YouVersion Logo
Search Icon

ISAIA 29

29
യെരൂശലേമിനു താക്കീത്
1ദാവീദ് പാളയമടിച്ച നഗരമായ #29:1 മൂലഗ്രന്ഥത്തിൽ അരിയേൽ = യെരൂശലേം.യെരൂശലേമേ, നിനക്കു ഹാ ദുരിതം! വർഷങ്ങൾ കടന്നുപോകട്ടെ. ഉത്സവങ്ങൾ മുറയ്‍ക്കു നടക്കട്ടെ, 2എന്നാലും യെരൂശലേമിനു ഞാൻ കഷ്ടത വരുത്തും. അവൾക്കു ദുഃഖവും വിലാപവും ഉണ്ടാകും. അവൾ എനിക്കു നീറിക്കത്തുന്ന യാഗപീഠം ആയിരിക്കും. 3ഞാൻ നിനക്കെതിരെ ചുറ്റും പാളയമടിക്കും. നിനക്കു ചുറ്റും കൊത്തളങ്ങൾ നിർമിച്ച് ഉപരോധം ഏർപ്പെടുത്തും. 4അപ്പോൾ നീ താഴ്ത്തപ്പെടും. നിലത്തുനിന്നു നീ സംസാരിക്കും. പൊടിയിൽനിന്നു നിന്റെ വാക്കുകൾ ഉയരും. ഭൂതത്തിന്റെ സ്വരംപോലെ നിന്റെ സ്വരം കേൾക്കും. നിലത്തെ പൊടിയിൽനിന്നു നിന്റെ ശബ്ദം ഉയരും.
5ശത്രുസമൂഹം നേരിയ ധൂളിപടലംപോലെയും ഭീതി ജനിപ്പിക്കുന്ന ആ സൈന്യം കാറ്റിൽ പറക്കുന്ന പതിരുപോലെയും നിനക്ക് ആയിരിക്കും. ഞൊടിയിടയിൽ എല്ലാം സംഭവിക്കും. 6ഭൂകമ്പം, ഇടിമുഴക്കം, ഘോരശബ്ദം, കൊടുങ്കാറ്റ്, ദഹിപ്പിക്കുന്ന തീജ്വാല എന്നിവയോടൊത്തു സർവശക്തനായ സർവേശ്വരൻ വരും. 7യെരൂശലേമിനും അതിന്റെ കോട്ടകൾക്കും നേരെ യുദ്ധം ചെയ്യുന്ന എല്ലാ ജനതകളും അവളെ വിഷമിപ്പിക്കുന്ന എല്ലാവരും സ്വപ്നംപോലെയും രാത്രിയിലെ ദർശനം പോലെയും ആയിത്തീരും. 8യെരൂശലേമിനെതിരെ യുദ്ധം ചെയ്യുന്ന ശത്രുക്കൾ ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ വിശപ്പു മാറാത്തവരെപ്പോലെയും പാനം ചെയ്യുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോൾ ദാഹമുള്ളവരെപ്പോലെയും ആയിരിക്കും.
9വിസ്മയസ്തബ്ധരാകുവിൻ. നിങ്ങളെത്തന്നെ അന്ധരാക്കുവിൻ. വീഞ്ഞു കുടിക്കാതെ മത്തരാകുവിൻ. മദ്യപിക്കാതെ ആടി നടക്കുവിൻ. 10സർവേശ്വരൻ നിങ്ങളുടെമേൽ ഗാഢനിദ്ര വരുത്തുകയും നിങ്ങളുടെ പ്രവാചകരാകുന്ന കണ്ണുകളെ അന്ധമാക്കുകയും ദർശകരാകുന്ന ശിരസ്സുകളെ മൂടിക്കെട്ടുകയും ചെയ്തിരിക്കുന്നു. 11അങ്ങനെ നിങ്ങളുടെ സകല ദർശനങ്ങളും മുദ്രവയ്‍ക്കപ്പെട്ട ഗ്രന്ഥത്തിലെ വചനങ്ങൾപോലെ ആയിരിക്കുന്നു. 12അക്ഷരജ്ഞാനമുള്ളവന്റെ കൈയിൽ അതു കൊടുത്താൽ മുദ്ര വയ്‍ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് വായിക്കാൻ അസാധ്യമെന്നു പറയും. നിരക്ഷരനായവന്റെ കൈയിൽ കൊടുത്താൽ വായിക്കാൻ അറിഞ്ഞുകൂടാ എന്നു പറയും. സർവേശ്വരൻ അരുളിച്ചെയ്യുന്നു:
13“ഈ ജനം വാക്കുകൾകൊണ്ട് എന്നെ സമീപിക്കുന്നു. അധരംകൊണ്ട് എന്നെ ആദരിക്കുന്നു. അവരുടെ ഹൃദയമാകട്ടെ എന്നിൽനിന്നും അകന്നിരിക്കുന്നു. മനഃപാഠമാക്കിയ മനുഷ്യനിയമങ്ങളാണ് അവരുടെ മതം. 14അതുകൊണ്ട് ഞാനിതാ ഈ ജനത്തിന്റെ മധ്യേ ഒരു അദ്ഭുതം പ്രവർത്തിക്കും. അദ്ഭുതകരവും വിസ്മയനീയവുമായ പ്രവൃത്തി; ജ്ഞാനികളുടെ ജ്ഞാനം നശിക്കും, വിവേകികളുടെ വിവേചനാശക്തി നഷ്ടപ്പെടും.
പ്രത്യാശ നല്‌കുന്നു
15സർവേശ്വരനിൽനിന്നു തങ്ങളുടെ പദ്ധതികൾ ആഴത്തിൽ മറച്ചു വയ്‍ക്കുകയും ഇരുട്ടിൽ തങ്ങളുടെ പ്രവൃത്തികൾ നടത്തുകയും, തങ്ങളെ ആരു കാണും, ആരറിയും എന്നു ചോദിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! അവർ എല്ലാം കീഴ്മേൽ മറിക്കുന്നു. 16കുശവനും കളിമണ്ണും ഒരുപോലെയെന്ന് കരുതാമോ? സൃഷ്‍ടി സൃഷ്‍ടിച്ചവനോടു ‘നീയല്ല എന്നെ സൃഷ്‍ടിച്ചതെന്നും’ രൂപം നല്‌കിയവനോട് നിനക്കൊന്നും അറിഞ്ഞുകൂടെന്നും പറയുമോ?
17ലെബാനോൻ ഫലസമൃദ്ധമായ വിളഭൂമിയായിത്തീരാനും വിളഭൂമി വനമായി എണ്ണപ്പെടാനും അല്പകാലമേ വേണ്ടൂ. 18അന്നു ബധിരൻ ഗ്രന്ഥത്തിലെ വചനങ്ങൾ വായിച്ചു കേൾക്കുകയും അന്ധന്റെ ഇരുൾ നീങ്ങി പ്രകാശം ലഭിക്കുകയും ചെയ്യും. 19സൗമ്യശീലർക്കു സർവേശ്വരനിൽ നവ്യമായ ആനന്ദം ഉണ്ടാകും. 20എളിയവർ ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിൽ ആനന്ദിക്കും. നിർദയർ ഇല്ലാതാവും നിന്ദകരുടെ കഥ അവസാനിക്കും 21തിന്മ ചെയ്യാനൊരുങ്ങിയിരിക്കുന്നവർ വിച്ഛേദിക്കപ്പെടും. അവർ ഒരു വാക്കുകൊണ്ട് ഒരുവനെ അപരാധിയാക്കിത്തീർക്കുകയും പട്ടണവാതിൽക്കലിരുന്നു നീതി നടത്തുന്നവർക്കു കെണി വയ്‍ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനെ തകിടം മറിക്കുകയും ചെയ്യുന്നു.
22അതിനാൽ അബ്രഹാമിനെ വീണ്ടെടുത്ത സർവേശ്വരൻ യാക്കോബിന്റെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇനി ലജ്ജിതരാവുകയില്ല. നിങ്ങളുടെ മുഖം ഇനി വിളറുകയുമില്ല. 23ഞാൻ ജനമധ്യേ ചെയ്ത പ്രവൃത്തികൾ കാണുമ്പോൾ നിങ്ങളുടെ സന്തതികൾ എന്നെ പരിശുദ്ധനെന്നു വാഴ്ത്തും. യാക്കോബിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭക്തിയോടെ നിലകൊള്ളും. 24അസ്ഥിരമാനസർക്കു വിവേകമുണ്ടാവുകയും പിറുപിറുത്തിരുന്നവർ ഉപദേശം കൈക്കൊള്ളുകയും ചെയ്യും.

Currently Selected:

ISAIA 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy