YouVersion Logo
Search Icon

JOHANA 14

14
വഴിയും സത്യവും ജീവനും
1“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തിൽ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു വാസസ്ഥലം ഒരുക്കുവാൻ പോകുന്നു എന്നു ഞാൻ പറയുമായിരുന്നുവോ? 3ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാൻ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. 4ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”
5തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു.
6യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാൻ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7#14:7 ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങൾ എന്നെ അറിഞ്ഞിരിക്കുന്നതുകൊണ്ട് എന്റെ പിതാവിനെയും അറിയും’ എന്നാണ്.നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോൾമുതൽ നിങ്ങൾ അവിടുത്തെ അറിയുന്നു, നിങ്ങൾ അവിടുത്തെ ദർശിച്ചുമിരിക്കുന്നു.”
8അപ്പോൾ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതന്നാലും; ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.
9യേശു ഇപ്രകാരം അരുൾചെയ്തു: “ഇത്രയുംകാലം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! 10ഞാൻ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാൻ പറയുന്ന ഈ വാക്കുകൾ എന്റെ സ്വന്തമല്ല; പിതാവ് എന്നിൽ വസിച്ച് എന്നിലൂടെ തന്റെ പ്രവൃത്തികൾ നിർവഹിക്കുന്നു. 11ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾകൊണ്ടെങ്കിലും വിശ്വസിക്കുക. 12ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും. 13പിതാവിന്റെ മഹത്ത്വം പുത്രനിൽക്കൂടി വെളിപ്പെടുന്നതിന് എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും ഞാൻ നിങ്ങൾക്കു ചെയ്തുതരും. 14എന്റെ നാമത്തിൽ നിങ്ങൾ #14:14 ചില കൈയെഴുത്തു പ്രതികളിൽ ‘എന്നോട്’ എന്നുകൂടി ചേർത്തിട്ടുണ്ട്.എന്തെങ്കിലും അപേക്ഷിക്കുന്നെങ്കിൽ അതു ഞാൻ ചെയ്തുതരും.
പരിശുദ്ധാത്മദാനത്തെപ്പറ്റി
15“നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും. 16ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാൻ നിങ്ങൾക്കു നല്‌കുകയും ചെയ്യും. 17ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാൽ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങൾ അവിടുത്തെ അറിയുന്നു; എന്തെന്നാൽ അവിടുന്നു നിങ്ങളോടുകൂടി #14:17 ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങളോടുകൂടി ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും’ എന്നാണ്. ഇരിക്കുകയും നിങ്ങളിൽ വസിക്കുകയും ചെയ്യുന്നു.
18“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. 19അല്പസമയംകൂടി കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; എന്നാൽ നിങ്ങൾ എന്നെ കാണും; ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. 20ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങൾ അന്നു ഗ്രഹിക്കും.
21“എന്റെ കല്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.”
22അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങൾക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു.
23യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്റെ വചനം അനുസരിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും. 24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനങ്ങൾ അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന വചനം എന്റെ സ്വന്തമല്ല എന്നെ അയച്ച പിതാവിൻറേതത്രേ.
25“ഞാൻ നിങ്ങളുടെ കൂടെയുള്ളപ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26എന്നാൽ എന്റെ നാമത്തിൽ പിതാവ് അയയ്‍ക്കുവാൻ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകൻ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും.
27“സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നല്‌കുന്നതുപോലെയുള്ള സമാധാനമല്ല ഞാൻ നിങ്ങൾക്കു നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്. 28ഞാൻ പോകുകയാണെന്നും നിങ്ങളുടെയടുക്കൽ മടങ്ങി വരുമെന്നും ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടുവല്ലോ. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാൾ വലിയവനാണല്ലോ. 29മുൻകൂട്ടി ഞാനിതു പറഞ്ഞത് ഇതു സംഭവിക്കുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടാകുവാനാണ്. 30നിങ്ങളോടു സംസാരിക്കുവാൻ എനിക്കിനി അധികം സമയമില്ല. എന്തെന്നാൽ ഈ ലോകത്തിന്റെ അധിപതി വരുന്നു. എങ്കിലും അവന് എന്റെമേൽ ഒരധികാരവുമില്ല. 31എന്നാൽ ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നു ലോകം അറിയേണ്ടതിന് പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു.
“എഴുന്നേല്‌ക്കുക; നമുക്കു പുറപ്പെടാം.”

Currently Selected:

JOHANA 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy