YouVersion Logo
Search Icon

ISAIA 3

3
യെരൂശലേമിന്റെ അരാജകത്വം
1ഇതാ സർവേശ്വരൻ, സർവശക്തനായ സർവേശ്വരൻ, മനുഷ്യന്റെ എല്ലാ താങ്ങും തുണയും; അപ്പവും ജലവും യെരൂശലേമിൽനിന്നും യെഹൂദായിൽനിന്നും എടുത്തുകളയും. 2മാത്രമല്ല ബലിഷ്ഠനെയും യോദ്ധാവിനെയും ന്യായാധിപനെയും പ്രവാചകനെയും പ്രശ്നം വയ്‍ക്കുന്നവനെയും പ്രമാണിയെയും 3സേനാപതിയെയും ഉന്നതസ്ഥാനിയെയും ഉപദേഷ്ടാവിനെയും നിപുണമാന്ത്രികനെയും മഹേന്ദ്രജാലക്കാരനെയും നീക്കംചെയ്യും. 4ബാലന്മാരെ ഞാൻ അവരുടെ അധിപതികളാക്കും; ശിശുക്കൾ അവരെ ഭരിക്കും. 5ജനം അന്യോന്യം മർദിക്കും; ഓരോ മനുഷ്യനും തന്റെ കൂട്ടുകാരനെയും അയൽക്കാരനെയും പീഡിപ്പിക്കും. യുവാവ് മുതിർന്നവനെയും നീചൻ മാന്യനെയും അപമാനിക്കും.
6പിതൃഗൃഹത്തിൽവച്ച് ഒരുവൻ തന്റെ സഹോദരനെ പിടിച്ചുനിർത്തിപ്പറയും: “നിനക്ക് ഒരു മേലങ്കിയുണ്ടല്ലോ; നീ ഞങ്ങളുടെ നേതാവായിരിക്കുക. ശൂന്യാവശിഷ്ടങ്ങളുടെ ഈ ചവറ്റുകൂന നിന്റെ അധികാരത്തിൻ കീഴിലായിരിക്കും.” 7അപ്പോൾ അയാൾ പറയും: “നായകനാകാൻ എനിക്കാവില്ല. എന്റെ ഭവനത്തിൽ അപ്പമോ മേലങ്കിയോ ഒന്നുമില്ല. അതുകൊണ്ട് എന്നെ നിങ്ങളുടെ നേതാവാക്കരുത്.” 8യെരൂശലേം ഇടറിവീണിരിക്കുന്നു; യെഹൂദാ നിലംപരിചായിരിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും സർവേശ്വരന് എതിരാണല്ലോ.
9അവ ദൈവത്തിന്റെ മഹത്ത്വപൂർണമായ സാന്നിധ്യത്തെ ധിക്കരിക്കുന്നു. അവരുടെ അപരാധം മുഖത്തു ദൃശ്യമാണ്; അത് അവർക്കെതിരെ സാക്ഷ്യം വഹിക്കുന്നു. സൊദോമിനെപ്പോലെ അവർ തങ്ങളുടെ പാപം വിളംബരം ചെയ്യുന്നു. അത് അവർ മറച്ചുവയ്‍ക്കുന്നില്ല. അവർക്കു ദുരിതം. അവർ സ്വയം നാശം വിളിച്ചുവരുത്തുന്നു. 10നീതിനിഷ്ഠർ സന്തുഷ്ടരായിരിക്കും. അവരുടെ പ്രവൃത്തികളുടെ നന്മ അവർ അനുഭവിക്കും. 11ദുഷ്ടന് ദുരിതം! അവനു തിന്മ ഭവിക്കും. അവന്റെ പ്രവൃത്തികളുടെ ദോഷഫലം അവൻ അനുഭവിക്കും. 12എന്റെ ജനത്തെ കുട്ടികൾ പീഡിപ്പിക്കുന്നു; സ്‍ത്രീകൾ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളുടെ നേതാക്കൾ നിങ്ങളെ വഴിതെറ്റിക്കുന്നു; എങ്ങോട്ടു പോകണമെന്നു നിങ്ങൾക്കറിഞ്ഞുകൂടാ.
സർവേശ്വരൻ വിധിക്കുന്നു
13സർവേശ്വരൻ വ്യവഹരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. സ്വന്തം ജനത്തെ ന്യായം വിധിക്കാൻ അവിടുന്ന് എഴുന്നേറ്റിരിക്കുന്നു. 14അവിടുന്നു തന്റെ ജനത്തിന്റെ പ്രഭുക്കന്മാരെയും ജനപ്രമാണിമാരെയും വിധിക്കാൻ തുടങ്ങുന്നു. മുന്തിരിത്തോട്ടം നിങ്ങൾ കൊള്ള ചെയ്തു; ദരിദ്രനിൽനിന്നു കവർന്നെടുത്ത മുതൽ നിങ്ങളുടെ വീടുകളിൽ ഉണ്ട്. 15സർവശക്തനും സർവേശ്വരനുമായ ദൈവം ചോദിക്കുന്നു: “എന്റെ ജനത്തെ ഞെക്കിപ്പിഴിയാനും പാവങ്ങളെ മർദിക്കാനും നിങ്ങൾക്ക് എന്തു കാര്യം?”
സ്‍ത്രീകൾക്കുള്ള മുന്നറിയിപ്പ്
16സർവേശ്വരൻ വീണ്ടും അരുളിച്ചെയ്യുന്നു: “യെരൂശലേമിലെ സ്‍ത്രീകൾ അഹങ്കരിച്ച് കടക്കണ്ണെറിഞ്ഞും കഴുത്തുനീട്ടിയും കുഴഞ്ഞാടിയും പാദസരം കിലുക്കിയും നടക്കുന്നതുകൊണ്ട് 17ഞാൻ അവരുടെ തലയിൽ ചിരങ്ങു പിടിപ്പിക്കും. അവരുടെ നഗ്നത ഞാൻ വെളിപ്പെടുത്തും. 18അന്നു സർവേശ്വരൻ അവരുടെ പകിട്ടേറിയ കാൽച്ചിലമ്പുകളും 19നെറ്റിപ്പട്ടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും കൈവളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോൾവളകളും 20-22അരക്കച്ചയും പരിമളപ്പെട്ടിയും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും കുപ്പായങ്ങളും കൈസഞ്ചികളും 23നേരിയ വസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരിൽനിന്നു നീക്കിക്കളയും. 24അപ്പോൾ പരിമളത്തിനു പകരം ദുർഗന്ധവും അരക്കച്ചയ്‍ക്കു പകരം കയറും അലങ്കരിച്ച മുടിക്കെട്ടിനു പകരം മൊട്ടത്തലയും വിലപ്പെട്ട മേലാടയ്‍ക്കു പകരം ചാക്കുതുണിയും സൗന്ദര്യത്തിനു പകരം വൈരൂപ്യവും ആയിരിക്കും ഫലം. 25നിന്റെ പുരുഷന്മാർ വാളിനിരയാകും; വീരയോദ്ധാക്കൾ യുദ്ധത്തിൽ നശിക്കും. 26പട്ടണവാതില്‌ക്കൽ കരച്ചിലും വിലാപവും ഉണ്ടാകും. നഗരം നഗ്നയായി നിലത്തു കുത്തിയിരിക്കുന്നവളെപ്പോലെ ആയിത്തീരും.

Currently Selected:

ISAIA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy