YouVersion Logo
Search Icon

JEREMIA 34

34
സിദെക്കിയായ്‍ക്കു സന്ദേശം
1ബാബിലോൺരാജാവായ നെബുഖദ്നേസറും അയാളുടെ സർവസൈന്യവും അയാളുടെ ആധിപത്യത്തിലുള്ള സകല രാജ്യങ്ങളും ജനതകളും യെരൂശലേമിനോടും അതിന്റെ സകല നഗരങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 2ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായുടെ അടുക്കൽ ചെന്നു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കും. അവൻ അത് അഗ്നിക്കിരയാക്കും. 3അവന്റെ കൈയിൽനിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബിലോൺരാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും. 4യെഹൂദാരാജാവായ സിദെക്കീയായേ, സർവേശ്വരന്റെ വചനം കേൾക്കുക; നിന്നെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു: 5“നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പു രാജാക്കന്മാരായിരുന്ന നിന്റെ പിതാക്കന്മാരുടെ ശവസംസ്കാരത്തിനു ചെയ്തതുപോലെ സുഗന്ധദ്രവ്യങ്ങൾ നിനക്കുവേണ്ടിയും കത്തിക്കും; അയ്യോ, ഞങ്ങളുടെ രാജാവ് എന്നു പറഞ്ഞ് ജനം വിലപിക്കും; ഞാനാണ് ഇതു പറയുന്നത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” 6യിരെമ്യാപ്രവാചകൻ ഇവയെല്ലാം യെരൂശലേമിൽ വച്ചു യെഹൂദാരാജാവായ സിദെക്കീയായോടു പറഞ്ഞു. 7അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനും യെഹൂദാനഗരങ്ങളിൽ ശേഷിച്ചിരുന്ന ലാഖീശ്, അസേക്കാ എന്നീ നഗരങ്ങൾക്കുമെതിരെ യുദ്ധം ചെയ്യുകയായിരുന്നു; കോട്ടകെട്ടി ഉറപ്പിച്ച യെഹൂദാനഗരങ്ങളിൽ ശേഷിച്ചത് ഇവ മാത്രമായിരുന്നു.
എബ്രായ അടിമകളെ വഞ്ചിക്കുന്നു
8എബ്രായ അടിമകളെയെല്ലാം സ്വതന്ത്രരായി പ്രഖ്യാപിക്കാൻ സിദെക്കീയാരാജാവ് യെരൂശലേമിലെ ജനങ്ങളുമായി ഒരു ഉടമ്പടി ചെയ്തു. 9അതിനുശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി, ഉടമ്പടി അനുസരിച്ച് ആരും തങ്ങളുടെ സഹോദരങ്ങളായ യെഹൂദരെ അടിമകളാക്കാൻ പാടില്ലായിരുന്നു. 10സ്‍ത്രീപുരുഷന്മാരായ സകല അടിമകളെയും സ്വതന്ത്രരാക്കാമെന്നും, അവരെ വീണ്ടും അടിമകളാക്കുകയില്ലെന്നും ഉടമ്പടി ചെയ്ത സകല പ്രഭുക്കന്മാരും ജനങ്ങളും സമ്മതിച്ചു; അങ്ങനെ അവർ അടിമകളെ സ്വതന്ത്രരാക്കി. 11പിന്നീട് അവരുടെ മനസ്സ് മാറി; അവർ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ വീണ്ടും അടിമകളാക്കി. 12അപ്പോൾ യിരെമ്യാക്കു സർവേശ്വരനിൽനിന്ന് അരുളപ്പാടുണ്ടായി. 13ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അടിമഗൃഹമായ ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ ഞാൻ അവരുമായി ഉടമ്പടി ചെയ്തിരുന്നു. 14അതനുസരിച്ച് എബ്രായ സഹോദരൻ തന്നെത്തന്നെ നിനക്കു വിൽക്കുകയും അവൻ ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ, ഏഴാം വർഷം അവനെ മോചിപ്പിക്കണം; നിനക്ക് അടിമവേല ചെയ്യുന്നതിൽ നിന്ന് അവനെ സ്വതന്ത്രനാക്കണം; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ വാക്കു കേൾക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. 15ഏതാനും ദിവസങ്ങൾക്കു മുമ്പ് നിങ്ങൾ അനുതപിക്കുകയും അയൽക്കാരുടെ സ്വാതന്ത്ര്യം പ്രഖാപിച്ചുകൊണ്ട് എനിക്കു ഹിതകരമായി പ്രവർത്തിക്കുകയും ചെയ്തു; എന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ആലയത്തിൽ വച്ച് എന്റെ സാന്നിധ്യത്തിൽ നിങ്ങൾ ഒരു ഉടമ്പടിയുമുണ്ടാക്കി. 16എന്നാൽ നിങ്ങൾ പിന്തിരിയുകയും അവരുടെ ആഗ്രഹമനുസരിച്ചു നിങ്ങൾ സ്വതന്ത്രരാക്കിയ ദാസീദാസന്മാരെ തിരിച്ചെടുത്തു നിങ്ങൾ അവരെ വീണ്ടും അടിമകളാക്കുകയും എന്റെ നാമം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. 17അതുകൊണ്ടു സർവേശ്വരൻ കല്പിക്കുന്നു: നിങ്ങൾ എന്നെ അനുസരിച്ചില്ല, നിങ്ങളുടെ സഹോദരനും അയൽക്കാരനും സ്വാതന്ത്ര്യം നല്‌കിയില്ല; ഇതാ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു; വാളിനും മഹാമാരിക്കും ക്ഷാമത്തിനും ഇരയാകാനുള്ള സ്വാതന്ത്ര്യംതന്നെ; ലോകത്തിലുള്ള സകല ജനതകൾക്കും നിങ്ങൾ ഭീതിദവിഷയമായിത്തീരും. 18-19കാളക്കുട്ടിയെ രണ്ടായി പിളർന്ന് അവയ്‍ക്കിടയിലൂടെ കടന്നുപോയി ചെയ്ത ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാതെ അതു ലംഘിച്ച സകല പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും പുരോഹിതരെയും ദേശത്തിലെ സകല ജനങ്ങളെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; 20അവർക്കു പ്രാണഹാനി വരുത്താൻ ശ്രമിക്കുന്നവരുടെ കൈയിൽതന്നെ; അവരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും. 21യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ പ്രഭുക്കന്മാരെയും ശത്രുക്കളുടെ കൈയിൽ ഏല്പിക്കും. അവരെ നിഗ്രഹിക്കാൻ നോക്കുന്നവരുടെയും നിങ്ങളിൽനിന്നു പിൻവാങ്ങിയ ബാബിലോൺരാജാവിന്റെ സൈന്യത്തിന്റെയും കൈയിൽതന്നെ. എന്റെ കല്പനയാൽ ഈ നഗരത്തിലേക്കു ഞാൻ ബാബിലോണ്യരെ മടക്കിവരുത്തും. 22അവർ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങൾ ജനവാസമില്ലാതെ ശൂന്യമാകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”

Currently Selected:

JEREMIA 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy