YouVersion Logo
Search Icon

HAGAIA 2

2
പുതിയ ദേവാലയം
1ദാര്യാവേശ് അധികാരമേറ്റതിന്റെ രണ്ടാം വർഷം ഏഴാം മാസം ഇരുപത്തൊന്നാം ദിവസം ഹഗ്ഗായി പ്രവാചകന് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 2“നീ ശെയൽതീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിനോടും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവായോടും ജനത്തിൽ അവശേഷിച്ചവരോടും പറയുക: 3ഈ ദേവാലയത്തിന്റെ പൂർവമഹത്ത്വം കണ്ടിട്ടുള്ളവർ നിങ്ങളിൽ ആരെങ്കിലും ഉണ്ടോ? ഇപ്പോൾ ഇത് കാഴ്ചയിൽ എങ്ങനെ? നിസ്സാരമായി തോന്നുന്നില്ലേ? 4എങ്കിലും സെരുബ്ബാബേലേ, ധൈര്യമായിരിക്കുക. സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്. യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവേ, ദേശത്തുള്ള സമസ്തജനങ്ങളേ, ധൈര്യമായിരിക്കുവിൻ. നിങ്ങൾ പണിയിൽ ഏർപ്പെടുക. ഞാൻ നിങ്ങളുടെ കൂടെയുണ്ട്.” ഇത് സർവശക്തനായ സർവേശ്വരന്റെ വചനം. 5ഈജിപ്തിൽനിന്നു നിങ്ങൾ പുറപ്പെട്ടപ്പോൾ ചെയ്ത വാഗ്ദാനം അനുസരിച്ച് ഞാൻ നിങ്ങളുടെകൂടെ ഉണ്ടല്ലോ? എന്റെ ആത്മാവ് നിങ്ങളുടെകൂടെ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ. 6സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇനി ഏറെത്താമസിയാതെ ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഒന്നുകൂടി ഇളക്കും. 7സമസ്തജനതകളെയും ഞാൻ പ്രകമ്പനം കൊള്ളിക്കും. അങ്ങനെ അവർ കൂട്ടിവച്ച ധനമെല്ലാം ഇവിടെ എത്തും. ഞാൻ ഈ ആലയം മഹത്ത്വപൂർണമാക്കും. ഇത് സർവേശ്വരന്റെ വചനം. 8‘വെള്ളി എനിക്കുള്ളതാണ്. സ്വർണവും എൻറേതുതന്നെ’ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 9ഈ ആലയത്തിന്റെ ഇപ്പോഴത്തെ മഹത്ത്വം പണ്ടുണ്ടായിരുന്നതിനെ അതിശയിക്കത്തക്കതായിരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഈ സ്ഥലം ഐശ്വര്യസമൃദ്ധമാക്കുമെന്നാണു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട്.
10ദാര്യാവേശിന്റെ രണ്ടാം ഭരണവർഷം ഒൻപതാം മാസം ഇരുപത്തിനാലാം ദിവസം ഹഗ്ഗായിപ്രവാചകൻ മുഖേന സർവേശ്വരൻ അരുളിച്ചെയ്തു: 11-12“ഒരുവൻ വിശുദ്ധമാംസം വസ്ത്രത്തുമ്പിൽ പൊതിഞ്ഞുകെട്ടി ആ വസ്ത്രാഞ്ചലംകൊണ്ട് അപ്പമോ, പായസമോ, വീഞ്ഞോ, എണ്ണയോ, മറ്റേതെങ്കിലും ഭക്ഷണസാധനമോ സ്പർശിച്ചാൽ അവ വിശുദ്ധമായിത്തീരുമോ എന്നു പുരോഹിതന്മാരോടു ചോദിക്കാൻ സർവശക്തനായ സർവേശ്വരൻ കല്പിക്കുന്നു. അതിന് “ഇല്ല” എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു. 13എന്നാൽ ശവശരീരത്തിൽ തൊട്ട് അശുദ്ധനായ ഒരുവൻ ഇതിലേതെങ്കിലും ഒന്നിൽ സ്പർശിച്ചാൽ അത് അശുദ്ധമാകുമോ എന്നു ഹഗ്ഗായി ചോദിച്ചപ്പോൾ “അശുദ്ധമാകും” എന്നു പുരോഹിതന്മാർ പറഞ്ഞു. 14അപ്പോൾ ഹഗ്ഗായി പറഞ്ഞു: “ഈ ജനവും ജനതയും എന്റെ സന്നിധിയിൽ അങ്ങനെതന്നെ; അവരുടെ എല്ലാ പ്രവൃത്തികളും അങ്ങനെതന്നെയാകുന്നു. അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം തന്നെ. 15ഇത് സർവശക്തനായ സർവേശ്വരന്റെ വചനം. സർവേശ്വരന്റെ ആലയം വീണ്ടും പണിയുന്നതിനു തൊട്ടുമുമ്പുള്ള കാലത്തെക്കുറിച്ച് ഓർത്തുനോക്കുക. 16അന്ന് ഇരുപതു പറയുണ്ടായിരുന്ന ധാന്യക്കൂമ്പാരത്തിൽ ചെന്നുനോക്കുമ്പോൾ പത്തു മാത്രമേ ഉണ്ടായിരിക്കൂ. മരത്തൊട്ടിയിൽനിന്ന് അമ്പതു കുടം വീഞ്ഞു കോരി എടുക്കാൻ ചെല്ലുമ്പോൾ ഇരുപതു കുടമേ കാണുകയുള്ളൂ. 17നിങ്ങൾ ഉൽപാദിപ്പിച്ച സകലവും ഞാൻ ഉഷ്ണക്കാറ്റും പൂപ്പലും കന്മഴയും അയച്ചു നശിപ്പിച്ചെങ്കിലും നിങ്ങൾ അനുതപിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
18ഇന്നുമുതൽ സംഭവിക്കുന്നതെല്ലാം നിങ്ങൾ ശ്രദ്ധിക്കുക. ഒൻപതാം മാസം ഇരുപത്തിനാലാം ദിവസമാണല്ലോ ഇന്ന്. ദേവാലയത്തിന്റെ അടിസ്ഥാനം ഇട്ട ദിവസമാണിത്. 19ധാന്യം കളപ്പുരയിൽ അവശേഷിച്ചിട്ടില്ലെങ്കിലും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവുവൃക്ഷവും ഫലം നല്‌കുന്നില്ലെങ്കിലും ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
സെരുബ്ബാബേലിനോടുള്ള വാഗ്ദാനം
20ഒൻപതാം മാസം ഇരുപത്തിനാലാം ദിവസമായ അന്നേ ദിവസം ഹഗ്ഗായിപ്രവാചകനു വീണ്ടും സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 21നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയുക: “ഞാൻ ആകാശത്തിനും ഭൂമിക്കും ഇളക്കമുണ്ടാക്കും. 22രാജസിംഹാസനങ്ങൾ ഇളക്കിമറിക്കും. അവയുടെ ശക്തി അവസാനിപ്പിക്കും. തേരുകളെയും തേരാളികളെയും നീക്കിക്കളയും. അശ്വങ്ങളും അശ്വാരൂഢരും സഹയോദ്ധാക്കളുടെ വാളിനാൽ നിലംപതിക്കും. 23ശെയൽതീയേലിന്റെ പുത്രനും എന്റെ ദാസനുമായ സെരുബ്ബാബേലേ, അന്ന് എന്റെ നാമത്തിൽ ഭരണം നടത്താൻ ഞാൻ നിന്നെ എന്റെ മുദ്രമോതിരംപോലെയാക്കും. ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Currently Selected:

HAGAIA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy