YouVersion Logo
Search Icon

HEBRAI 3

3
യേശു മോശയെക്കാൾ ശ്രേഷ്ഠൻ
1സ്വർഗീയ വിളിയിൽ പങ്കാളികളായ എന്റെ വിശുദ്ധ സഹോദരരേ, നാം സ്ഥിരീകരിച്ച് ഏറ്റുപറയുന്ന വിശ്വാസത്തിന്റെ അപ്പോസ്തോലനും മഹാപുരോഹിതനുമായ യേശുവിനെപ്പറ്റി ചിന്തിക്കുക. 2ദൈവത്തിന്റെ ഭവനത്തിൽ മോശ എല്ലാ കാര്യങ്ങളിലും വിശ്വസ്തനായിരുന്നു. അതുപോലെ തന്നെ നിയോഗിച്ച ദൈവത്തോട് യേശുവും വിശ്വസ്തനായിരുന്നു. 3ഭവനം നിർമിക്കുന്നവനു ഭവനത്തെക്കാൾ മാന്യത ഉണ്ട്. അതുപോലെതന്നെ യേശു മോശയെക്കാൾ അധികം മാന്യതയ്‍ക്കു യോഗ്യനാകുന്നു. 4ഏതു ഭവനവും ആരെങ്കിലും നിർമിക്കുന്നു. എന്നാൽ എല്ലാം നിർമിക്കുന്നത് ദൈവമാകുന്നു. 5മോശ ദൈവത്തിന്റെ ഭവനത്തിൽ എല്ലാ കാര്യങ്ങളിലും ഒരു ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ഭാവിയിൽ ദൈവത്തിനു പറയുവാനുള്ള കാര്യങ്ങളെപ്പറ്റി മോശ സംസാരിക്കുകയും ചെയ്തു. 6എന്നാൽ ഭവനത്തിന്റെമേൽ അധികാരമുള്ള പുത്രനെന്ന നിലയിലത്രേ ക്രിസ്തു വിശ്വസ്തനായിരിക്കുന്നത്. നമ്മുടെ ആത്മധൈര്യവും നാം പ്രത്യാശിക്കുന്നതിലുള്ള അഭിമാനവും മുറുകെപ്പിടിക്കുന്നുവെങ്കിൽ നാം ദൈവത്തിന്റെ ഭവനമാകുന്നു.
വാഗ്ദാനം ചെയ്യപ്പെട്ട വിശ്രമം
7പരിശുദ്ധാത്മാവ് അരുൾചെയ്യുന്നത് ഇങ്ങനെയാണ്:
8ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ
നിങ്ങളുടെ പൂർവികർ
ദൈവത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ
കഠിനഹൃദയം ഉള്ളവരായിരിക്കരുത്.
മരുഭൂമിയിലായിരുന്നപ്പോൾ
അവർ ദൈവത്തെ പരീക്ഷിച്ചുവല്ലോ.
9നാല്പതു വർഷം എന്റെ പ്രവൃത്തികൾ കണ്ടിട്ടും
അവിടെവച്ച് അവർ എന്നെ
പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്തു.
10അതുകൊണ്ട് എനിക്ക്
ആ തലമുറയോട് അമർഷമുണ്ടായി;
അവർ സദാ വഴിതെറ്റിപ്പോകുന്നവരും
എന്റെ വഴി അറിഞ്ഞിട്ടില്ലാത്തവരുമാണ്
എന്നു ഞാൻ പറഞ്ഞു.
11തന്മൂലം, ഞാൻ അവർക്കു
സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത്
അവർ ഒരിക്കലും പ്രവേശിക്കുകയില്ലെന്ന്
ഞാൻ കുപിതനായി ശപഥം ചെയ്തു.
12സഹോദരരേ, ജീവനുള്ള ദൈവത്തെ പരിത്യജിച്ചു പുറംതിരിഞ്ഞുപോകത്തക്കവണ്ണം, അവിശ്വാസവും ദുഷ്ടതയുമുള്ള ഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. 13നേരേമറിച്ച്, നിങ്ങളിൽ ആരുംതന്നെ പാപത്താൽ വഞ്ചിക്കപ്പെടാതിരിക്കുന്നതിനും കഠിന ഹൃദയമുള്ളവരായിത്തീരാതിരിക്കുന്നതിനുംവേണ്ടി ‘ഇന്ന്’ എന്നു വിളിക്കപ്പെടുന്ന ദിവസങ്ങൾ ഉള്ളിടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിക്കുക. 14ആദ്യം ഉണ്ടായിരുന്ന ദൃഢവിശ്വാസം അന്ത്യംവരെ മുറുകെപ്പിടിക്കുന്നെങ്കിൽ നാം ക്രിസ്തുവിന്റെ പങ്കുകാരായിരിക്കും.
15വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ:
ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം
കേൾക്കുന്നു എങ്കിൽ
നിങ്ങളുടെ പൂർവികർ
ദൈവത്തോടു മത്സരിച്ചപ്പോൾ ആയിരുന്നതുപോലെ
നിങ്ങൾ വഴങ്ങാത്ത ഹൃദയമുള്ളവരാകരുത്.
16ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും തന്നോടു മത്സരിച്ചത് ആരാണ്? മോശ മുഖേന ഈജിപ്തിൽനിന്നു വിമോചിതരായ എല്ലാവരുമല്ലേ? 17ആരോടാണു ദൈവം നാല്പതു വർഷം കോപത്തോടുകൂടി വർത്തിച്ചത്? പാപം ചെയ്ത് മരുഭൂമിയിൽ മരിച്ചുവീണ ജനത്തോടുതന്നെ. 18‘ഞാൻ അവർക്കു വിശ്രമം നല്‌കുമായിരുന്ന ദേശത്ത് അവർ ഒരിക്കലും പ്രവേശിക്കുകയില്ല’ എന്നു ദൈവം ശപഥം ചെയ്ത’ത് ആരെപ്പറ്റിയാണ്? ദൈവത്തോടു മത്സരിച്ചവരെപ്പറ്റിത്തന്നെ. 19അങ്ങനെ അവിശ്വാസം നിമിത്തം അവർക്ക് ആ ദേശത്തു പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം അറിയുന്നു.

Currently Selected:

HEBRAI 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy