YouVersion Logo
Search Icon

JEREMIA 13

13
അരക്കച്ച
1സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ പോയി ഒരു ചണവസ്ത്രം വാങ്ങി അരയ്‍ക്കു കെട്ടുക; അതു വെള്ളത്തിൽ മുക്കരുത്.” 2അവിടുന്നു കല്പിച്ചതുപോലെ ഞാൻ പോയി, അരക്കച്ച വാങ്ങി, അരയ്‍ക്കു കെട്ടി. 3അവിടുത്തെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി: 4“നീ വാങ്ങി ധരിച്ചിരിക്കുന്ന അരക്കച്ചയുമായി യൂഫ്രട്ടീസ് നദീതീരത്തുപോയി, അവിടെയുള്ള പാറയിടുക്കിൽ അത് ഒളിച്ചുവയ്‍ക്കുക.” 5സർവേശ്വരൻ കല്പിച്ചതുപോലെ ഞാൻ യൂഫ്രട്ടീസ്തീരത്തു ചെന്ന് അത് അവിടെ ഒളിച്ചുവച്ചു. 6വളരെ ദിവസങ്ങൾക്കുശേഷം അവിടുന്ന് എന്നോടരുളിച്ചെയ്തു: “നീ എഴുന്നേറ്റ് യൂഫ്രട്ടീസ്തീരത്തു ചെന്നു ഞാൻ കല്പിച്ചപ്രകാരം നീ ഒളിച്ചുവച്ച അരക്കച്ച എടുക്കുക.” 7അങ്ങനെ ഞാൻ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചിരുന്നു.
8അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 9യെഹൂദായുടെ ഗർവും യെരൂശലേമിന്റെ ഔദ്ധത്യവും ഞാൻ ഇതുപോലെ നശിപ്പിക്കും. 10എന്റെ വാക്ക് അനുസരിക്കാതെ ദുശ്ശാഠ്യത്തോടെ നടക്കുകയും അന്യദേവന്മാരുടെ പിന്നാലെ പോയി അവരെ സേവിച്ച് ആരാധിക്കുകയും ചെയ്യുന്ന ദുഷ്ടജനത്തെ ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെയാക്കും. 11അരക്കച്ച ഒരുവന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ സർവ ഇസ്രായേൽഗൃഹവും, സർവ യെഹൂദാഗൃഹവും എന്നോടു പറ്റിച്ചേരുമാറാക്കി. അവർ എന്റെ ജനവും എന്റെ കീർത്തിയും എന്റെ അഭിമാനവും എന്റെ മഹത്ത്വവും ആയിത്തീരുന്നതിനുവേണ്ടി ആയിരുന്നു അത്. അവരാകട്ടെ അതു ശ്രദ്ധിച്ചില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
തോല്‌ക്കുടങ്ങൾ
12നീ അവരോടു പറയുക; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും; അപ്പോൾ അവർ നിന്നോടു പറയും, എല്ലാ തോല്‌ക്കുടങ്ങളിലും വീഞ്ഞു നിറയും എന്നു ഞങ്ങൾക്കറിഞ്ഞുകൂടേ? 13അപ്പോൾ നീ അവരോടു പറയണം: “സർവേശ്വരൻ അരുളിച്ചെയ്യുന്നു; ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കന്മാർ, പുരോഹിതന്മാർ, പ്രവാചകർ, സർവ യെരൂശലേംനിവാസികൾ എന്നീ ദേശവാസികളെയെല്ലാം ഞാൻ ലഹരികൊണ്ട് ഉന്മത്തരാക്കും. 14ഞാൻ അവരെ തമ്മിൽ തമ്മിലും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും കൂട്ടിയടിപ്പിച്ചു നശിപ്പിക്കുമാറാക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; ഞാൻ ആരോടും ദയ കാണിക്കയില്ല; ആരെയും വെറുതേ വിടുകയില്ല, ആരോടും കരുണ കാണിക്കയുമില്ല. ഞാൻ അവരെയെല്ലാം നശിപ്പിക്കും.”
അഹങ്കാരത്തിനെതിരെ മുന്നറിയിപ്പ്
15നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ, അഹങ്കരിക്കരുത്; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. 16ഞാൻ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പർവതങ്ങളിൽ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സർവേശ്വരനു മഹത്ത്വം നല്‌കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ തന്നെ അവിടുന്ന് അതിനെ മരണത്തിന്റെ കരിനിഴലും കൂരിരുട്ടുമാക്കും. 17നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്റെ ആത്മാവ് രഹസ്യമായി കേഴും; സർവേശ്വരൻ ആട്ടിൻകൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാൽ ഞാൻ ഹൃദയം നൊന്തു കരയും; കണ്ണുനീർ ധാരധാരയായി ഒഴുകും.
18രാജാവിനോടും രാജമാതാവിനോടും പറയുക: “നിന്റെ മനോഹരമായ കിരീടം ശിരസ്സിൽനിന്നു വീണുപോയിരിക്കുന്നതുകൊണ്ടു സിംഹാസനത്തിൽ നിന്നിറങ്ങി താഴെ ഇരിക്കുക.” 19നെഗബിലെ നഗരങ്ങൾ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാൻ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.
20യെരൂശലേമേ, നിന്റെ കണ്ണുകളുയർത്തി വടക്കുനിന്നു വരുന്നവരെ കാണുക; നിന്നെ ഏല്പിച്ചിരുന്ന നിന്റെ മനോഹരമായ ആട്ടിൻകൂട്ടം എവിടെ? 21സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോല്പിച്ചു നിന്നെ ഭരിക്കുമ്പോൾ നീ എന്തു പറയും? ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ നീ വേദനപ്പെടുകയില്ലേ? 22“എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു നീ സ്വയം ചോദിച്ചേക്കാം; നിന്റെ തിന്മകളുടെ ആധിക്യം നിമിത്തമാണ് അവർ നിന്റെ വസ്ത്രമുരിഞ്ഞു നിന്നെ അപമാനിച്ചത്. 23എത്യോപ്യനു തന്റെ തൊലിയോ പുള്ളിപ്പുലിക്ക് അതിന്റെ പുളളിയോ മാറ്റാൻ കഴിയുമോ? എങ്കിൽ മാത്രമേ തിന്മചെയ്യാൻ മാത്രം ശീലിച്ച നിനക്കു നന്മ ചെയ്യാൻ കഴിയുകയുള്ളൂ. 24മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പറക്കുന്ന പതിരുപോലെ ഞാൻ നിങ്ങളെ ചിതറിക്കും. 25നീ എന്നെ മറന്ന് വ്യർഥകാര്യങ്ങളിൽ ആശ്രയിച്ചിരിക്കുന്നതുകൊണ്ടു നിനക്കു ലഭിച്ചിരിക്കുന്ന അവകാശവും ഞാൻ നിനക്ക് അളന്നു തന്നിരിക്കുന്ന ഓഹരിയും ഇതാണ്. 26ഞാൻ നിന്റെ ഉടുതുണി നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത വെളിവാകും. നിന്റെ മ്ലേച്ഛതകൾ ഞാൻ കണ്ടിരിക്കുന്നു, 27നിന്റെ വ്യഭിചാരവും മദഗർജനവും കാമാർത്തമായ വേശ്യാവൃത്തിയും കുന്നുകളിലും വയലുകളിലും ഞാൻ കണ്ടു; യെരൂശലേമേ, നിനക്കു ദുരിതം! നീ ശുദ്ധയാകാൻ എത്രകാലം വേണ്ടിവരും?”

Currently Selected:

JEREMIA 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy