YouVersion Logo
Search Icon

HOSEA 7

7
1എന്റെ ജനത്തിനു വീണ്ടും ഐശ്വര്യം നല്‌കുമ്പോൾ, ഇസ്രായേലിനെ ഞാൻ സുഖപ്പെടുത്തുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെടും. അവർ വ്യാജമായി വർത്തിക്കുന്നു. കള്ളൻ അകത്തു കടക്കുന്നു; പുറത്തു കവർച്ചസംഘം കൊള്ളയടിക്കുന്നു. 2അവരുടെ എല്ലാ അധർമങ്ങളും ഞാൻ ഓർക്കുമെന്ന് അവർ വിചാരിക്കുന്നില്ല. ഇപ്പോൾ അവരുടെ പ്രവൃത്തികൾ അവരെ വലയം ചെയ്യുന്നു. അവ എന്റെ കൺമുമ്പിൽ ആണ്.
കൊട്ടാരത്തിൽ ഗൂഢാലോചന
3തങ്ങളുടെ ദുഷ്ടതയും വഞ്ചനയുംകൊണ്ടു രാജാവിനെയും പ്രഭുക്കന്മാരെയും അവർ സന്തോഷിപ്പിക്കുന്നു. 4അവർ എല്ലാവരും വ്യഭിചാരികളാണ്. അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. കുഴച്ചമാവു പുളിച്ചുപൊങ്ങി പാകമാകുന്നതുവരെ അടുപ്പിലെ തീ ആളിക്കത്തിക്കുകയില്ലല്ലോ. 5നമ്മുടെ രാജാവിന്റെ ഉത്സവദിവസം അവർ പ്രഭുക്കന്മാരെ വീഞ്ഞു കുടിപ്പിച്ചു മത്തരാക്കുന്നു. അവർ പരിഹാസികളുമായി ഒത്തുചേരുന്നു. 6തങ്ങളുടെ ദ്രോഹപരിപാടികളെപ്പറ്റിയുള്ള ആലോചനകളാൽ അവരുടെ ഹൃദയം അടുപ്പുപോലെ നീറിക്കത്തുന്നു. രാത്രി മുഴുവൻ അവരുടെ രോഷം നീറി എരിഞ്ഞുകൊണ്ടിരിക്കും. 7പ്രഭാതമായാൽ അതു കത്തിജ്വലിക്കും. അവർ എല്ലാവരും അടുപ്പുപോലെ ചുട്ടുപഴുത്തിരിക്കുന്നു. ഭരണാധികാരികളെ അവർ ദഹിപ്പിച്ചുകളയുന്നു. അവരുടെ രാജാക്കന്മാരെല്ലാം നിലംപതിച്ചു. അവരാരും എന്നെ വിളിച്ചപേക്ഷിക്കുന്നില്ല.
ഇസ്രായേലും ജനതകളും
8സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഒരു വശം മാത്രം വെന്ത അപ്പംപോലെയാണ് ഇസ്രായേൽ. ചുറ്റുമുള്ള ജനതകളുമായി അവർ ഇടകലരുന്നു. 9വിജാതീയർ അവരുടെ ബലം കെടുത്തുന്നു. അവർ അതു മനസ്സിലാക്കുന്നില്ല. അവരുടെ തല നരച്ചുതുടങ്ങി. അത് അവർ അറിയുന്നില്ല. 10ഇസ്രായേലിന്റെ അഹങ്കാരം അവർക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇതെല്ലാമായിട്ടും അവർ തങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.
11എഫ്രയീം വിവരമില്ലാത്ത പൊട്ടപ്രാവാണ്. അവർ സഹായത്തിനുവേണ്ടി ഈജിപ്തിനെ വിളിക്കുന്നു; അസ്സീറിയായെ സമീപിക്കുന്നു. 12അവർ പോകുമ്പോൾ അവരുടെമേൽ ഞാൻ വലവിരിക്കും. പക്ഷികളെ എന്നപോലെ ഞാൻ അവരെ പിടിക്കും. അവരുടെ ദുഷ്കൃത്യത്തിനു ഞാൻ അവരെ ശിക്ഷിക്കും. 13അവർ എന്നെ വിട്ട് ഓടിപ്പോയല്ലോ; അവർക്കു ദുരിതം! അവർ എന്നോടു മത്സരിച്ചു; അവർക്കു നാശം! ഞാൻ അവരെ രക്ഷിക്കുമായിരുന്നു; എന്നാൽ അവർ എനിക്കെതിരെ സംസാരിക്കുന്നു.
14അവർ ഹൃദയപൂർവം എന്നോട് അപേക്ഷിക്കുന്നില്ല. അവർ കിടക്കയിൽ വീണ് അലമുറയിടുന്നു. ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവർ സ്വയം മുറിവേല്പിക്കുന്നു. അവർ എന്നോടു മത്സരിക്കുന്നു. 15ഞാൻ അവരെ പരിശീലിപ്പിച്ചു, അവരുടെ ഭുജങ്ങളെ ബലപ്പെടുത്തി; എന്നിട്ടും അവർ എനിക്കെതിരെ തിന്മ നിരൂപിക്കുന്നു. 16അവർ ബാലിന്റെ നേർക്കു തിരിയുന്നു. അവർ സമയത്ത് ഉതകാത്ത വില്ലുപോലെയാകുന്നു. അവരുടെ പ്രഭുക്കന്മാർ നാവിന്റെ ഔദ്ധത്യത്താൽ വാളിനിരയാകും. അവർ ഇതിനാൽ ഈജിപ്തിൽ പരിഹാസപാത്രമാകും.

Currently Selected:

HOSEA 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy