YouVersion Logo
Search Icon

JEREMIA 43

43
യിരെമ്യായെ ഈജിപ്തിലേക്കു കൊണ്ടുപോകുന്നു
1ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യാൻ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു. 2പിന്നീട് ഹോശയ്യായുടെ പുത്രൻ അസര്യായും കാരേഹിന്റെ പുത്രൻ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേർന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തിൽപോയി അവിടെ പാർക്കരുത് എന്നു പറയാൻ ഞങ്ങളുടെ ദൈവമായ സർവേശ്വരൻ നിന്നെ അയച്ചിട്ടില്ല. 3ബാബിലോണ്യർ ഞങ്ങളെ കൊല്ലുന്നതിനോ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നതിനോവേണ്ടി അവരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചുകൊടുക്കാൻ നേര്യായുടെ പുത്രൻ ബാരൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.” 4അങ്ങനെ കാരേഹിന്റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സർവജനങ്ങളും യെഹൂദ്യയിൽ തന്നെ പാർക്കണമെന്നുള്ള സർവേശ്വരന്റെ കല്പന അനുസരിച്ചില്ല. 5യോഹാനാനും സൈന്യാധിപന്മാരുംകൂടി ചിതറിപ്പോയ സ്ഥലങ്ങളിൽനിന്നു യെഹൂദ്യയിൽ പാർക്കാൻ മടങ്ങിവന്ന യെഹൂദന്മാരെയും 6സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും രാജകുമാരിമാരെയും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ, ഗെദല്യായുടെ അടുക്കൽ അകമ്പടി സേനാനായകനായ നെബൂസർ-അദാൻ ഏല്പിച്ചിരുന്ന സർവജനങ്ങളെയും യിരെമ്യാപ്രവാചകനെയും നേര്യായുടെ പുത്രൻ ബാരൂക്കിനെയും ഈജിപ്തിലേക്കു കൊണ്ടുപോയി. 7സർവേശ്വരന്റെ കല്പന അനുസരിക്കാതെ അവർ ഈജിപ്തുദേശത്തു തഹ്പനേസിൽ എത്തി.
8തഹ്പനേസിൽവച്ചു സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി. 9“നീ വലിയ കല്ലുകൾ എടുത്തു യെഹൂദന്മാർ കാൺകെ തഹ്പനേസിൽ ഫറവോയുടെ കൊട്ടാരത്തിന്റെ പടിവാതില്‌ക്കലുള്ള കൽത്തളത്തിലെ കുമ്മായക്കൂട്ടിൽ കുഴിച്ചിടുക. 10പിന്നീട് അവരോടു പറയണം, ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസനായ നെബുഖദ്നേസറിനെ ഞാൻ ഇവിടേക്ക് അയയ്‍ക്കും; ഞാൻ കുഴിച്ചിട്ട കല്ലുകളുടെ മുകളിൽ അദ്ദേഹത്തിന്റെ സിംഹാസനം ഉറപ്പിക്കും; തന്റെ രാജകീയ വിരിപ്പന്തൽ അവയുടെമേൽ ഉയർത്തും. 11അവൻ വന്ന് ഈജിപ്തുദേശത്തെ തകർക്കും; പകർച്ചവ്യാധിക്കു വിധിക്കപ്പെട്ടവരെ പകർച്ചവ്യാധിക്കും പ്രവാസത്തിനു വിധിക്കപ്പെട്ടവരെ പ്രവാസത്തിനും വാളിനു വിധിക്കപ്പെട്ടവരെ വാളിനും ഇരയാക്കും. 12ഈജിപ്തിൽ ദേവന്മാരുടെ ക്ഷേത്രങ്ങൾക്ക് തീ വയ്‍ക്കും; ദേവന്മാരെ അഗ്നിക്കിരയാക്കുകയോ ബന്ദികളായി കൊണ്ടുപോകുകയോ ചെയ്യും; ആട്ടിടയൻ തന്റെ പുതപ്പിൽനിന്നു പ്രാണികളെ കുടഞ്ഞുകളഞ്ഞ് അതു ശുദ്ധമാക്കുന്നതുപോലെ ഈജിപ്ത് ദേശം ഞാൻ ശുദ്ധമാക്കും; സമാധാനത്തോടെ ബാബിലോൺരാജാവ് മടങ്ങിപ്പോകുകയും ചെയ്യും. 13ഈജിപ്തിലുള്ള സൂര്യക്ഷേത്രത്തിലെ സ്തംഭങ്ങൾ അവൻ തകർക്കും; ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ അവൻ അഗ്നിക്കിരയാക്കും.”

Currently Selected:

JEREMIA 43: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy