YouVersion Logo
Search Icon

GENESIS 38

38
യെഹൂദായും താമാറും
1അക്കാലത്തു യെഹൂദാ സ്വന്തം സഹോദരന്മാരിൽനിന്നു വേർപെട്ട് ഹീരാം എന്ന അദുല്ലാംകാരന്റെ കൂടെ പാർക്കുകയായിരുന്നു. 2അവിടെവച്ചു യെഹൂദാ കനാന്യനായ ശൂവായുടെ പുത്രിയെ കണ്ടുമുട്ടി അവളെ വിവാഹം ചെയ്തു. 3അവൾ ഒരു പുത്രനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു. 4അവൾ വീണ്ടും ഒരു പുത്രനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരു നല്‌കി. 5അവൾ മറ്റൊരു പുത്രനെ പ്രസവിച്ചു; അവനെ ശേലാ എന്നു വിളിച്ചു. അവൻ ജനിക്കുമ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു. 6യെഹൂദാ മൂത്തമകൻ ഏരിന് താമാർ എന്ന പെൺകുട്ടിയെ ഭാര്യയായി കണ്ടെത്തി. 7ഏരിന്റെ ജീവിതരീതികൾ സർവേശ്വരന് ഹിതകരമായിരുന്നില്ല. അതുകൊണ്ട് അവിടുന്ന് അവനെ മരണത്തിനിരയാക്കി. 8അപ്പോൾ യെഹൂദാ ഓനാനോടു പറഞ്ഞു: “നീ സഹോദരപത്നിയെ പ്രാപിച്ച് ഭർത്തൃസഹോദരന്റെ കടമ നിർവഹിക്കുക. അങ്ങനെ നിന്റെ സഹോദരനു സന്തതി ജനിക്കട്ടെ. 9സന്തതി ഉണ്ടായാലും പിതൃത്വം തനിക്ക് അവകാശപ്പെട്ടതായിരിക്കുകയില്ലെന്ന് അറിയാമായിരുന്ന ഓനാൻ സഹോദരനു സന്തതി ഉണ്ടാകരുതെന്നു കരുതി ബന്ധപ്പെടുമ്പോഴെല്ലാം ബീജം നിലത്തു വീഴ്ത്തിക്കളയുമായിരുന്നു. 10അവന്റെ പ്രവൃത്തി സർവേശ്വരന് ഇഷ്ടമായില്ല. അതുകൊണ്ട് അവനെയും മരണത്തിനിരയാക്കി. 11അപ്പോൾ യെഹൂദാ താമാരിനോട് പറഞ്ഞു: “എന്റെ പുത്രനായ ശേലാ പ്രായപൂർത്തി ആകുംവരെ നീ പിതൃഭവനത്തിൽ പോയി പാർക്കുക; സഹോദരന്മാരെപ്പോലെ ശേലായും മരിക്കുമെന്നു അയാൾ ഭയപ്പെട്ടിരുന്നു. താമാർ പിതൃഭവനത്തിൽ പോയി പാർത്തു. 12കുറെക്കാലം കഴിഞ്ഞപ്പോൾ യെഹൂദായുടെ ഭാര്യ മരിച്ചു. അവൾ ശൂവയുടെ മകളായിരുന്നു. വിലാപകാലം കഴിഞ്ഞപ്പോൾ യെഹൂദാ അവന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരാമിനോടൊപ്പം തിമ്നയിൽ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കലേക്കു പോയി. 13തന്റെ ഭർതൃപിതാവായ യെഹൂദാ തിമ്നായിൽ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുക്കൽ പോകുന്ന വിവരം താമാർ അറിഞ്ഞു. 14ശേലാ പ്രായപൂർത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാർ വൈധവ്യവസ്ത്രങ്ങൾ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികിൽ എനയീംപട്ടണത്തിന്റെ വാതില്‌ക്കൽ ചെന്ന് ഇരുന്നു. 15മുഖം മൂടിയിരുന്നതുകൊണ്ട് അവൾ വേശ്യ ആയിരിക്കുമെന്നു യെഹൂദാ വിചാരിച്ചു. 16പുത്രഭാര്യ ആണെന്നറിയാതെ അയാൾ വഴിയരികിൽ അവളുടെ അടുത്തുചെന്നു: “ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവൾ ചോദിച്ചു. 17“എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ കൊടുത്തയയ്‍ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്‍ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവൾ ചോദിച്ചു. 18“എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവൾക്കു കൊടുത്തു; അയാൾ അവളെ പ്രാപിച്ചു, അങ്ങനെ അവൾ ഗർഭവതിയായി. 19പിന്നീട് അവൾ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു. 20ആട്ടിൻകുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങൾ തിരികെ വാങ്ങാൻ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാൽ അയാൾക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. 21“എനയീമിൽ വഴിയരികിൽ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോൾ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവർ പറഞ്ഞു. 22അയാൾ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാൻ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാർ പറഞ്ഞത്.” 23യെഹൂദാ പറഞ്ഞു: “സാധനങ്ങൾ അവൾതന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കിൽ നാം പരിഹാസ്യരാകും. നോക്കൂ, ഞാൻ ആട്ടിൻകുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ.” 24പുത്രഭാര്യയായ താമാർ വേശ്യാവൃത്തിയിലേർപ്പെട്ട് ഗർഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു:
25“അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയിൽ അവൾ ഭർതൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥൻ നിമിത്തമാണ് ഞാൻ ഗർഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.”
26യെഹൂദാ ആ സാധനങ്ങൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു: “അവൾ എന്നെക്കാൾ ധർമിഷ്ഠയാണ്. എന്റെ മകനായ ശേലായ്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരൻ.” പിന്നീടൊരിക്കലും അയാൾ അവളെ പ്രാപിച്ചില്ല. 27അവൾക്ക് പ്രസവസമയമായപ്പോൾ ഗർഭത്തിൽ രണ്ടു കുട്ടികൾ ഉണ്ടെന്നു വ്യക്തമായി. 28ആദ്യത്തെ കുട്ടിയുടെ കൈ പുറത്തുവന്നപ്പോൾ “ഇതാണ് കടിഞ്ഞൂൽ സന്തതി” എന്നു പറഞ്ഞു പരിചാരിക ചുവന്നനൂൽ അവന്റെ കൈയിൽ കെട്ടി. 29എന്നാൽ അവൻ കൈ ഉള്ളിലേക്കു വലിച്ചു; സഹോദരൻ പുറത്തുവരികയും ചെയ്തു. “നീ മത്സരിച്ചു പുറത്തുവന്നതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവനു #38:29 പേരെസ്സ് = മത്സരിച്ചു പുറത്തുവരിക.പേരെസ്സ് എന്നു പേരിട്ടു. 30അല്പസമയം കഴിഞ്ഞ് കൈയിൽ ചുവന്ന നൂലുമായി അവന്റെ സഹോദരനും പുറത്തുവന്നു. അവനു സേരഹ് എന്നു പേരിട്ടു.

Currently Selected:

GENESIS 38: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy