YouVersion Logo
Search Icon

JEREMIA 4

4
അനുതാപത്തിനുള്ള ആഹ്വാനം
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ അടുക്കലേക്കു വരിക; എന്റെ സന്നിധിയിൽനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നിൽനിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക. 2ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യസന്ധമായും നീതിയായും പരമാർഥമായും പ്രതിജ്ഞ ചെയ്യുക; എന്നാൽ അവിടുത്തെ നാമത്തിൽ ജനതകൾ അന്യോന്യം അനുഗ്രഹിക്കുകയും അവർ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”
3യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളോട് അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുഭൂമി ഉഴുതു മറിക്കുക; മുള്ളുകളുടെ ഇടയിൽ വിതയ്‍ക്കരുത്. 4യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സർവേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിൻ; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താൻ ആർക്കും കഴിയുകയില്ല.”
യെഹൂദ്യക്കെതിരെ ഭീഷണി
5“യെഹൂദ്യയിൽ വിളംബരം ചെയ്യുവിൻ, യെരൂശലേമിൽ പ്രഖ്യാപിക്കുവിൻ; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിൻ; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവിൻ. 6സീയോൻ ലക്ഷ്യമാക്കി കൊടി ഉയർത്തുവിൻ; സുരക്ഷിതത്വത്തിനു വേണ്ടി ഓടുവിൻ. തങ്ങി നില്‌ക്കരുത്; കാരണം വടക്കുനിന്നു തിന്മയും ഭയങ്കരമായ നാശവും ഞാൻ വരുത്തും. 7സിംഹം കുറ്റിക്കാട്ടിൽനിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകൻ സങ്കേതത്തിൽനിന്നു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരങ്ങളാകും. 8അതുകൊണ്ടു നിങ്ങൾ ചാക്കുതുണി ഉടുത്തു വിലപിക്കുവിൻ; പൊട്ടിക്കരയുവിൻ. സർവേശ്വരന്റെ ഉഗ്രകോപം നമ്മിൽനിന്നു മാറിയിട്ടില്ലല്ലോ.”
9സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാർ ഭ്രമിക്കും; പ്രവാചകന്മാർ അമ്പരന്നുപോകും.” 10അപ്പോൾ ഞാൻ പറഞ്ഞു: “ദൈവമായ സർവേശ്വരാ, വാൾ അവരുടെ കഴുത്തിൽ വീണിരിക്കുമ്പോൾതന്നെ നിങ്ങൾക്കെല്ലാം ശുഭം എന്നു പറഞ്ഞ് അവിടുന്ന് ഈ ജനത്തെയും യെരൂശലേമിനെയും വഞ്ചിച്ചുവല്ലോ.”
11അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല. 12ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”
ശത്രുക്കൾ യെഹൂദ്യയെ വളയുന്നു
13ഇതാ, മേഘങ്ങളെപ്പോലെ അയാൾ വരുന്നു; അയാളുടെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയാണ്; കുതിരകൾ കഴുകനെക്കാൾ വേഗമേറിയവ; അയ്യോ ഞങ്ങൾക്കു ദുരിതം; ഞങ്ങൾ നശിച്ചുകഴിഞ്ഞു. 14യെരൂശലേമേ, നിന്റെ ഹൃദയത്തിൽനിന്നു ദുഷ്ടത കഴുകിക്കളയുവിൻ. എന്നാൽ നീ രക്ഷപെടും; ദുശ്ചിന്തകൾ എത്രകാലം നിന്നിൽ കുടിയിരിക്കും. 15ദാനിൽനിന്ന് ഒരു ശബ്ദവും എഫ്രയീംപർവതങ്ങളിൽനിന്ന് അനർഥത്തെപ്പറ്റിയുള്ള പ്രഖ്യാപനവും കേൾക്കുന്നു. 16ജനതകളോടു പ്രഖ്യാപിക്കുവിൻ; വിദൂരത്തുനിന്നു ശത്രുക്കൾ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങൾക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിൻ. വയലിലെ കാവല്‌ക്കാരെപ്പോലെ അവർ അവളെ വളഞ്ഞിരിക്കുന്നു; 17കാരണം, അവൾ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 18നീ സ്വീകരിച്ച വഴികളും നിന്റെ പ്രവൃത്തികളുമാണ് ഇതെല്ലാം നിനക്കു വരുത്തിവച്ചത്. ഇതു നിനക്കുള്ള ശിക്ഷയാണ്; ഇതു കയ്പേറിയതുതന്നെ; അതു നിന്റെ ഹൃദയത്തിൽ തുളച്ചുകയറിയിരിക്കുന്നു.
യിരെമ്യായുടെ ദുഃഖം
19വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാൻ പുളയുന്നു; എന്റെ ഹൃദയഭിത്തികൾ തകരുന്നു; എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാൻ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാൻ കേൾക്കുന്നത്. 20നാശത്തിനു പിറകേ മറ്റൊരു നാശം; ദേശം മുഴുവൻ വിജനമായിത്തീർന്നിരിക്കുന്നു. എന്റെ കൂടാരങ്ങൾ ക്ഷണനേരംകൊണ്ടു തകർന്നുവീഴുന്നു; കൂടാരവിരിപ്പുകൾ നിമിഷനേരംകൊണ്ടു നശിച്ചുപോകുന്നു. 21എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം? 22“എന്റെ ജനം ഭോഷന്മാരാണ്; അവർ എന്നെ അറിയുന്നില്ല; അവർ ബുദ്ധിയില്ലാത്ത കുട്ടികൾ; അവർക്കു വിവേകം ഒട്ടുമില്ല. തിന്മ ചെയ്യാൻ അവർ സമർഥരാണ്; എന്നാൽ നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അവർക്ക് അറിഞ്ഞുകൂടാ.”
യിരെമ്യായുടെ ദർശനം
23ഞാൻ ഭൂമിയിലേക്കു നോക്കി, അതു രൂപമില്ലാത്തതും ശൂന്യവുമായിരുന്നു; ആകാശത്തേക്കു നോക്കി, അവിടെ പ്രകാശം ഉണ്ടായിരുന്നില്ല. 24ഞാൻ പർവതങ്ങളിലേക്കു നോക്കി, അവ വിറയ്‍ക്കുന്നു; കുന്നുകൾ ആടിക്കൊണ്ടിരിക്കുന്നു. 25ഒരു മനുഷ്യനെയും ഞാൻ അവിടെ കണ്ടില്ല; പക്ഷികൾ എല്ലാം പറന്നു പോയിരിക്കുന്നു. 26ഫലപുഷ്ടമായ ദേശം മരുഭൂമിയായി മാറിയിരിക്കുന്നതു ഞാൻ കണ്ടു; സർവേശ്വരന്റെ ഉഗ്രകോപത്തിൽ നഗരങ്ങളെല്ലാം നിലംപരിചായിരിക്കുന്നു.
27അവിടുന്ന് അരുളിച്ചെയ്യുന്നു: “ദേശമെല്ലാം ശൂന്യമായിത്തീരും; എങ്കിലും ഞാൻ അതു പൂർണമായി നശിപ്പിച്ചുകളയുകയില്ല. 28ഇതുനിമിത്തം ദേശം വിലപിക്കും; ആകാശം ഇരുണ്ടുപോകും; ഞാൻ നിശ്ചയിച്ചിരിക്കുന്നു; അതിനു മാറ്റമില്ല; ഞാൻ പിന്മാറുകയുമില്ല.” 29കുതിരപ്പടയാളികളുടെയും വില്ലാളികളുടെയും ശബ്ദം കേൾക്കുമ്പോൾ നഗരവാസികൾ ഓടിത്തുടങ്ങുന്നു; അവർ കുറ്റിക്കാടുകളിൽ ഒളിക്കുകയും പാറക്കെട്ടുകളിൽ വലിഞ്ഞു കയറുകയും ചെയ്യുന്നു; നഗരങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അതിൽ പാർക്കുന്നില്ല. 30ഉപേക്ഷിക്കപ്പെട്ടവളേ, നീ എന്തിനു രക്താംബരം ധരിക്കുന്നു? സ്വർണാഭരണം അണിയുന്നു? കണ്ണിൽ മഷി എഴുതുന്നതും എന്തിന്? സൗന്ദര്യം വർധിപ്പിക്കാനുള്ള നിന്റെ ശ്രമം വ്യർഥമാണ്; നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കുന്നു; അവർ നിനക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്നു. 31ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’

Currently Selected:

JEREMIA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy