YouVersion Logo
Search Icon

ISAIA 30

30
നിരർഥകമായ ഉടമ്പടി
1“എൻറേതല്ലാത്ത പദ്ധതികൾ നടപ്പാക്കുകയും എനിക്കു ഹിതമല്ലാത്ത സഖ്യമുണ്ടാക്കുകയും ചെയ്ത് പാപത്തിന്മേൽ പാപം കൂട്ടിവയ്‍ക്കുന്ന കലഹപ്രിയരേ, നിങ്ങൾക്കു ദുരിതം!” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 2അവർ എന്റെ ഉപദേശം തേടാതെ ഈജിപ്തിലേക്കു പോയി ഫറവോയുടെ ചിറകിൻകീഴിൽ അഭയം പ്രാപിക്കുകയും ഈജിപ്തിന്റെ തണലിൽ സങ്കേതം തേടുകയും ചെയ്യുന്നു. 3എന്നാൽ ഫറവോയുടെ സംരക്ഷണം നിങ്ങൾക്കു ലജ്ജാകരവും ഈജിപ്തിന്റെ തണൽ അപമാനകരവുമായി ഭവിക്കും. 4നിങ്ങളുടെ ഉദ്യോഗസ്ഥന്മാർ സോവാനിലും നിങ്ങളുടെ പ്രതിനിധികൾ ഹാനേസിലും എത്തിയിട്ടും 5സഹായിക്കാൻ കഴിവില്ലാത്ത ഈജിപ്തുജനത നിമിത്തം ലജ്ജിതരും അപമാനിതരുമായിത്തീർന്നിരിക്കുന്നു. അവരെക്കൊണ്ട് സഹായമോ നേട്ടമോ ഉണ്ടാകുന്നില്ല.
6നെഗബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: സിംഹവും സിംഹിയും അണലിയും പറക്കുന്ന സർപ്പവും നിറഞ്ഞ ക്ലേശകരവും ദുർഘടവുമായ ദേശത്തിലൂടെ കഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും പ്രയോജനരഹിതരായ ഒരു ജനതയുടെ അടുക്കലേക്ക് അവർ കൊണ്ടുപോകുന്നു. 7ഈജിപ്തിന്റെ സഹായം വ്യർഥവും നിഷ്ഫലവും ആണ്. അതുകൊണ്ട് ഞാനതിനെ ‘അനങ്ങാത്ത രാഹാബ്’ എന്നു വിളിക്കുന്നു.
അവിശ്വസ്തജനം
8ഭാവികാലത്ത് അവർക്കു നിത്യസാക്ഷ്യം ആയിരിക്കാൻ ഇത് അവരുടെ മുമ്പിൽ ഒരു ഫലകത്തിൽ രേഖപ്പെടുത്തുകയും പുസ്തകത്തിൽ എഴുതി വയ്‍ക്കുകയും ചെയ്യുക. 9കാരണം, അവർ കലഹപ്രിയരാണ്, വ്യാജം പറയുന്ന ജനത, സർവേശ്വരന്റെ ഉപദേശം ചെവിക്കൊള്ളാത്ത പുത്രന്മാർ! 10ദർശകരോടു ദർശിക്കരുതെന്നും പ്രവാചകരോടു ശരിയായതു പ്രവചിക്കരുതെന്നും അവർ പറയുന്നു. കേൾക്കാൻ ഇമ്പമുള്ള അസത്യം മാത്രം പറയുക. 11വഴിയിൽനിന്നു മാറുക, ഞങ്ങൾക്ക് മാർഗതടസ്സം സൃഷ്‍ടിക്കരുത്. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെപ്പറ്റി ഞങ്ങൾക്ക് ഇനി കേൾക്കണ്ടാ എന്ന് അവർ പറയുന്നു. 12അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിക്കുകയും മർദനത്തിലും വക്രതയിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നതുകൊണ്ട്, 13ചാഞ്ഞുവീഴാറായി നില്‌ക്കുന്ന ഉയർന്ന മതിലിലെ വിള്ളൽ പോലെ ആയിരിക്കും നിങ്ങളുടെ അപരാധം. അത് ഏതു നിമിഷത്തിലും വീണുപോയേക്കാം. നിങ്ങൾ തകരുന്നതു മനഃപൂർവം അടിച്ചുടച്ച മൺകലംപോലെ ആയിരിക്കും. 14അതിന്റെ ഒരു കഷണംപോലും അടുപ്പിൽനിന്നു തീ കോരാനോ തൊട്ടിയിൽനിന്നു വെള്ളം എടുക്കാനോ ഉപകരിക്കുകയില്ലല്ലോ. 15അതുകൊണ്ട്, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ശാന്തതയും ദൈവാശ്രയവുമാണ് നിങ്ങളുടെ ബലം. നിങ്ങൾ എന്റെ അടുക്കലേക്കു തിരിച്ചു വന്ന് സ്വസ്ഥമായിരുന്നാൽ രക്ഷിക്കപ്പെടും. എന്നാൽ നിങ്ങൾ അതിന് ഒരുങ്ങുകയില്ല. 16“ഇല്ല, ഞങ്ങൾ കുതിരപ്പുറത്തു കയറി പാഞ്ഞുപോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ പാഞ്ഞുപോകും. “അതിശീഘ്രം പാഞ്ഞുപോകുന്ന കുതിരയുടെ പുറത്ത് ഞങ്ങൾ പോകും” എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിന്തുടരുന്നവരും അതിശീഘ്രം വരും. 17ഒരുവനെ ഭയപ്പെട്ട് ആയിരംപേരും അഞ്ചു പേരുടെ ഭീഷണികൊണ്ട് നിങ്ങൾ എല്ലാവരും ഓടിപ്പോകും. കുന്നിൻമുകളിൽ നാട്ടിയിരിക്കുന്ന കൊടിമരമോ, കൊടി അടയാളമോപോലെ നിങ്ങൾ ആയിത്തീരും. 18അതിനാൽ സർവേശ്വരൻ നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു. നിങ്ങളോടു കരുണ കാട്ടാൻ ഒരുങ്ങിയിരിക്കുന്നു. എന്തെന്നാൽ അവിടുന്നു നീതിയുള്ള ദൈവമാകുന്നു. സർവേശ്വരനെ കാത്തിരിക്കുന്നവർ അനുഗൃഹീതർ.
ജനതകളുടെമേൽ അനുഗ്രഹം
19യെരൂശലേമിൽ നിവസിക്കുന്ന സീയോനിലെ ജനമേ, നിങ്ങൾ ഇനി കരയുകയില്ല. സർവേശ്വരൻ നിശ്ചയമായും നിങ്ങളോടു കരുണ കാട്ടും. നിങ്ങളുടെ നിലവിളി കേട്ട് അവിടുന്നു നിങ്ങൾക്കുത്തരമരുളും. 20അവിടുന്നു നിങ്ങൾക്കു കഷ്ടതയാകുന്ന അപ്പവും പീഡനമാകുന്ന ജലവും നല്‌കുന്നെങ്കിലും, ദൈവമായിരിക്കും നിങ്ങളുടെ ഗുരു. അവിടുന്ന് ഇനി മറഞ്ഞിരിക്കുകയില്ല. നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ ഗുരുവിനെ ദർശിക്കും. 21നിങ്ങൾ ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ ‘ഇതാണു വഴി’ ഇതിലൂടെ നടക്കുക എന്നൊരു ശബ്ദം നിങ്ങൾ പിമ്പിൽനിന്നു കേൾക്കും. 22അപ്പോൾ നിങ്ങൾ വെള്ളി പൊതിഞ്ഞ കൊത്തുവിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുപ്രതിമകളെയും വെറുക്കും; മലിനവസ്തുക്കൾ എന്നപോലെ ദൂരെയെറിയും. അവയോടു ‘ദൂരെ പോകുവിൻ’ എന്നു പറയുകയും ചെയ്യും.
23നീ വിതയ്‍ക്കുന്ന വിത്തിന് അവിടുന്നു മഴ നല്‌കും. ധാന്യം സമൃദ്ധിയായി വിളയും. 24അന്നു വിശാലമായ മേച്ചിൽസ്ഥലത്തു നിങ്ങളുടെ കാലികൾ മേഞ്ഞു നടക്കും. കോരികയും മുപ്പല്ലിയുംകൊണ്ട് ഒരുക്കിയതും ഉപ്പു ചേർത്തതുമായ വയ്‍ക്കോൽ, നിലം ഉഴുന്ന കാളയും കഴുതയും തിന്നും. 25മഹാസംഹാരദിവസം ഗോപുരങ്ങൾ നിലംപതിക്കും; ഉന്നതഗിരികളിൽനിന്നും കുന്നുകളിൽനിന്നും അരുവികളും നീർച്ചാലുകളും പൊട്ടിപ്പുറപ്പെടും; 26സർവേശ്വരൻ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും തന്റെ പ്രഹരം കൊണ്ടുണ്ടായ വ്രണം ഉണക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രൻ സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യന് ഏഴു പകലിന്റെ വെളിച്ചം ഒന്നു ചേർന്നാലെന്നപോലെ ഏഴിരട്ടി പ്രകാശം ഉണ്ടായിരിക്കും.
അസ്സീറിയായ്‍ക്കു ശിക്ഷ
27കോപത്താൽ ജ്വലിച്ചും കനത്തപുക വമിച്ചുംകൊണ്ട് ഇതാ, സർവേശ്വരന്റെ മഹത്ത്വം വിദൂരത്തിൽ ദൃശ്യമാകുന്നു. അവിടുത്തെ കോപം കത്തി ജ്വലിക്കുന്നു. അവിടുത്തെ അധരങ്ങൾ രോഷനിർഭരമാണ്. അവിടുത്തെ നാവ് സംഹാരാഗ്നിയാണ്. 28കവിഞ്ഞൊഴുകുന്ന അരുവിപോലെയാകുന്നു അവിടുത്തെ നിശ്വാസം. അതു കഴുത്തറ്റംവരെ എത്തുന്നു. അവർ നാശത്തിന്റെ അരിപ്പയിൽ ജനതകളെ അരിക്കുകയും വഴിതെറ്റിക്കുന്ന കടിഞ്ഞാൺ അവർക്കിടുകയും ചെയ്യുന്നു.
29ഉത്സവരാത്രിയിലെന്നപോലെ നിങ്ങൾക്കു പാടാം. ഇസ്രായേലിന്റെ രക്ഷാകേന്ദ്രമായ സർവേശ്വരന്റെ പർവതത്തിലേക്കു പുല്ലാങ്കുഴൽ ഊതിപ്പോകുന്നവനെപ്പോലെ നിങ്ങൾക്ക് ആഹ്ലാദിക്കാം. 30ഉഗ്രകോപത്താൽ സംഹാരകമായ അഗ്നിജ്വാലയിലും ഇടിമുഴക്കത്തിലും കന്മഴയിലും സർവേശ്വരൻ അവിടുത്തെ ഗംഭീരശബ്ദം കേൾപ്പിക്കുകയും പ്രഹരിക്കാൻ കൈ ഓങ്ങുകയും ചെയ്യും. 31അവിടുത്തെ ശബ്ദം കേൾക്കുമ്പോൾ, അവിടുത്തെ വടികൊണ്ടു പ്രഹരിക്കുമ്പോൾ അസ്സീറിയാക്കാർ ഭയന്നുവിറയ്‍ക്കും. 32ശിക്ഷാദണ്ഡുകൊണ്ടുള്ള സർവേശ്വരന്റെ ഓരോ അടിയോടും ഒപ്പം തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉയരും. സർവേശ്വരൻ കൈ ചുഴറ്റി അവരോടു പടവെട്ടും. 33അസ്സീറിയൻ രാജാവിനെ ദഹിപ്പിക്കാൻ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സർവേശ്വരന്റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും.

Currently Selected:

ISAIA 30: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy