YouVersion Logo
Search Icon

RORELTUTE 2

2
സർവേശ്വരന്റെ ദൂതൻ ബോഖീമിൽ
1സർവേശ്വരന്റെ ദൂതൻ ഗില്ഗാലിൽനിന്നു ബോഖീമിൽ ചെന്ന് ഇസ്രായേൽജനത്തോടു പറഞ്ഞു: “ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ച് നിങ്ങളുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തിരുന്ന ദേശത്തേക്കു കൊണ്ടുവന്നു. നിങ്ങളോടു ചെയ്ത ഉടമ്പടി ഞാൻ ഒരിക്കലും ലംഘിക്കുകയില്ല. 2നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങൾ ഇടിച്ചു കളയണമെന്നും ഞാൻ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാൽ എന്റെ വാക്ക് നിങ്ങൾ കേട്ടില്ല. നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചത് എന്തുകൊണ്ട്? 3അതിനാൽ ഞാൻ പറയുന്നു: അവരെ നിങ്ങളുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ ശത്രുക്കളായിത്തീരും; അവരുടെ ദേവന്മാർ നിങ്ങൾക്കു കെണിയായിത്തീരുകയും ചെയ്യും.” 4സർവേശ്വരന്റെ ദൂതൻ ഈ വാക്കുകൾ ഇസ്രായേൽജനത്തോടു പറഞ്ഞപ്പോൾ അവർ ഉച്ചത്തിൽ കരഞ്ഞു. 5അവർ ആ സ്ഥലത്തിനു #2:5 ബോഖീം = കരയുന്നവർ.ബോഖീം എന്നു പേരിട്ടു. അവർ അവിടെ സർവേശ്വരന് യാഗം അർപ്പിക്കുകയും ചെയ്തു.
യോശുവയുടെ മരണം
6പിന്നീട് യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചു; തങ്ങൾക്ക് അവകാശമായി ലഭിച്ച ഭൂമി കൈവശപ്പെടുത്താൻ അവർ ഓരോരുത്തരും പോയി. 7യോശുവയുടെ കാലത്തും അതിനുശേഷവും ജീവിച്ചിരുന്നവരും സർവേശ്വരൻ ഇസ്രായേലിന് ചെയ്ത വൻകാര്യങ്ങൾ കണ്ടിട്ടുള്ളവരുമായ ജനനേതാക്കന്മാരുടെ കാലത്തും ജനം സർവേശ്വരനെ സേവിച്ചു. 8നൂറ്റിപ്പത്താമത്തെ വയസ്സിൽ അവിടുത്തെ ദാസനും നൂനിന്റെ മകനുമായ യോശുവ മരിച്ചു. 9അദ്ദേഹത്തെ എഫ്രയീം മലനാട്ടിൽ ഗായശ്മലയുടെ വടക്കു വശത്തുള്ള തിമ്നാത്ത്-ഹേരെസിൽ തന്റെ അവകാശഭൂമിയിൽതന്നെ സംസ്കരിച്ചു. 10ആ തലമുറയിലുള്ള എല്ലാവരും മരിച്ച് അവരുടെ പിതാക്കന്മാരോടു ചേർന്നു. സർവേശ്വരനെയും ഇസ്രായേലിനുവേണ്ടി അവിടുന്നു ചെയ്തിട്ടുള്ള പ്രവൃത്തികളെയും മറന്നുകളഞ്ഞ മറ്റൊരു തലമുറ വളർന്നുവന്നു.
ഇസ്രായേൽജനം സർവേശ്വരനെ പരിത്യജിക്കുന്നു
11പിന്നീട് ഇസ്രായേൽജനം ബാൽദേവന്മാരെ ആരാധിച്ച് സർവേശ്വരന്റെ സന്നിധിയിൽ തിന്മ ചെയ്തു. 12അവരുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവർ പിൻചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. 13അവർ സർവേശ്വരനെ ഉപേക്ഷിച്ച് ബാൽദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു. 14അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേൽജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയിൽ ഏല്പിച്ചു. അവർ അവരെ കവർച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ അവർക്കു കഴിഞ്ഞില്ല. 15സർവേശ്വരന്റെ പ്രതിജ്ഞപോലെയും അവർക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവർ പരാജിതരായി. അവിടുത്തെ കരം അവർക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവർ വലിയ കഷ്ടതയിലായി. 16കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാൻ സർവേശ്വരൻ ന്യായാധിപന്മാരെ നിയോഗിച്ചു. 17എങ്കിലും അവർ അവരെ അനുസരിച്ചില്ല; സർവേശ്വരനോട് അവർ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകൾ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയിൽനിന്ന് അവർ വ്യതിചലിച്ചു. 18അവർക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സർവേശ്വരൻ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മർദനങ്ങളിലും അവർ നിലവിളിക്കുമ്പോൾ സർവേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു. 19എന്നാൽ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേൽജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി മ്ലേച്ഛത പ്രവർത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവർ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല; 20അപ്പോഴെല്ലാം സർവേശ്വരന്റെ കോപം ഇസ്രായേൽജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാൻ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കുകയും എന്റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് 21യോശുവ മരിക്കുമ്പോൾ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളിൽ ഒന്നിനെപ്പോലും അവരുടെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളയുകയില്ല. 22അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന എന്റെ വഴിയിൽ അവർ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാൻ പരീക്ഷിച്ചുനോക്കും.” 23അതുകൊണ്ട് സർവേശ്വരൻ ആ ജനതകളെ യോശുവയുടെ കൈയിൽ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു.

Currently Selected:

RORELTUTE 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy