YouVersion Logo
Search Icon

RORELTUTE 11

11
1ഗിലെയാദുകാരനായ യിഫ്താഹ് ഗിലെയാദിന്റെ പുത്രനും വീരപരാക്രമിയായ യോദ്ധാവും ആയിരുന്നു. എങ്കിലും അയാൾ ഒരു വേശ്യയുടെ പുത്രനായിരുന്നു. 2ഗിലെയാദിന് സ്വന്തം ഭാര്യയിൽ ജനിച്ച മറ്റു പുത്രന്മാരും ഉണ്ടായിരുന്നു. അവർ വളർന്നപ്പോൾ യിഫ്താഹിനെ വീട്ടിൽനിന്നു പുറത്താക്കി. “പരസ്‍ത്രീയുടെ പുത്രനായി ജനിച്ചതുകൊണ്ട് ഞങ്ങളുടെ പിതൃഭവനത്തിൽ നിനക്ക് അവകാശമില്ല” എന്നവർ പറഞ്ഞു. 3യിഫ്താഹ് തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഓടിപ്പോയി തോബ്‍ദേശത്തു ചെന്നു പാർത്തു. നീചന്മാരായ ഒരു കൂട്ടം ആളുകൾ യിഫ്താഹിനോട് ചേർന്നു ചുറ്റിനടന്നു.
4കുറെക്കാലം കഴിഞ്ഞപ്പോൾ അമ്മോന്യർ ഇസ്രായേലിനോടു യുദ്ധം ആരംഭിച്ചു. 5അപ്പോൾ ഗിലെയാദിലെ ജനപ്രമാണികൾ യിഫ്താഹിനെ കൂട്ടിക്കൊണ്ടു വരുന്നതിനു തോബിലേക്കു പോയി. 6“ഞങ്ങളുടെ നായകനായി അമ്മോന്യരോടു യുദ്ധം ചെയ്യണമേ” എന്ന് അവർ യിഫ്താഹിനോട് അപേക്ഷിച്ചു. 7യിഫ്താഹ് അവരോടു പറഞ്ഞു: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതാവിന്റെ ഭവനത്തിൽനിന്ന് എന്നെ പുറത്താക്കിയില്ലേ? നിങ്ങൾ വിഷമത്തിലായപ്പോൾ എന്തിന് എന്നെ അന്വേഷിച്ചുവരുന്നു?” 8ഗിലെയാദിലെ ജനപ്രമാണികൾ യിഫ്താഹിനോടു പറഞ്ഞു: “അങ്ങ് ഞങ്ങളുടെകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്താലും. അങ്ങ് ഞങ്ങൾക്കും ഗിലെയാദ്നിവാസികൾക്കും നേതാവാകുക. ഇതു പറയാനാണ് ഞങ്ങൾ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നത്.” 9യിഫ്താഹ് അവരോടു പറഞ്ഞു: “അമ്മോന്യരോടു യുദ്ധം ചെയ്യാൻ നിങ്ങൾ എന്നെ കൊണ്ടുപോകുകയും അവരുടെമേൽ സർവേശ്വരൻ എനിക്കു വിജയം നല്‌കുകയും ചെയ്താൽ ഞാൻ നിങ്ങളുടെ നേതാവായിത്തീരും.” 10“അങ്ങ് പറഞ്ഞതുപോലെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. സർവേശ്വരൻ നമുക്കു സാക്ഷിയായിരിക്കട്ടെ” എന്നവർ പ്രതിവചിച്ചു. 11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ ജനപ്രമാണികളുടെ കൂടെ പോകുകയും ജനം അദ്ദേഹത്തെ തങ്ങളുടെ നേതാവായി സ്വീകരിക്കുകയും ചെയ്തു. മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വച്ചു യിഫ്താഹ് തന്റെ വ്യവസ്ഥയെല്ലാം ജനത്തോടു പറഞ്ഞു.
12പിന്നീട് യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു ചോദിച്ചു: “അങ്ങേക്ക് എന്നോട് എന്താണു വിരോധം? എന്റെ ദേശം ആക്രമിക്കാൻ അങ്ങ് എന്തിനു വരുന്നു?” 13അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേൽജനം ഈജിപ്തിൽനിന്നു വരുമ്പോൾ അർന്നോൻനദിമുതൽ യബ്ബോക്കു നദിവരെയും യോർദ്ദാൻനദിവരെയുമുള്ള എന്റെ ഭൂമി കൈവശപ്പെടുത്തിയതുകൊണ്ടാണ് ഞാൻ ഇപ്രകാരം ചെയ്യുന്നത്. ആ ഭൂമിയെല്ലാം സമാധാനപൂർവം മടക്കിത്തരിക.” 14യിഫ്താഹ് സന്ദേശവാഹകരെ അമ്മോന്യരുടെ രാജാവിന്റെ അടുക്കലേക്കു വീണ്ടും അയച്ചു പറയിച്ചു: 15“ഇസ്രായേൽജനം അമ്മോന്യരുടെയോ മോവാബ്യരുടെയോ ദേശം കൈവശപ്പെടുത്തിയിട്ടില്ല. 16ഇസ്രായേൽജനം ഈജിപ്തിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി. 17എദോംരാജാവിന്റെ ദേശത്തുകൂടി കടന്നുപോകുന്നതിന് അനുവാദം അപേക്ഷിച്ചുകൊണ്ട് അവർ ദൂതന്മാരെ അയച്ചു; എന്നാൽ എദോംരാജാവ് അവരുടെ അപേക്ഷ സ്വീകരിച്ചില്ല. പിന്നീട് മോവാബ്‍രാജാവിന്റെ അടുക്കലും ദൂതന്മാരെ അയച്ചു; അദ്ദേഹവും അതിനു സമ്മതിച്ചില്ല. അതിനാൽ ഇസ്രായേൽജനം കാദേശിൽതന്നെ പാർത്തു. 18തുടർന്ന് അവർ മരുഭൂമിയിൽ കൂടി സഞ്ചരിച്ചു; എദോമും മോവാബും ചുറ്റി കിഴക്കുള്ള അർന്നോൻനദിയുടെ അക്കരെ പാളയമടിച്ചു. അർന്നോൻ മോവാബിന്റെ അതിരായിരുന്നതുകൊണ്ട് അവർ അർന്നോൻനദി കടന്നില്ല. 19പിന്നീട് ഹെശ്ബോനിലെ അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ച് രാജാവിന്റെ സ്ഥലത്തുകൂടി അവരുടെ സ്വന്തം നാട്ടിലേക്കു പോകാൻ അനുവാദം ചോദിച്ചു. 20സീഹോൻ അതിന് ഇസ്രായേൽജനത്തെ അനുവദിച്ചില്ലെന്നു മാത്രമല്ല തന്റെ സൈന്യങ്ങളെയെല്ലാം വിളിച്ചുകൂട്ടി യഹസിൽ പാളയമടിച്ച് ഇസ്രായേൽജനത്തോടു യുദ്ധം ചെയ്തു. 21ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ സീഹോനെയും അയാളുടെ ജനത്തെയും ഇസ്രായേല്യരുടെ കൈയിൽ ഏല്പിച്ചു. ഇസ്രായേൽജനം അവരെ തോല്പിച്ചു; ദേശവാസികളായ അമോര്യരുടെ ദേശം കൈവശമാക്കുകയും ചെയ്തു. 22അർന്നോൻമുതൽ യബ്ബോക്ക്‍വരെയും മരുഭൂമിമുതൽ യോർദ്ദാൻ നദിവരെയുള്ള ദേശമെല്ലാം ഇസ്രായേൽ പിടിച്ചെടുത്തു. 23അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ തന്റെ ജനമായ ഇസ്രായേല്യർക്കുവേണ്ടി അമോര്യരെ പുറത്താക്കി. അമോര്യരാജാവായ അങ്ങ് ആ ദേശം വീണ്ടും കൈവശപ്പെടുത്താൻ പോകുകയാണോ? 24നിങ്ങളുടെ ദൈവമായ കെമോശ് നിങ്ങൾക്ക് അവകാശമായി നല്‌കിയതെല്ലാം നിങ്ങൾ സൂക്ഷിക്കുകയില്ലേ? ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു നല്‌കിയതെല്ലാം ഞങ്ങളും കൈവശമാക്കും. 25മോവാബിലെ രാജാവായ സിപ്പോരിന്റെ പുത്രനായ ബാലാക്കിനെക്കാൾ അങ്ങ് ശ്രേഷ്ഠനാണോ? അദ്ദേഹം ഒരിക്കലും ഇസ്രായേലിനെ വെല്ലുവിളിച്ചില്ല. ഞങ്ങൾക്കെതിരായി യുദ്ധം ചെയ്യാൻ ആരെയും പ്രേരിപ്പിച്ചുമില്ല. 26ഇസ്രായേൽ ഹെശ്ബോനിലും അരോവേരിലും അവയോടു ചേർന്നുള്ള പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള പട്ടണങ്ങളിലും മുന്നൂറു സംവത്സരക്കാലം പാർത്തു. ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അവ തിരിച്ചു പിടിച്ചില്ല? 27ഞാൻ അങ്ങയോട് ഒരു അന്യായവും ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുക നിമിത്തം അങ്ങ് എന്നോടാണ് അന്യായം ചെയ്യുന്നത്. ന്യായാധിപനായ സർവേശ്വരൻ ഇസ്രായേൽജനത്തിനും അമ്മോന്യർക്കും മധ്യേ ഇന്ന് ന്യായം വിധിക്കട്ടെ.” 28എന്നാൽ യിഫ്താഹിന്റെ സന്ദേശം അമ്മോന്യരാജാവു ശ്രദ്ധിച്ചില്ല.
29അപ്പോൾ സർവേശ്വരന്റെ ആത്മാവ് യിഫ്താഹിന്റെമേൽ ആവസിച്ചു; അദ്ദേഹം ഗിലെയാദിലും മനശ്ശെയിലും കൂടി സഞ്ചരിച്ചു ഗിലെയാദിലെ മിസ്പായിൽ എത്തി; അവിടെനിന്ന് അമ്മോന്യരുടെ നേരെ തിരിച്ചു. 30യിഫ്താഹ് ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവേശ്വരാ, അവിടുന്ന് അമ്മോന്യരുടെമേൽ എനിക്കു വിജയം നല്‌കുകയും 31ഞാൻ ജയിച്ചു സമാധാനത്തോടു മടങ്ങി വരികയും ചെയ്യുമ്പോൾ എന്റെ വീട്ടിൽനിന്നു ആദ്യമായി ഇറങ്ങി വരുന്നതാരായാലും ഞാൻ അയാളെ അവിടുത്തേക്ക് ഹോമയാഗമായി അർപ്പിക്കും.” 32യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യുന്നതിന് അതിർത്തി കടന്നു; സർവേശ്വരൻ അവരുടെമേൽ അദ്ദേഹത്തിനു വിജയം നല്‌കി. 33അരോവേർമുതൽ മിന്നീത്തു വരെയും അവിടെനിന്ന് ആബേൽ, കെരാമീം- വരെയും ചെന്ന് അദ്ദേഹം അവരെ സംഹരിച്ചു. ഇരുപതു പട്ടണങ്ങൾ പിടിച്ചടക്കി. അങ്ങനെ ഇസ്രായേൽജനത്തിന്റെ മുമ്പിൽ അമ്മോന്യർ ലജ്ജിതരായി.
യിഫ്താഹിന്റെ പുത്രി
34യിഫ്താഹ് മിസ്പായിലുള്ള സ്വന്തം ഭവനത്തിൽ എത്തിയപ്പോൾ തന്റെ പുത്രി തപ്പുകൊട്ടി നൃത്തം ചെയ്തുകൊണ്ട് തന്നെ എതിരേല്‌ക്കാൻ വന്നു. അവൾ അദ്ദേഹത്തിന്റെ ഏകപുത്രിയായിരുന്നു. അവളല്ലാതെ മറ്റൊരു പുത്രനോ, പുത്രിയോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. 35അവളെ കണ്ട മാത്രയിൽ അദ്ദേഹം വസ്ത്രം പിച്ചിച്ചീന്തി, “എന്റെ മകളേ, നീ എന്റെ ഹൃദയം തകർത്തു; ഞാൻ ദുഃഖിക്കാൻ നീ ഇടവരുത്തിയല്ലോ. സർവേശ്വരനോടു ഞാൻ പ്രതിജ്ഞ ചെയ്തുപോയി; അതിൽനിന്നു പിന്മാറുക സാധ്യമല്ല.” 36അവൾ പിതാവിനോടു പറഞ്ഞു: “എന്റെ പിതാവേ, അങ്ങ് സർവേശ്വരനോടു ചെയ്ത പ്രതിജ്ഞ നിറവേറ്റുക; അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് അവിടുന്നു പ്രതികാരം ചെയ്തല്ലോ.” 37അവൾ തുടർന്നു: “ഒരു കാര്യം എനിക്കു ചെയ്തു തരണം; എന്റെ സഖിമാരോടൊത്ത് രണ്ടുമാസം പർവതങ്ങളിൽ അലഞ്ഞു നടന്ന് എന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിക്കാൻ അനുവാദം നല്‌കിയാലും.” 38“പൊയ്‍ക്കൊള്ളുക” എന്നു പറഞ്ഞ് രണ്ടു മാസത്തേക്ക് അദ്ദേഹം അവളെ പറഞ്ഞയച്ചു. അവൾ സഖിമാരോടൊത്ത് പർവതത്തിൽ പോയി തന്റെ കന്യകാത്വത്തെക്കുറിച്ച് വിലപിച്ചു; 39അതിനുശേഷം അവൾ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു. പ്രതിജ്ഞ ചെയ്തിരുന്നതുപോലെ അദ്ദേഹം അവളോടു പ്രവർത്തിച്ചു. അങ്ങനെ ഒരു കന്യകയായിത്തന്നെ അവൾ മരിച്ചു. 40ഇസ്രായേലിലെ കന്യകമാർ ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ ഓർത്തു വർഷംതോറും നാലു ദിവസത്തേക്കു വിലപിക്കുക ഒരു ആചാരമായിത്തീർന്നു.

Currently Selected:

RORELTUTE 11: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy