YouVersion Logo
Search Icon

RORELTUTE 14

14
ശിംശോന്റെ വിവാഹം
1ഒരിക്കൽ ശിംശോൻ തിമ്നായിലേക്ക് പോയി; അവിടെവച്ച് ഒരു ഫെലിസ്ത്യ യുവതിയെ കാണാനിടയായി. 2അയാൾ ഭവനത്തിൽ മടങ്ങിവന്നു മാതാപിതാക്കളോടു പറഞ്ഞു: “ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു; അവളെ എനിക്കു വിവാഹം ചെയ്തുതരണം.” 3അയാളുടെ മാതാപിതാക്കൾ ചോദിച്ചു: “നമ്മുടെ ചാർച്ചക്കാരുടെ ഇടയിലോ ഇസ്രായേൽസമൂഹത്തിലോ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടാണോ പരിച്ഛേദനം സ്വീകരിക്കാത്ത ഫെലിസ്ത്യരുടെ അടുത്തുനിന്ന് ഭാര്യയെ എടുക്കുന്നത്?” അപ്പോൾ ശിംശോൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവളെ അതിയായി ഇഷ്ടപ്പെടുന്നു; എനിക്ക് അവളെ ഭാര്യയായി തരിക.” 4ഇതിനുള്ള പ്രേരണ നല്‌കിയതു സർവേശ്വരനാണെന്ന് അവന്റെ മാതാപിതാക്കൾ അറിഞ്ഞില്ല. ഫെലിസ്ത്യരെ എതിരിടുന്നതിന് അവിടുന്ന് ഒരു അവസരം തേടുകയായിരുന്നു. ആ കാലത്തു ഫെലിസ്ത്യരായിരുന്നു ഇസ്രായേലിനെ ഭരിച്ചിരുന്നത്.
5ശിംശോൻ മാതാപിതാക്കളുടെ കൂടെ തിമ്നായിലേക്കു പുറപ്പെട്ടു. അവിടെ മുന്തിരിത്തോട്ടങ്ങളുടെ അടുത്തെത്തിയപ്പോൾ ഒരു സിംഹക്കുട്ടി ശിംശോന്റെ നേരേ ഗർജിച്ചുകൊണ്ടു വന്നു. 6അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തമായി വന്നു. ആയുധങ്ങളൊന്നും കൈയിൽ ഇല്ലാതെതന്നെ അയാൾ അതിനെ ആട്ടിൻകുട്ടിയെ എന്നപോലെ പിച്ചിച്ചീന്തിക്കളഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് അയാൾ പറഞ്ഞില്ല.
7അതിനുശേഷം ശിംശോൻ ചെന്ന് ആ യുവതിയോടു സംസാരിച്ചു; അയാൾക്ക് അവളെ വളരെ ഇഷ്ടമായി. 8ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ അവളെ കൂട്ടിക്കൊണ്ടു പോകാൻ വീണ്ടും ചെന്നു. പോകുന്ന വഴിക്കു താൻ മുമ്പു കൊന്ന സിംഹത്തിന്റെ ഉടൽ കാണാൻ അയാൾ പോയി; സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂടും തേനും കണ്ടു. 9അയാൾ തേൻ അടർത്തിയെടുത്തു തിന്നുംകൊണ്ടു നടന്നു. തന്റെ മാതാപിതാക്കളുടെ അടുക്കൽ പോയി അവർക്കും കൊടുത്തു. അവരും അതു തിന്നു; എന്നാൽ തേൻ സിംഹത്തിന്റെ ഉടലിൽനിന്നെടുത്തതാണെന്ന് അവരോടു പറഞ്ഞില്ല.
10ശിംശോന്റെ പിതാവ് യുവതിയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു. യുവാക്കന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു. 11ഫെലിസ്ത്യർ അയാളെ കണ്ടപ്പോൾ അയാളോടൊത്ത് ഇരിക്കുന്നതിനു യുവാക്കന്മാരായ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. 12ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോടു ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസങ്ങൾക്കുള്ളിൽ അതിനു മറുപടി പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും തരും. 13ഉത്തരം പറയാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിൽ മുപ്പതു ലിനൻ ഉടുപ്പുകളും മുപ്പതു വിശേഷവസ്ത്രങ്ങളും നിങ്ങൾ എനിക്കു തരണം.” അവർ അവനോടു പറഞ്ഞു: “നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ.” 14അയാൾ പറഞ്ഞു:
“ഭോക്താവിൽനിന്നു ഭോജ്യവും
ശക്തനിൽനിന്നു മധുരവും പുറപ്പെട്ടു.”
മൂന്നു ദിവസം കഴിഞ്ഞിട്ടും അവർക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ല. 15#14:15 നാലാം ദിവസം = മൂലഭാഷയിൽ ഏഴ് (7) എന്നു കാണുന്നു.നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “കടത്തിന്റെ ഉത്തരം പറഞ്ഞുതരുന്നതിനുവേണ്ടി നീ ഭർത്താവിനെ വശീകരിക്കുക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനക്കാരെയും ചുട്ടുകളയും. ഞങ്ങൾ ദരിദ്രരായിത്തീരുന്നതിനുവേണ്ടിയാണോ നീ ഞങ്ങളെ വിളിച്ചുവരുത്തിയത്.” 16ശിംശോന്റെ ഭാര്യ അയാളുടെ മുമ്പിൽ കരഞ്ഞുകൊണ്ടു പറഞ്ഞു: “നിങ്ങൾ എന്നെ സ്നേഹിക്കുന്നില്ല. നിങ്ങൾക്ക് എന്നോടു വെറുപ്പാണ്. എന്റെ കൂട്ടത്തിൽപ്പെട്ടവരോട് നിങ്ങൾ ഒരു കടങ്കഥ പറഞ്ഞു; അതിന്റെ ഉത്തരം എന്നോട് പറഞ്ഞില്ലല്ലോ.” അയാൾ അവളോട്: “അത് എന്റെ മാതാപിതാക്കളോടുപോലും ഞാൻ പറഞ്ഞിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ? 17വിരുന്നിന്റെ ഏഴു ദിവസവും അവൾ കരഞ്ഞുകൊണ്ടിരുന്നു. അവൾ വല്ലാതെ അസഹ്യപ്പെടുത്തിയതുകൊണ്ട് ഏഴാം ദിവസം ശിംശോൻ ഉത്തരം പറഞ്ഞുകൊടുത്തു. അവൾ അത് സ്വജനത്തിൽപ്പെട്ടവരോട് പറഞ്ഞു. 18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് പട്ടണവാസികൾ ശിംശോനോടു പറഞ്ഞു: “തേനിനെക്കാൾ മധുരമേറിയതെന്ത്? സിംഹത്തെക്കാൾ ബലമേറിയതെന്ത്?” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ പശുക്കുട്ടിയെ പൂട്ടി ഉഴുതില്ലായിരുന്നു എങ്കിൽ എന്റെ കടത്തിന് ഉത്തരം പറയുകയില്ലായിരുന്നു.” 19അപ്പോൾ സർവേശ്വരന്റെ ആത്മാവ് അയാളുടെമേൽ ശക്തിയോടെ വന്നു; അയാൾ അസ്കലോനിൽ പോയി അവിടെയുള്ള മുപ്പതു പേരെ സംഹരിച്ചു; അവരുടെ വസ്ത്രങ്ങൾ അഴിച്ചെടുത്ത് കടങ്കഥയ്‍ക്ക് ഉത്തരം നല്‌കിയവർക്കു കൊടുത്തു. ശിംശോന്റെ കോപം ജ്വലിച്ചു; പിതൃഭവനത്തിലേക്ക് അയാൾ മടങ്ങിപ്പോയി. 20ശിംശോന്റെ ഭാര്യ അയാളുടെ മണവറത്തോഴന്റെ ഭാര്യയായി.

Currently Selected:

RORELTUTE 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy