YouVersion Logo
Search Icon

HEBRAI 6

6
1അതുകൊണ്ട് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ പ്രാഥമികപാഠങ്ങൾ പിന്നിട്ട് പക്വതയിലേക്കു നമുക്ക് മുന്നേറാം. പ്രയോജനരഹിതമായ പ്രവൃത്തികളിൽനിന്നുള്ള പിന്തിരിയൽ, 2ദൈവത്തിലുള്ള വിശ്വാസം, സ്നാപനത്തെക്കുറിച്ചുള്ള ഉപദേശം, കൈവയ്പ്, മരിച്ചവരുടെ പുനരുത്ഥാനം, അനന്തമായ ശിക്ഷാവിധി എന്നീ പ്രാഥമികപാഠങ്ങളുടെ അടിസ്ഥാനം നാം വീണ്ടും ഇടേണ്ടതില്ല. 3ദൈവം അനുവദിക്കുമെങ്കിൽ നമുക്കു മുന്നോട്ടു പോകാം.
4വിശ്വാസം പരിത്യജിച്ചവരെ അനുതാപത്തിലേക്കു വീണ്ടും കൊണ്ടുവരുവാൻ എങ്ങനെ സാധിക്കും? അവർ ദൈവത്തിന്റെ പ്രകാശത്തിലേക്കു വരികയും, സ്വർഗീയവരങ്ങൾ ആസ്വദിക്കുകയും, പരിശുദ്ധാത്മാവിന്റെ ഓഹരി പ്രാപിക്കുകയും ചെയ്തവരാണ്. 5ദൈവത്തിന്റെ വചനം ശ്രേഷ്ഠമാണെന്ന് തങ്ങളുടെ അനുഭവത്തിൽനിന്നു മനസ്സിലാക്കുകയും, വരുവാനിരിക്കുന്ന യുഗത്തിന്റെ ശക്തി അനുഭവവേദ്യമാക്കുകയും ചെയ്തിട്ടുമുണ്ട്. 6എന്നിട്ടും അവർ വിശ്വാസം പരിത്യജിച്ചാൽ അവരെ പശ്ചാത്താപത്തിലേക്കു വീണ്ടും കൊണ്ടുവരുവാൻ സാധ്യമല്ല. എന്തുകൊണ്ടെന്നാൽ, ദൈവപുത്രനെ അവർ വീണ്ടും ക്രൂശിക്കുകയും പരസ്യമായി പരിഹാസപാത്രമാക്കിത്തീർക്കുകയും ചെയ്തുവല്ലോ.
7കൂടെക്കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും കർഷകർക്ക് ഉപകാരപ്രദമായ സസ്യാദികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഭൂമിയെ ദൈവം അനുഗ്രഹിക്കുന്നു. 8എന്നാൽ മുൾച്ചെടികളും ഞെരിഞ്ഞിലുമാണ് അത് ഉൽപ്പാദിപ്പിക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. അതു ശാപയോഗ്യമായിത്തീരുകയും, തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതാണ് അതിന്റെ അവസാനം.
9പ്രിയപ്പെട്ടവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും രക്ഷയുടെ ശ്രേഷ്ഠമായ അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. 10ദൈവം അന്യായം പ്രവർത്തിക്കുന്നവനല്ലല്ലോ. നിങ്ങളുടെ പ്രവൃത്തികളും സഹവിശ്വാസികൾക്കു ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സഹായത്തിലൂടെ ദൈവത്തോടു നിങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള സ്നേഹവും അവിടുന്നു വിസ്മരിക്കുകയില്ല. 11നിങ്ങൾ ഓരോ വ്യക്തിയും പ്രത്യാശിക്കുന്ന കാര്യങ്ങൾ യഥാർഥമായിത്തീരുന്നതിന് നിങ്ങൾ അന്ത്യംവരെ ജാഗ്രതയുള്ളവരായിരിക്കണമെന്നത്രേ ഞങ്ങളുടെ അഭിവാഞ്ഛ. 12നിങ്ങൾ അലസരാകരുതെന്നും, വിശ്വാസവും സഹനശക്തിയുംമൂലം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു പ്രാപിക്കുന്നവരെപ്പോലെ ആകണമെന്നുമത്രേ നിങ്ങളെപ്പറ്റി ഞങ്ങൾ ആഗ്രഹിക്കുന്നത്.
സുനിശ്ചിതമായ വാഗ്ദാനം
13ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോൾ, അവിടുത്തെക്കാൾ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തിൽതന്നെ സത്യംചെയ്തു. 14‘ഞാൻ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‌കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു. 15അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു. 16മനുഷ്യർ സാധാരണ ശപഥം ചെയ്യുമ്പോൾ തങ്ങളെക്കാൾ വലിയവനായ ഒരാളിന്റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങൾക്കും തന്മൂലം ഉറപ്പുവരുത്തുന്നു. 17അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്റെ അവകാശികൾക്കു സ്പഷ്ടമാക്കിക്കൊടുക്കുവാൻ ദൈവം സ്വന്തം ശപഥത്താൽ ഉറപ്പു നല്‌കി. 18മാറ്റുവാൻ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാൻ സാധ്യമല്ല. അതുകൊണ്ട് ദൈവത്തിൽ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പിൽ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാൻ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ. 19ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു. 20യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്‌ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു.

Currently Selected:

HEBRAI 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy