YouVersion Logo
Search Icon

HEBRAI 13

13
ദൈവത്തിനു ഹിതകരമായ സൽക്കർമങ്ങൾ
1സഹോദരനിർവിശേഷമായ സ്നേഹം നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കട്ടെ. 2അപരിചിതരോട് ആതിഥ്യമര്യാദ കാണിക്കുവാൻ മറക്കരുത്. അങ്ങനെ ചെയ്തിട്ടുള്ള ചിലർ മാലാഖമാരെ അറിയാതെ സൽക്കരിച്ചിട്ടുണ്ടല്ലോ. 3തടവിൽ കിടക്കുന്നവരെ, നിങ്ങൾ തന്നെ അവരോടൊത്തു തടവുകാരായിരുന്നാൽ എന്നപോലെ ഓർക്കുക. പീഡനമനുഭവിക്കുന്നവരെന്നവണ്ണം നിങ്ങൾ പീഡിതരെയും ഓർക്കണം.
4വിവാഹത്തെ എല്ലാവരും മാനിക്കണം. ഭാര്യാഭർത്തൃബന്ധം നിർമ്മലമായിരിക്കട്ടെ. ദുർമാർഗികളെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
5നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തിന്റെ പിടിയിൽ അമർന്നുപോകരുത്; നിങ്ങൾക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക. എന്തെന്നാൽ “ഞാൻ നിന്നെ ഒരിക്കലും കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു.
6അതുകൊണ്ട്
സർവേശ്വരൻ എനിക്കു തുണ;
ഞാൻ ഭയപ്പെടുകയില്ല;
മനുഷ്യന് എന്നോട് എന്തുചെയ്‍വാൻ കഴിയും?
എന്നു നമുക്കു സധൈര്യം പറയാം.
7ദൈവത്തിന്റെ സന്ദേശം നിങ്ങളെ അറിയിച്ച നിങ്ങളുടെ നേതാക്കളെ ഓർത്തുകൊള്ളണം. അവരുടെ ജീവിതത്തിന്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തുകൊണ്ട് അവരുടെ വിശ്വാസത്തെ അനുകരിക്കുക. 8യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനത്രേ. 9വിവിധങ്ങളായ ഇതരോപദേശങ്ങളാൽ ആരും നിങ്ങളെ നേരായ മാർഗത്തിൽനിന്നു തെറ്റിക്കുവാൻ ഇടയാകരുത്. ഭക്ഷണകാര്യത്തെക്കുറിച്ചുള്ള ചട്ടങ്ങൾ പാലിക്കുന്നവർക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ദൈവകൃപയിൽനിന്ന് ആന്തരികശക്തി പ്രാപിക്കുന്നതാണ് നിങ്ങൾക്കു നല്ലത്.
10നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതിൽനിന്നു ഭക്ഷിക്കുവാൻ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്ക് അവകാശമില്ല. 11യെഹൂദന്മാരുടെ മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്ന്, പാപപരിഹാര ബലിയായി അർപ്പിക്കുന്നു. എന്നാൽ മൃഗങ്ങളുടെ ശരീരം പാളയത്തിനു പുറത്തുവച്ച് ദഹിപ്പിക്കുകയാണു ചെയ്യുന്നത്. 12അതുകൊണ്ട് യേശുവും തന്റെ സ്വന്തം രക്തത്താൽ ജനത്തെ ആകമാനം പാപത്തിൽനിന്നു ശുദ്ധീകരിക്കുന്നതിനായി നഗരത്തിന്റെ പുറത്തുവച്ച് മരണംവരിച്ചു. 13അതുകൊണ്ട് നമുക്കും പാളയത്തിനു പുറത്ത് അവിടുത്തെ അടുക്കലേക്കു ചെല്ലുകയും അവിടുത്തെ അപമാനത്തിൽ പങ്കുചേരുകയും ചെയ്യാം. 14ഭൂമിയിൽ നമുക്കു ശാശ്വതമായ നഗരമില്ല; വരുവാനുള്ള നഗരത്തെ നാം നോക്കിപ്പാർക്കുകയാണല്ലോ. 15നമുക്ക് യേശുവിൽകൂടി നിരന്തരം ദൈവത്തിന് സ്തോത്രം അർപ്പിക്കാം. യേശുവിനെ കർത്താവായി ഏറ്റുപറയുന്നവരുടെ അധരങ്ങൾ അർപ്പിക്കുന്ന യാഗമാണത്. 16നന്മ ചെയ്യുന്നതിലും, നിങ്ങൾക്കുള്ളത് അന്യോന്യം പങ്കിടുന്നതിലും ഉപേക്ഷ കാണിക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിൽ ദൈവം പ്രസാദിക്കുന്നു.
17നിങ്ങളുടെ നേതാക്കന്മാരെ അനുസരിച്ച് അവർക്കു കീഴ്പ്പെട്ടിരിക്കണം. അവർ ദൈവത്തിന്റെ മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടതുകൊണ്ട് നിങ്ങളെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നു. അവർ സന്തോഷപൂർവം അതു ചെയ്യുവാൻ ഇടയാക്കുക. സങ്കടത്തോടുകൂടിയാണ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് അതു പ്രയോജനശൂന്യമായിരിക്കും.
18ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക. എപ്പോഴും ശരിയായതു ചെയ്യണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് സ്വച്ഛമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് നിസ്സംശയം പറയാം. 19ഞാൻ എത്രയും വേഗം നിങ്ങളുടെ അടുക്കൽ തിരിച്ചുവരേണ്ടതിന് കൂടുതൽ ശുഷ്കാന്തിയോടുകൂടി പ്രാർഥിക്കണമെന്നു നിങ്ങളോട് അപേക്ഷിക്കുന്നു.
സമാപനാശംസകൾ
20-21സമാധാനത്തിന്റെ ദൈവം അവിടുത്തെ ഇഷ്ടം നിറവേറ്റുവാൻവേണ്ടി നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ നല്ല കാര്യങ്ങൾകൊണ്ടും നിങ്ങളെ ധന്യരാക്കട്ടെ. അവിടുത്തെ യാഗരക്തം മൂലം സനാതനമായ ഉടമ്പടിക്കു മുദ്രവച്ച, ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരണത്തിൽനിന്ന് ദൈവം ഉത്ഥാനം ചെയ്യിച്ചു. അവിടുത്തേക്കു പ്രസാദകരമായിട്ടുള്ളവ യേശുക്രിസ്തുവിൽകൂടി നമ്മിൽ പ്രവർത്തിക്കുന്ന ദൈവത്തിന് എന്നേക്കും മഹത്ത്വമുണ്ടാകട്ടെ, ആമേൻ.
22സഹോദരരേ, ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്ന ഈ പ്രബോധനം ക്ഷമയോടെ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു. 23നമ്മുടെ സഹോദരനായ തിമൊഥെയോസ് തടവിൽനിന്നു വിമോചിതനായി എന്നുള്ള വിവരം ഞാൻ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. അയാൾ വേഗം വന്നാൽ ഞാൻ അയാളോടുകൂടി വന്നു നിങ്ങളെ കണ്ടുകൊള്ളാം.
24നിങ്ങളുടെ എല്ലാ നേതാക്കന്മാർക്കും ദൈവജനത്തിനും എന്റെ അഭിവാദനങ്ങൾ! ഇറ്റലിയിലെ വിശ്വാസികളും നിങ്ങളെ വന്ദനം ചെയ്യുന്നു.
25നിങ്ങളെല്ലാവരോടുംകൂടി ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കട്ടെ.

Currently Selected:

HEBRAI 13: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy