതനായ കയ്യഫാസിന്റെ അടുക്കലേക്കയച്ചു. അപ്പോഴും ശിമോൻപത്രോസ് തീ കാഞ്ഞുകൊണ്ടു നില്‌ക്കുകയായിരുന്നു. “താങ്കളും അയാളുടെ ശിഷ്യന്മാരിൽ ഒരാളല്ലേ?” എന്ന് ചിലർ ചോദിച്ചു. “അല്ല” എന്നു പത്രോസ് നിഷേധിച്ചു. മഹാപുരോഹിതന്റെ ഭൃത്യന്മാരിലൊരാൾ-പത്രോസ് കാതു ഛേദിച്ചു കളഞ്ഞയാളിന്റെ ഒരു ബന്ധു-"തോട്ടത്തിൽവച്ചു നിങ്ങളെ ആ മനുഷ്യന്റെകൂടെ ഞാൻ കണ്ടല്ലോ?” എന്നു പറഞ്ഞു. പത്രോസ് വീണ്ടും അതു നിഷേധിച്ചു. തൽക്ഷണം കോഴി കൂകി. നേരം വെളുത്തുവരുമ്പോൾ കയ്യഫാസിന്റെ അടുക്കൽനിന്ന് യേശുവിനെ യെഹൂദപ്രമുഖന്മാർ ഗവർണറുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. എന്നാൽ അവർ അവിടെ പ്രവേശിച്ചില്ല. പ്രവേശിച്ചാൽ തങ്ങൾ അശുദ്ധരാകുമെന്നും പെസഹ ഭക്ഷിക്കാൻ കഴിയാതെ വരുമെന്നും അവർ കരുതി. അതുകൊണ്ടു പീലാത്തോസ് പുറത്തുവന്ന്, “ഈ മനുഷ്യന്റെ പേരിൽ എന്തുകുറ്റമാണ് നിങ്ങൾ ആരോപിക്കുന്നത്?” എന്നു ചോദിച്ചു. “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഇയാളെ അങ്ങയെ ഏല്പിക്കുമായിരുന്നില്ല” എന്ന് അവർ ഉത്തരം പറഞ്ഞു. പീലാത്തോസ് അവരോട്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുക” എന്നു പറഞ്ഞു. യെഹൂദന്മാർ അദ്ദേഹത്തോട്, “വധശിക്ഷ നല്‌കാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ” എന്നു പറഞ്ഞു. എങ്ങനെയുള്ള മരണമാണു തനിക്കു സംഭവിക്കുവാൻ പോകുന്നതെന്ന് യേശു നേരത്തെ സൂചിപ്പിച്ചിരുന്നത് സംഭവിക്കണമല്ലോ. വീണ്ടും പീലാത്തോസ് അകത്തുചെന്ന് യേശുവിനെ വിളിച്ച് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. അപ്പോൾ യേശു, “അങ്ങു സ്വമേധയാ പറയുന്നതാണോ ഇത്, അതോ മറ്റുള്ളവർ എന്നെപ്പറ്റി അങ്ങയോടു പറഞ്ഞതാണോ?” എന്നു ചോദിച്ചു. പീലാത്തോസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണോ? നിങ്ങളുടെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിങ്ങളെ എന്റെ പക്കൽ ഏല്പിച്ചത്. നിങ്ങൾ ചെയ്ത കുറ്റം എന്താണ്?” യേശു പറഞ്ഞു: “എന്റെ രാജ്യം ഭൗമികമല്ല. അങ്ങനെ ആയിരുന്നെങ്കിൽ എന്നെ യെഹൂദന്മാർക്ക് ഏല്പിച്ചുകൊടുക്കാതിരിക്കുന്നതിനുവേണ്ടി എന്റെ പടയാളികൾ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജത്വം ഐഹികമല്ല.” “അപ്പോൾ നിങ്ങൾ രാജാവു തന്നെയോ?” എന്നു പീലാത്തോസ് ചോദിച്ചു. “ഞാൻ രാജാവാകുന്നു എന്ന് അങ്ങു പറയുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുവേണ്ടിയാണ് ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യതൽപരനായ ഏതൊരുവനും എന്റെ ശബ്ദം കേൾക്കുന്നു” എന്ന് യേശു പറഞ്ഞു. പീലാത്തോസ് ചോദിച്ചു: സത്യമോ? അതെന്താണ്? ഇതു പറഞ്ഞശേഷം പീലാത്തോസ് വീണ്ടും പുറത്തുചെന്ന് യെഹൂദന്മാരോട്, “ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല. പെസഹായ്‍ക്ക് ഞാൻ ഒരു തടവുകാരനെ മോചിപ്പിച്ചുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ ഈ രാജാവിനെ ഞാൻ മോചിപ്പിക്കട്ടെയോ?” എന്നു ചോദിച്ചു. ഉടനെ “ഈ മനുഷ്യനെയല്ല, ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക,” എന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞു. ബറബ്ബാസാകട്ടെ ഒരു കവർച്ചക്കാരനായിരുന്നു.

Free Reading Plans and Devotionals related to JOHANA 18:19-40