YouVersion Logo
Search Icon

RORELTUTE 13

13
ശിംശോന്റെ ജനനം
1ഇസ്രായേൽജനം സർവേശ്വരന് ഹിതകരമല്ലാത്തതു വീണ്ടും പ്രവർത്തിച്ചു. അവിടുന്ന് അവരെ നാല്പതു വർഷം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.
2ആ കാലത്ത് ദാൻഗോത്രക്കാരനായ മനോഹാ എന്നൊരാൾ സോരഹ്പട്ടണത്തിൽ ജീവിച്ചിരുന്നു. ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അയാൾക്കു മക്കളുണ്ടായിരുന്നില്ല. 3ഒരു ദിവസം സർവേശ്വരന്റെ ദൂതൻ മനോഹായുടെ ഭാര്യയ്‍ക്ക് പ്രത്യക്ഷനായി പറഞ്ഞു: “നീ വന്ധ്യയാണല്ലോ; എങ്കിലും നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. 4അതുകൊണ്ടു നീ ശ്രദ്ധിക്കുക; വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്. 5നീ ഒരു മകനെ പ്രസവിക്കും; ക്ഷൗരക്കത്തി അവന്റെ ശിരസ്സിൽ സ്പർശിക്കരുത്; അവൻ ജനനംമുതൽ ദൈവത്തിനു നാസീർവ്രതക്കാരനായി, ഇസ്രായേൽജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിമോചിപ്പിക്കാനുള്ള യത്നം ആരംഭിക്കും.” 6ആ സ്‍ത്രീ ഭർത്താവിനോടു പറഞ്ഞു: “ദൈവദൂതനെപ്പോലെ ഭയഭക്തി ജനിപ്പിക്കുന്ന ഒരു ദിവ്യപുരുഷൻ എന്റെ അടുക്കൽ വന്നു. അദ്ദേഹം എവിടെനിന്നു വന്നു എന്നു ഞാൻ ചോദിച്ചില്ല; തന്റെ പേര് പറഞ്ഞതുമില്ല. 7അദ്ദേഹം പറഞ്ഞു: നീ ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കും; അതിനാൽ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ആ കുട്ടി ജനനംമുതൽ മരണംവരെ ദൈവത്തിന് നാസീർ വ്രതക്കാരനായിരിക്കും.” 8മനോഹാ സർവേശ്വരനോടു പ്രാർഥിച്ചു: “സർവേശ്വരാ, അങ്ങയച്ച ദിവ്യപുരുഷൻ വീണ്ടും ഞങ്ങൾക്കു പ്രത്യക്ഷനായി ജനിക്കാൻ പോകുന്ന കുഞ്ഞിനുവേണ്ടി ഞങ്ങൾ എന്തു ചെയ്യണം എന്ന് ഉപദേശിച്ചുതന്നാലും.’’ 9മനോഹായുടെ പ്രാർഥന ദൈവം കേട്ടു. ദൈവദൂതൻ അവൾക്കു വീണ്ടും പ്രത്യക്ഷനായി; അവൾ അപ്പോൾ വയലിൽ ഇരിക്കുകയായിരുന്നു; മനോഹാ കൂടെ ഉണ്ടായിരുന്നില്ല. 10ഉടനെ അവൾ ഭർത്താവിന്റെ അടുക്കൽ ഓടിച്ചെന്നു പറഞ്ഞു:” മുമ്പ് എനിക്കു പ്രത്യക്ഷനായ പുരുഷൻ വീണ്ടും എന്റെ അടുത്തു വന്നിരിക്കുന്നു.” 11മനോഹാ ഉടനെ എഴുന്നേറ്റു തന്റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്റെ അടുക്കൽ ചെന്നു ചോദിച്ചു: “അങ്ങു തന്നെയാണോ ഇവളോട് സംസാരിച്ചത്?” “അതേ, ഞാൻതന്നെ” എന്ന് അദ്ദേഹം പറഞ്ഞു. 12മനോഹാ വീണ്ടും ചോദിച്ചു: “അങ്ങു പറഞ്ഞതു സംഭവിച്ചുകഴിയുമ്പോൾ ജനിക്കുന്ന കുട്ടിയുടെ ജീവിതരീതി എന്തായിരിക്കണം? അവൻ എന്തൊക്കെയാണു ചെയ്യേണ്ടത്?” 13സർവേശ്വരന്റെ ദൂതൻ പറഞ്ഞു: “ഞാൻ പറഞ്ഞതെല്ലാം അവൾ ശ്രദ്ധയോടെ പാലിക്കട്ടെ. 14മുന്തിരിവള്ളിയിൽനിന്നു ലഭിക്കുന്നതൊന്നും അവൾ ഭക്ഷിക്കരുത്. വീഞ്ഞോ മറ്റു പാനീയമോ കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ കല്പിച്ചതെല്ലാം അവൾ പാലിക്കണം.” 15മനോഹാ ദൂതനോടു പറഞ്ഞു: “ഞാൻ ഒരു ആട്ടിൻകുട്ടിയെ പാകം ചെയ്തു കൊണ്ടുവരുന്നതുവരെ ഇവിടെ നിന്നാലും.” 16സർവേശ്വരന്റെ ദൂതൻ മനോഹായോടു പറഞ്ഞു: “നീ എന്നെ ഇവിടെ നിർബന്ധിച്ച് നിർത്തിയാലും ഞാൻ നിന്റെ ആഹാരം കഴിക്കുകയില്ല; നീ ഒരു ഹോമയാഗം ഒരുക്കുമെങ്കിൽ അതു സർവേശ്വരന് അർപ്പിക്കുക.” അദ്ദേഹം സർവേശ്വരന്റെ ദൂതനാണെന്ന് മനോഹാ അറിഞ്ഞിരുന്നില്ല. 17മനോഹാ സർവേശ്വരന്റെ ദൂതനോട് ചോദിച്ചു: “അങ്ങയുടെ പേരെന്താണ്? അങ്ങ് പറഞ്ഞത് നിറവേറുമ്പോൾ ഞങ്ങൾ അങ്ങയെ ബഹുമാനിക്കണമല്ലോ.” 18സർവേശ്വരന്റെ ദൂതൻ പറഞ്ഞു: “എന്റെ പേര് എന്തിനറിയണം? അത് അദ്ഭുതകരമാണ്.” 19മനോഹാ ധാന്യവഴിപാടിനോടൊപ്പം ഒരാട്ടിൻകുട്ടിയെ കൊണ്ടുവന്ന് ഒരു പാറയുടെ മുകളിൽ യാഗമായി അർപ്പിച്ചു. മനോഹായും ഭാര്യയും നോക്കിനില്‌ക്കേ ദൂതൻ ഒരു അദ്ഭുതം പ്രവർത്തിച്ചു. 20അഗ്നിജ്വാല ആകാശത്തേക്ക് ഉയർന്നപ്പോൾ ദൂതൻ യാഗപീഠത്തിൽനിന്നുള്ള അഗ്നിജ്വാലയോടൊപ്പം മുകളിലേക്ക് ഉയർന്നു. മനോഹായും ഭാര്യയും അതു കണ്ട് സാഷ്ടാംഗം വീണു നമസ്കരിച്ചു. 21സർവേശ്വരന്റെ ദൂതൻ അവർക്കു പിന്നീട് പ്രത്യക്ഷനായില്ല. അതു സർവേശ്വരന്റെ ദൂതൻ തന്നെയെന്നു മനോഹാ ഗ്രഹിച്ചു. 22മനോഹാ ഭാര്യയോടു പറഞ്ഞു: “ദൈവത്തെ കണ്ടതുകൊണ്ട് നാം നിശ്ചയമായും മരിക്കും.” 23എന്നാൽ ഭാര്യ മനോഹായോടു പറഞ്ഞു: “നമ്മെ കൊല്ലാൻ അവിടുന്ന് ഉദ്ദേശിച്ചിരുന്നെങ്കിൽ നമ്മുടെ ഹോമയാഗവും ധാന്യവഴിപാടും സ്വീകരിക്കുമായിരുന്നില്ല. നമ്മെ ഇവയെല്ലാം കാണിച്ചുതരികയോ നമ്മോട് ഇക്കാര്യങ്ങൾ പറയുകയോ ചെയ്യുമായിരുന്നില്ല.” 24യഥാകാലം ആ സ്‍ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു ശിംശോൻ എന്നു പേരിട്ടു. അവൻ വളർന്നു; സർവേശ്വരൻ അവനെ അനുഗ്രഹിച്ചു. 25സോരെയ്‍ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവച്ചു സർവേശ്വരന്റെ ആത്മാവ് അവനെ പ്രചോദിപ്പിച്ചുതുടങ്ങി.

Currently Selected:

RORELTUTE 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy