YouVersion Logo
Search Icon

JAKOBA 2

2
പക്ഷപാതം പാടില്ല
1എന്റെ സഹോദരരേ, മഹത്ത്വത്തിന്റെ പ്രഭുവും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കരുത്. 2പൊൻമോതിരവും മോടിയുള്ള വസ്ത്രവും അണിഞ്ഞ് ഒരാളും മുഷിഞ്ഞ വസ്ത്രംധരിച്ച് ഒരു ദരിദ്രനും നിങ്ങളുടെ സഭായോഗത്തിൽ വരുന്നു എന്നിരിക്കട്ടെ. 3നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചയാളിനോട് “ഇവിടെ സുഖമായി ഇരിക്കുക” എന്ന് ആദരപൂർവം പറയുകയും അതേ സമയം ആ പാവപ്പെട്ട മനുഷ്യനോട് “അവിടെ നില്‌ക്കുക” എന്നോ, “എന്റെ കാല്‌ക്കൽ നിലത്ത് ഇരുന്നുകൊള്ളുക” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ, 4നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ വിവേചനം കാണിക്കുന്നവരും ദുരുദ്ദേശ്യത്തോടുകൂടി വിധികല്പിക്കുന്നവരും ആയിത്തീരുന്നില്ലേ? 5എന്റെ പ്രിയപ്പെട്ട സഹോദരരേ, ഞാൻ പറയുന്നതു കേൾക്കുക; ലോകത്തിൽ ദരിദ്രർ ആയവരെ ദൈവം, വിശ്വാസത്തിൽ സമ്പന്നരും, തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള രാജ്യത്തിന് അവകാശികളും ആക്കിത്തീർത്തിട്ടില്ലേ? 6എന്നാൽ നിങ്ങൾ ദരിദ്രനെ അപമാനിക്കുന്നു. ആരാണ് നിങ്ങളെ പീഡിപ്പിക്കുകയും കോടതിയിലേക്കു വലിച്ചിഴയ്‍ക്കുകയും ചെയ്യുന്നത്? ധനവാന്മാർതന്നെ! 7ഏതൊരുപേരിൽ നിങ്ങൾ അറിയപ്പെടുന്നുവോ, ആ സംപൂജ്യനാമത്തെ നിന്ദിക്കുന്നതും അവരല്ലേ?
8വേദലിഖിതത്തിൽ‍ കാണുന്നതുപോലെ “നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്ന ദൈവരാജ്യനിയമം നിങ്ങൾ യഥാർഥമായി അനുസരിക്കുന്നത് ഉത്തമം. 9എന്നാൽ നിങ്ങൾ പക്ഷപാതം കാണിക്കുന്നെങ്കിൽ നിങ്ങൾ പാപം ചെയ്യുന്നു. നിയമത്താൽ നിങ്ങൾ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു. 10നിയമങ്ങളിലൊന്നു ലംഘിക്കുന്നവൻ നിയമം ആസകലം ലംഘിക്കുന്നവനായിത്തീരുന്നു. 11“വ്യഭിചാരം ചെയ്യരുത്” എന്നു കല്പിച്ചവൻ “കൊല ചെയ്യരുത്” എന്നും കല്പിച്ചിട്ടുണ്ട്. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നെങ്കിൽ നീ നിയമം ലംഘിക്കുന്നു. 12ദൈവരാജ്യനിയമമാണ് നമ്മെ സ്വതന്ത്രരാക്കുന്നത്. ആ നിയമം അനുസരിച്ച് നിങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. 13കാരുണ്യം കാണിക്കാത്തവന്റെമേൽ കരുണയില്ലാത്ത വിധിയുണ്ടാകും. കാരുണ്യമാകട്ടെ വിധിയെ വെല്ലുന്നു.
വിശ്വാസവും പ്രവൃത്തിയും
14എന്റെ സഹോദരരേ, ഒരുവൻ വിശ്വാസമുണ്ട് എന്നു പറയുകയും അവന് അതനുസരിച്ചുള്ള പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? അവന്റെ വിശ്വാസം അവനെ രക്ഷിക്കുവാൻ പര്യാപ്തമാണോ? 15വിശപ്പടക്കാൻ ആഹാരവും നഗ്നത മറയ്‍ക്കാൻ വസ്ത്രവും ഇല്ലാതെ വലയുന്ന ഒരു സഹോദരനോടോ സഹോദരിയോടോ അവർക്ക് ആവശ്യമുള്ളതു കൊടുക്കാതെ 16“നിങ്ങൾ സമാധാനത്തോടുകൂടി പോയി തണുപ്പകറ്റി മൃഷ്ടാന്നം ഭക്ഷിക്കുക” എന്നു നിങ്ങളിൽ ആരെങ്കിലും പറയുന്നെങ്കിൽ അതുകൊണ്ട് എന്താണു പ്രയോജനം? 17അതുകൊണ്ട് പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം സ്വതേ നിർജീവമാകുന്നു.
18എന്നാൽ “നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്” എന്നു നിങ്ങൾ പറഞ്ഞേക്കാം. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ എനിക്കു കാണിച്ചുതരിക. എന്റെ വിശ്വാസം പ്രവൃത്തികളിൽ കൂടി ഞാൻ കാണിച്ചുതരാം. 19ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ! പിശാചുക്കൾപോലും അതു വിശ്വസിക്കുന്നു. ഭയപ്പെട്ടു വിറയ്‍ക്കുകയും ചെയ്യുന്നു. 20മൂഢനായ മനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം #2:20 ‘നിഷ്ഫലമെന്ന്’ - ചില കൈയെഴുത്തു പ്രതികളിൽ ‘നിർജീവമെന്ന്’ എന്നാണ്.നിഷ്ഫലമെന്നു ഞാൻ തെളിയിച്ചുതരണമോ? 21നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തിൽ സമർപ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്. 22അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വർത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാൽ പൂർണമാക്കപ്പെട്ടു എന്നും നിങ്ങൾ അറിയുന്നുവല്ലോ. 23അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. 24അങ്ങനെ, മനുഷ്യൻ പ്രവൃത്തികൾകൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങൾ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല.
25റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളിൽ കൂടിയാണ്. അവൾ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു. 26ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിർജീവമായിരിക്കും.

Currently Selected:

JAKOBA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy