YouVersion Logo
Search Icon

GENESIS 40

40
സ്വപ്നം വ്യാഖ്യാനിക്കുന്നു
1കുറെനാൾ കഴിഞ്ഞ് ഈജിപ്തിലെ രാജാവിന്റെ പാനീയമേൽവിചാരകനും പാചകമേൽവിചാരകനും രാജാവിന്റെ അപ്രീതിക്കു പാത്രമായി. 2ഫറവോ അവരോടു കോപിച്ചു. 3അവരെ അകമ്പടിസേനാനായകന്റെ ഭവനത്തിൽ യോസേഫിനെ ഇട്ടിരുന്ന തടവറയിൽ അടച്ചു. 4അകമ്പടിസേനാനായകൻ അവരെ യോസേഫിന്റെ ചുമതലയിൽ ഏല്പിച്ചു. അവൻ അവരുടെ മേൽനോട്ടം ഏറ്റെടുത്തു. അവർ കുറെനാൾ തടവിൽ കഴിഞ്ഞു. 5തടവറയിൽ കഴിഞ്ഞിരുന്ന രാജാവിന്റെ പാനീയമേൽവിചാരകനും പാചകമേൽവിചാരകനും ഒരിക്കൽ ഓരോ സ്വപ്നം കണ്ടു. സ്വപ്നങ്ങൾക്ക് പ്രത്യേക അർഥവും ഉണ്ടായിരുന്നു. 6രാവിലെ യോസേഫ് അവരുടെ അടുത്തുചെന്നപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. 7തന്റെ യജമാനന്റെ ഭവനത്തിൽ തടവിൽ കിടക്കുന്ന ഫറവോയുടെ ഉദ്യോഗസ്ഥന്മാരോട് യോസേഫ് ചോദിച്ചു: “നിങ്ങൾക്ക് ഇന്നു എന്താണൊരു വിഷാദം?” 8“ഞങ്ങൾ ഇരുവരും ഓരോ സ്വപ്നം കണ്ടു; എന്നാൽ അവയുടെ അർഥം വ്യാഖ്യാനിക്കാൻ ഇവിടെ ആരുമില്ലല്ലോ” എന്ന് അവർ പറഞ്ഞു. “വ്യാഖ്യാനവരം ദൈവമല്ലേ നല്‌കുന്നത്; സ്വപ്നമെന്തെന്ന് എന്നോടു പറയുക” എന്നു യോസേഫ് അവരോടു പറഞ്ഞു. 9പാനീയമേൽവിചാരകൻ സ്വപ്നം വിവരിച്ചു: “ഞാൻ കണ്ട സ്വപ്നത്തിൽ ഒരു മുന്തിരിവള്ളി. 10അതിനു മൂന്നു ശാഖകൾ; അതു തളിർത്തു പൂത്തു മുന്തിരിക്കുലകൾ പഴുത്തു; 11ഫറവോയുടെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ച്; ഫറവോയുടെ പാനപാത്രത്തിൽ പിഴിഞ്ഞ് അവിടുത്തെ കൈയിൽ കൊടുത്തു.” 12യോസേഫ് അയാളോടു പറഞ്ഞു: “അതിന്റെ അർഥം ഇതാണ്; മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാകുന്നു. 13മൂന്നു ദിവസങ്ങൾക്കുള്ളിൽ ഫറവോ നിന്റെ കുറ്റം ക്ഷമിച്ചു നിന്നെ പൂർവസ്ഥാനത്തു നിയമിക്കും; പാനീയങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നപ്പോൾ നീ മുമ്പു ചെയ്തിരുന്നതുപോലെ പാനപാത്രം ഫറവോയുടെ കൈയിൽ കൊടുക്കും. 14നിനക്കു നല്ലകാലം വരുമ്പോൾ എന്നെ മറന്നുകളയാതെ ഫറവോയോട് എന്റെ കാര്യം പറഞ്ഞ് ഈ തടവറയിൽനിന്ന് എന്നെ മോചിപ്പിക്കാൻ ദയവു കാണിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.” 15യോസേഫ് തുടർന്നു: “എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചു കൊണ്ടുവന്നതാണ്. തടവറയിലിടുന്നതിനു ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.” 16സ്വപ്നവ്യാഖ്യാനം പാനീയമേൽവിചാരകന് അനുകൂലമാണെന്നു കേട്ടപ്പോൾ പാചകമേൽവിചാരകൻ യോസേഫിനോടു പറഞ്ഞു: “ഞാനും ഒരു സ്വപ്നം കണ്ടു. എന്റെ തലയിൽ മൂന്ന് അപ്പക്കുട്ടകൾ ഉണ്ടായിരുന്നു. 17ഏറ്റവും മുകളിലത്തെ കുട്ടയിൽ ഫറവോയ്‍ക്കുള്ള എല്ലാത്തരം അപ്പങ്ങളുമുണ്ടായിരുന്നു; എന്നാൽ എന്റെ തലയിലിരുന്ന അപ്പക്കുട്ടയിൽനിന്ന് പക്ഷികൾ അപ്പം കൊത്തിത്തിന്നുകൊണ്ടിരുന്നു.” 18യോസേഫ് മറുപടി പറഞ്ഞു: “ഇതാണതിന്റെ വ്യാഖ്യാനം: മൂന്നു കുട്ടകൾ മൂന്നു ദിവസങ്ങൾതന്നെ. 19മൂന്നു ദിവസങ്ങൾക്കുള്ളിൽ ഫറവോ നിന്നെ ശിരച്ഛേദം ചെയ്ത് ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും.” 20മൂന്നാം ദിവസം ഫറവോ തന്റെ ജന്മനാളിൽ ഉദ്യോഗസ്ഥന്മാർക്കെല്ലാം ഒരു വിരുന്നു നല്‌കി. അപ്പോൾ പാനീയമേൽവിചാരകനെയും പാചകമേൽവിചാരകനെയും അദ്ദേഹം പുറത്തു കൊണ്ടുവന്നു. 21പാനീയമേൽവിചാരകനെ അയാളുടെ പൂർവസ്ഥാനത്തു നിയമിച്ചു. അയാൾ ഫറവോയുടെ കൈയിൽ പാനപാത്രം എടുത്തുകൊടുത്തു. 22എന്നാൽ പാചകമേൽവിചാരകനെ തൂക്കിക്കൊന്നു. അങ്ങനെ യോസേഫ് സ്വപ്നം വ്യാഖ്യാനിച്ചതുപോലെ സംഭവിച്ചു. 23എന്നാൽ പാനീയമേൽവിചാരകൻ യോസേഫിനെ ഓർത്തില്ല; അയാൾ യോസേഫിനെ മറന്നുകളഞ്ഞു.

Currently Selected:

GENESIS 40: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy