YouVersion Logo
Search Icon

ISAIA 51

51
ആശ്വാസവചനം
1സർവേശ്വരനെ അന്വേഷിക്കുന്നവരേ, വിമോചനം തേടുന്നവരേ, എന്റെ വചനം ശ്രദ്ധിക്കുവിൻ! നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക്, നിങ്ങളെ കുഴിച്ചെടുത്ത ഖനിയിലേക്ക് നോക്കുവിൻ. 2നിങ്ങളുടെ പിതാവായ അബ്രഹാമിനെയും നിങ്ങളെ പ്രസവിച്ച സാറായെയും നോക്കുവിൻ. അബ്രഹാം ഏകനായിരുന്നപ്പോൾ ഞാൻ അവനെ വിളിച്ച് അനുഗ്രഹിച്ചു സന്താനപുഷ്‍ടിയുള്ളവനാക്കിയല്ലോ. 3സർവേശ്വരൻ സീയോനെ ആശ്വസിപ്പിക്കും. അവളുടെ സകല ശൂന്യപ്രദേശങ്ങൾക്കും ആശ്വാസം നല്‌കും. അവളുടെ വിജനപ്രദേശത്തെ ഏദൻതോട്ടംപോലെയും മരുഭൂമിയെ സർവേശ്വരന്റെ പൂന്തോട്ടംപോലെയും ആക്കിത്തീർക്കും. സീയോനിൽ ആനന്ദവും ഉല്ലാസവും സ്തോത്രവും ഗാനാലാപവും ഉണ്ടാകും.
4എന്റെ ജനമേ കേൾക്കുവിൻ. എന്റെ ജനപദമേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ. എന്നിൽനിന്ന് ഒരു നിയമം പുറപ്പെടും. 5എന്റെ നീതി ജനതകൾക്കു പ്രകാശമായിത്തീരും. ഞാൻ വേഗം വന്ന് അവരെ രക്ഷിക്കും. എന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എന്റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്റെ കരങ്ങളിൽ അവർ പ്രത്യാശ അർപ്പിക്കുന്നു. 6നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്കുയർത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിൻ. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീർണിച്ചുപോകും. അതിൽ നിവസിക്കുന്നവർ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാൽ എന്റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്റെ വിടുതൽ നിത്യമാണ്.
7നീതിയെ അറിയുന്നവരേ, എന്റെ ധർമശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളിൽ പരിഭ്രമിക്കുകയും അരുത്. 8വസ്ത്രം എന്നപോലെ കീടങ്ങളും കമ്പിളി എന്നപോലെ പുഴുവും അവരെ തിന്നൊടുക്കും. എന്നാൽ എന്റെ വിടുതൽ എന്നേക്കും ഉള്ളത്. എന്റെ രക്ഷ എല്ലാ തലമുറകൾക്കും വേണ്ടിയുള്ളതായിരിക്കും.
9സർവേശ്വരാ, ഉണർന്നാലും, ഉണർന്നാലും! അവിടുത്തെ ശക്തി പ്രയോഗിച്ചു ഞങ്ങളെ രക്ഷിച്ചാലും! പൂർവകാലത്തെപ്പോലെ മുൻതലമുറകളുടെ കാലത്തെന്നതുപോലെ ഉണർന്നാലും. രഹബിനെ വെട്ടി നുറുക്കിയതും മഹാസർപ്പത്തെ കുത്തിപ്പിളർന്നതും അവിടുന്നാണല്ലോ. 10വിമോചിതർക്കുവേണ്ടി സമുദ്രം വറ്റിക്കുകയും സമുദ്രത്തിന്റെ അടിത്തട്ടിലൂടെ കടന്നുപോകാൻ വഴിയൊരുക്കുകയും ചെയ്തത് അവിടുന്നല്ലേ? 11സർവേശ്വരന്റെ വിമോചിതർ ഉല്ലാസഗാനത്തോടെ സീയോനിലേക്കു മടങ്ങിവരും. നിത്യാനന്ദം അവർ ശിരസ്സിൽ അണിയും. ആനന്ദവും ആഹ്ലാദവും അവർക്കുണ്ടായിരിക്കും. ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടി അകലും.
12ഞാൻ, ഞാൻ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവൻ. പുല്ലിനു സമനായുള്ള മർത്യനെ നീ എന്തിനു ഭയപ്പെടണം? 13ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവർത്തുകയും ചെയ്തവനും നിന്നെ സൃഷ്‍ടിച്ചവനുമായ സർവേശ്വരനെ നീ വിസ്മരിച്ചോ? 14മർദകന്റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പർശിക്കുകയില്ല. തടവിലാക്കപ്പെട്ടവർ അതിവേഗം മോചിതരാകും. അവർ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവർക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല. 15തിരമാലകൾ ഗർജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ സർവേശ്വരനാണു ഞാൻ. സർവശക്തനായ സർവേശ്വരൻ എന്നാണ് എന്റെ നാമം. 16ആകാശത്തെ നിവർത്തുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത ഞാൻ, നീ എന്റെ ജനമാകുന്നു എന്നു സീയോനോടു പറഞ്ഞുകൊണ്ടു നിന്റെ നാവിൽ എന്റെ ഉപദേശം നിക്ഷേപിച്ചു. നിന്നെ എന്റെ കരത്തിന്റെ നിഴലിൽ മറച്ചു.
യെരൂശലേമിന്റെ കഷ്ടതയ്‍ക്ക് അറുതി
17സർവേശ്വരന്റെ കൈയിൽനിന്നു ക്രോധത്തിന്റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണർന്നെഴുന്നേല്‌ക്കുക. 18നീ പ്രസവിച്ച മക്കളിൽ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളർത്തിയവരിൽ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല. 19രണ്ടു കാര്യങ്ങൾ നിനക്കു സംഭവിച്ചിരിക്കുന്നു; വാളുകൊണ്ട് ഉന്മൂലനാശവും ക്ഷാമംമൂലമുള്ള കെടുതിയും. ആരു നിന്നോടൊത്തു സഹതപിക്കും? ആരു നിന്നെ ആശ്വസിപ്പിക്കും? 20വലയിൽപ്പെട്ട മാനിനെപ്പോലെ നിന്റെ പുത്രന്മാർ എല്ലാ വഴിക്കവലകളിലും ബോധംകെട്ടു കിടക്കുന്നു. അവർ സർവേശ്വരന്റെ ക്രോധത്തിൽ നിന്റെ ദൈവത്തിന്റെ ശാസനത്തിൽ അമർന്നിരിക്കുന്നു.
21പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേൾക്കുക. 22നിന്റെ ദൈവമായ സർവേശ്വരൻ നിനക്കുവേണ്ടി വാദിക്കുന്ന ദൈവം അരുളിച്ചെയ്യുന്നു: “ഇതാ, പരിഭ്രാന്തിയുടെ പാനപാത്രം ഞാൻ നിങ്കൽനിന്നു നീക്കിയിരിക്കുന്നു. എന്റെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല. തങ്ങൾക്കു കടന്നുപോകത്തക്കവിധം കുനിഞ്ഞു നില്‌ക്കാൻ പറയുകയും 23അങ്ങനെ നിങ്ങളുടെ മുതുകത്തു ചവുട്ടി തെരുവീഥിയിലൂടെയും നിലത്തുകൂടെയും എന്നപോലെ നടന്നുപോകുകയും ചെയ്തവരുടെ കൈയിൽ, അതേ നിന്നെ പീഡിപ്പിച്ചവരുടെ കൈയിൽ തന്നെ എന്റെ ക്രോധത്തിന്റെ പാനപാത്രം ഞാൻ വച്ചുകൊടുക്കും.

Currently Selected:

ISAIA 51: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy