YouVersion Logo
Search Icon

JEREMIA 32

32
യിരെമ്യാ നിലം വാങ്ങുന്നു
1യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ പത്താം വർഷം, അതായത് നെബുഖദ്നേസർരാജാവിന്റെ ഭരണത്തിന്റെ പതിനെട്ടാം വർഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 2അന്നു ബാബിലോൺരാജാവിന്റെ സൈന്യം യെരൂശലേമിനെ ഉപരോധിച്ചിരുന്നു; യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ കൊട്ടാരത്തിലെ കാരാഗൃഹത്തിലുമായിരുന്നു. യെഹൂദാരാജാവായ സിദെക്കീയാ “യിരെമ്യായേ, നീ ഇങ്ങനെ എന്തിനു പ്രവചിച്ചു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തടവിലാക്കി. 3സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: “ഈ നഗരത്തെ ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. അയാൾ അതു കീഴടക്കും. 4ബാബിലോണ്യരുടെ പിടിയിൽനിന്നു സിദെക്കീയാ രക്ഷപെടുകയില്ല; ബാബിലോൺ രാജാവിന്റെ കൈയിൽ തീർച്ചയായും ഏല്പിക്കപ്പെടും; അവനെ അഭിമുഖമായി കാണുകയും സംസാരിക്കുകയും ചെയ്യും; 5അവൻ സിദെക്കീയായെ ബാബിലോണിലേക്കു കൊണ്ടുപോകും. ഞാൻ അവനെ സന്ദർശിക്കുന്നതുവരെ അവൻ അവിടെ ആയിരിക്കും. ബാബിലോണ്യർക്ക് എതിരെ യുദ്ധം ചെയ്താലും നിങ്ങൾ ജയിക്കുകയില്ല എന്നു നീ എന്തിനു പ്രവചിച്ചു എന്നു പറഞ്ഞുകൊണ്ടാണ് യെഹൂദാരാജാവായ സിദെക്കീയാ യിരെമ്യായെ തടവിലാക്കിയത്.”
6യിരെമ്യാ പറഞ്ഞു: സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു. 7“നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ നിന്റെ അടുക്കൽ വന്ന് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിൻറേതാണ്” എന്നു പറയും. 8അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ, കാവല്‌ക്കാരുടെ അങ്കണത്തിൽ എന്റെ അടുക്കൽ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി.
9അങ്ങനെ എന്റെ പിതൃസഹോദരപുത്രന് പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്ത് അനാഥോത്തിലെ ആ നിലം ഞാൻ വാങ്ങി. 10ആധാരം എഴുതി മുദ്രവച്ച് സാക്ഷികൾ ഒപ്പു വച്ചശേഷം അതിന്റെ വിലയായ വെള്ളി തുലാസിൽവച്ചു തൂക്കിക്കൊടുത്തു. 11വ്യവസ്ഥകൾ അടങ്ങുന്ന മുദ്രവച്ച ആധാരവും അതിന്റെ പകർപ്പും ഞാൻ സ്വീകരിച്ചു. ആധാരം ഞാൻ നേരിയായുടെ പുത്രനും മയസയായുടെ പൗത്രനുമായ ബാരൂക്കിനെ 12എന്റെ പിതൃസഹോദരപുത്രൻ ഹനമേലിന്റെയും ആധാരത്തിൽ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തിൽ വച്ച് ഏല്പിച്ചു. 13അവരുടെ സാന്നിധ്യത്തിൽ ബാരൂക്കിനോടു പറഞ്ഞു: 14“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: മുദ്രവച്ചതും മുദ്രവയ്‍ക്കാത്തതുമായ പ്രമാണങ്ങൾ എടുത്ത് ഏറെക്കാലം സുരക്ഷിതമായിരിക്കാൻ ഒരു മൺപാത്രത്തിൽ വയ്‍ക്കുക.” 15ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ദേശത്ത് ഇനിയും വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും.”
യിരെമ്യായുടെ പ്രാർഥന
16നേരിയായുടെ പുത്രൻ ബാരൂക്കിന്റെ കൈയിൽ ആധാരം ഏല്പിച്ചതിനുശേഷം സർവേശ്വരനോടു ഞാൻ ഇപ്രകാരം പ്രാർഥിച്ചു: 17“ദൈവമായ സർവേശ്വരാ, മഹാശക്തിയാലും ബലമുള്ള കരത്താലും ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് അവിടുന്നാകുന്നു; അവിടുത്തേക്ക് ഒന്നും അസാധ്യമല്ല. 18ആയിരം തലമുറകളോട് അവിടുന്ന് അചഞ്ചലസ്നേഹം കാണിക്കുന്നു; എങ്കിലും പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളോടു പകരം വീട്ടുന്നു. വലിയവനും ബലവാനുമായ ദൈവമേ, അവിടുത്തെ നാമം സർവശക്തനായ സർവേശ്വരൻ എന്നാണല്ലോ. 19അവിടുന്ന് ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തനുമാണ്; മനുഷ്യരുടെ എല്ലാ പ്രവൃത്തികളും അങ്ങു കാണുന്നു; ഓരോരുത്തരും അവനവന്റെ നടപ്പിനും പ്രവൃത്തികൾക്കും അനുസൃതമായി പ്രതിഫലം നല്‌കുകയും ചെയ്യുന്നു. 20ഈജിപ്തിലും ഇസ്രായേലിലും സർവ മനുഷ്യരാശിയുടെ ഇടയിലും ഇന്നോളം അടയാളങ്ങളും അദ്ഭുതങ്ങളും കാണിച്ച് അവിടുന്നു പ്രസിദ്ധനായി. 21സ്വന്തം ജനമായ ഇസ്രായേലിനെ അടയാളങ്ങളാലും അദ്ഭുതങ്ങളാലും ബലമുള്ള കരത്താലും നീട്ടിയ ഭുജത്താലും ഭീതിദമായ പ്രവൃത്തികളാലും ഈജിപ്തിൽനിന്ന് അങ്ങു വിമോചിപ്പിച്ചു. 22അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ഈ ദേശം അങ്ങ് അവർക്കു കൊടുത്തു. 23അവർ പ്രവേശിച്ച് ഈ സ്ഥലം കൈവശപ്പെടുത്തി; എങ്കിലും അവർ അങ്ങയുടെ വാക്കു കേട്ടനുസരിക്കുകയോ അവിടുത്തെ നിയമം പാലിക്കുകയോ ചെയ്തില്ല; അങ്ങു കല്പിച്ചതൊന്നും അവർ അനുസരിച്ചതുമില്ല. അതുകൊണ്ടായിരുന്നു ഈ അനർഥമെല്ലാം അങ്ങ് അവരുടെമേൽ വരുത്തിയത്. 24നഗരം പിടിച്ചടക്കുന്നതിനുള്ള ഉപരോധത്തിനുവേണ്ടി ഇതാ മൺകൂനകൾ ഉയർന്നുവരുന്നു; വാളും ക്ഷാമവും മഹാമാരിയും നിമിത്തം നഗരം അതിനെതിരെ യുദ്ധം ചെയ്യുന്ന ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; അവിടുന്ന് അരുളിച്ചെയ്ത കാര്യങ്ങൾ എല്ലാം നിറവേറിയിരിക്കുന്നു; അവിടുന്ന് ഇതെല്ലാം കാണുന്നുണ്ടല്ലോ. 25നഗരം ബാബിലോണിന്റെ കൈയിൽ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തിൽ നിലം വിലയ്‍ക്കു വാങ്ങാൻ സർവേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”
26അവിടുത്തെ അരുളപ്പാട് യിരെമ്യാക്കുണ്ടായി: 27“ഞാൻ സകല മനുഷ്യരുടെയും ദൈവമായ സർവേശ്വരനാകുന്നു; എനിക്ക് അസാധ്യമായി വല്ലതുമുണ്ടോ? 28ഞാൻ ഈ നഗരത്തെ ബാബിലോണ്യരുടെ കൈയിൽ, ബാബിലോൺരാജാവായ നെബുഖദ്നേസർരാജാവിന്റെ കൈയിൽതന്നെ ഏല്പിക്കും; അവൻ അതു കൈവശമാക്കും. 29ഈ നഗരത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ബാബിലോണ്യർ വന്നു നഗരത്തിനു തീ വയ്‍ക്കും; എന്നെ പ്രകോപിപ്പിക്കുന്നതിനുവേണ്ടി മട്ടുപ്പാവുകളുടെ മുകളിൽവച്ചു ബാലിനു ധൂപമർപ്പിക്കുകയും അന്യദേവന്മാർക്കു പാനീയബലി അർപ്പിക്കുകയും ചെയ്യുന്ന എല്ലാ ഭവനങ്ങളോടും കൂടി അതിനെ ചുട്ടെരിക്കും. 30ഇസ്രായേല്യരും യെഹൂദ്യരും ബാല്യംമുതൽ എനിക്ക് അനിഷ്ടമായതു ചെയ്തു; ഇസ്രായേൽജനം അവരുടെ പ്രവൃത്തികൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 31ഈ നഗരം പണിത ദിനംമുതൽ ഇന്നുവരെ അത് എന്നിൽ കോപവും ക്രോധവും ജ്വലിപ്പിച്ചു; എന്റെ കൺമുമ്പിൽനിന്നു ഞാൻ അതിനെ നീക്കിക്കളയും. 32ഇസ്രായേല്യരും യെഹൂദ്യരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദ്യയിലെയും യെരൂശലേമിലെയും നിവാസികളും തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതു കൊണ്ടുതന്നെ. 33അവർ തങ്ങളുടെ മുഖം എങ്കലേക്കു തിരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു; നിരന്തരം ഞാൻ അവരെ പഠിപ്പിച്ചെങ്കിലും എന്റെ പ്രബോധനം സ്വീകരിക്കാൻ അവർ തയ്യാറായില്ല. 34എന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ആലയത്തെ അശുദ്ധമാക്കുന്നതിനുവേണ്ടി അവർ അതിൽ മ്ലേച്ഛ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. 35തങ്ങളുടെ പുത്രീപുത്രന്മാരെ മോലെക്ക് ദേവനു ഹോമിക്കാൻ അവർ ബെൻ-ഹിന്നോം താഴ്‌വരയിൽ ബാലിനു പൂജാഗിരികൾ പണിതു; അതു ഞാൻ കല്പിച്ചതല്ല. അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല; ഈ മ്ലേച്ഛത പ്രവർത്തിച്ചതുമൂലം യെഹൂദായെക്കൊണ്ടു പാപം ചെയ്യിച്ചു.
പ്രത്യാശാ വാഗ്ദാനം
36യുദ്ധവും ക്ഷാമവും മഹാമാരിയും മൂലം ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്ന ഈ നഗരത്തെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: 37“ഞാൻ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളിൽ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവർ സുരക്ഷിതരായി ഇവിടെ പാർക്കാൻ ഇടയാകും. 38അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. 39അവർക്കും അവർക്കുശേഷം അവരുടെ മക്കൾക്കും നന്മ ഉണ്ടാകാൻവേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാൻ ഏകമനസ്സും ഏകമാർഗവും ഞാൻ അവർക്കു നല്‌കും. 40ഞാൻ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവർക്കു നന്മ ചെയ്യുന്നതിൽനിന്നു ഞാൻ പിന്തിരിയുകയില്ല. അവർ എന്നിൽനിന്നു മാറിപ്പോകാതിരിക്കാൻ എന്നോടുള്ള ഭക്തി അവരുടെ ഉള്ളിൽ നിക്ഷേപിക്കും. 41അവർക്കു നന്മ ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കും; പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി വിശ്വസ്തമായി ഞാൻ അവരെ ഈ ദേശത്തു നട്ടു വളർത്തും.”
42സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെമേൽ ഇത്ര വലിയ അനർഥം വരുത്തിവച്ചതുപോലെ ഞാൻ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേൽ വർഷിക്കും. 43മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങൾ പറയുന്ന ഈ സ്ഥലത്തു നിങ്ങൾ വയലുകൾ വാങ്ങും. 44അവർ ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങൾ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവർക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Currently Selected:

JEREMIA 32: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy