YouVersion Logo
Search Icon

GENESIS 34

34
ദീനാ അപമാനിക്കപ്പെടുന്നു
1യാക്കോബിന്റെയും ലേയായുടെയും പുത്രിയായ ദീനാ ഒരു ദിവസം ആ ദേശത്തെ ചില സ്‍ത്രീകളെ സന്ദർശിക്കാൻ പോയി. 2ഹിവ്യനായ ഹാമോരിന്റെ പുത്രനും അവിടത്തെ പ്രഭുവുമായ ശെഖേം അവളെ കണ്ട് പിടിച്ചുകൊണ്ടുപോയി അപമാനിച്ചു. 3യാക്കോബിന്റെ പുത്രിയായ ദീനായുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ അയാൾ വശ്യവാക്കുകൾകൊണ്ട് അവളുടെ സ്നേഹം ആർജിക്കാൻ ശ്രമിച്ചു. 4“ഇവളെ എനിക്കു ഭാര്യയായി നല്‌കണം” എന്ന് ശെഖേം തന്റെ പിതാവായ ഹാമോരിനോടു പറഞ്ഞു. 5തന്റെ പുത്രിയായ ദീനായെ ശെഖേം അപമാനിച്ച വിവരം യാക്കോബ് അറിഞ്ഞു; എങ്കിലും പുത്രന്മാർ കന്നുകാലികളെ മേയ്‍ക്കാൻ വയലിൽ പോയിരുന്നതുകൊണ്ട് അവർ തിരിച്ചുവരുന്നതുവരെ യാക്കോബ് മൗനം അവലംബിച്ചു. 6ശെഖേമിന്റെ പിതാവായ ഹാമോർ യാക്കോബുമായി സംസാരിക്കുന്നതിന് അവിടെ വന്നു. 7വിവരം അറിഞ്ഞ് യാക്കോബിന്റെ പുത്രന്മാരും വയലിൽനിന്നു വന്നു; യാക്കോബിന്റെ പുത്രിയെ ബലാൽസംഗം ചെയ്ത് ഇസ്രായേലിനോട് നീചത്വം കാട്ടിയതുകൊണ്ട് അവർ കോപാകുലരായിത്തീർന്നു. ഇത് അവർക്കു സഹിക്കാൻ കഴിഞ്ഞില്ല. 8ഹാമോർ അവരോടു പറഞ്ഞു: “എന്റെ പുത്രൻ അവളിൽ പ്രേമപരവശനായിരിക്കുകയാണ്. അതുകൊണ്ട് അവളെ അവനു വിവാഹം ചെയ്തു കൊടുക്കണം. 9നിങ്ങൾ ഞങ്ങളോടു വിവാഹബന്ധം പുലർത്തുക; നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരിക; ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കും എടുക്കാം. 10നിങ്ങൾ ഞങ്ങളുടെകൂടെ പാർക്കണം; നിങ്ങൾക്ക് സ്വതന്ത്രരായി ജീവിക്കാം; ഇവിടെ വസിച്ചു വ്യാപാരം ചെയ്യാം; വസ്തു സമ്പാദിക്കുകയും ആകാം.” 11ശെഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടും പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രസാദം തോന്നണമേ; നിങ്ങൾ ചോദിക്കുന്നതു ഞാൻ തരാം. 12വിവാഹത്തിനു സ്‍ത്രീധനമോ സമ്മാനമോ എത്രവേണമെങ്കിലും ചോദിച്ചുകൊള്ളുക. നിങ്ങൾ ആവശ്യപ്പെടുന്നതെന്തും തരാൻ ഞാൻ ഒരുക്കമാണ്. ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി നല്‌കിയാലും.” 13തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് കൗശലപൂർവമായിരുന്നു യാക്കോബിന്റെ മക്കൾ ശെഖേമിനോടു സംസാരിച്ചത്. 14അവർ അവനോടു പറഞ്ഞു: “പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഒരാളിനു ഞങ്ങളുടെ സഹോദരിയെ കൊടുക്കുക സാധ്യമല്ല; അതു ഞങ്ങൾക്ക് അപമാനകരമാണ്. 15ഒരു വ്യവസ്ഥയിൽ ഞങ്ങൾ ഇതു സമ്മതിക്കാം; നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം നടത്തി ഞങ്ങളെപ്പോലെയാകണം. 16അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുകയും ചെയ്യും. 17എന്നാൽ ഞങ്ങൾ പറയുന്നതുപോലെ പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാൽ ഞങ്ങൾ പെൺകുട്ടിയെയുംകൊണ്ടു ഇവിടം വിട്ടുപോകും. 18അവരുടെ വാക്കുകൾ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി. 19യാക്കോബിന്റെ പുത്രിയിൽ അതിതത്പരനായിരുന്നതുകൊണ്ട് അവർ പറഞ്ഞപ്രകാരം ചെയ്യാൻ ആ യുവാവ് ഒട്ടും താമസിച്ചില്ല. അവന്റെ കുടുംബത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി അവനായിരുന്നു. 20ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു: 21“ഈ മനുഷ്യർ നമ്മുടെ സൃഹൃത്തുക്കളാണ്; അവർ നമ്മുടെ സ്ഥലത്തു താമസിച്ച് വ്യാപാരം ചെയ്യട്ടെ; അവർക്കും കൂടി പാർക്കത്തക്കവിധം നമ്മുടെ ദേശം വിസ്തൃതമാണല്ലോ. അവരുടെ പുത്രിമാരെ നാം വിവാഹം കഴിക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യാം. 22ഒരു വ്യവസ്ഥയിൽ മാത്രമേ അവർ നമ്മുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുന്നതിനു സമ്മതിക്കുകയുള്ളൂ; നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരെല്ലാവരും അവരെപ്പോലെ പരിച്ഛേദനം ഏല്‌ക്കണം. 23അവരുടെ കന്നുകാലികളും വസ്തുക്കളും മൃഗങ്ങളുമെല്ലാം നമ്മുടേതായിത്തീരുമല്ലോ. നാം ഇതൊന്നു സമ്മതിച്ചാൽ മതി. അവർ നമ്മുടെ ഇടയിൽത്തന്നെ പാർക്കും. 24ഹാമോരും ശെഖേമും പറഞ്ഞതിനോടു നഗരവാതിലിനു പുറത്തുവന്ന എല്ലാ പുരുഷന്മാരും യോജിച്ചു. അങ്ങനെ ആ നഗരത്തിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ഏറ്റു. 25മൂന്നാം ദിവസം പരിച്ഛേദനം നിമിത്തമുള്ള വേദന മാറുന്നതിനു മുമ്പുതന്നെ യാക്കോബിന്റെ പുത്രന്മാരും ദീനായുടെ സഹോദരന്മാരുമായ ശിമെയോനും ലേവിയും വാളുകളുമായി സംശയം തോന്നാത്തവിധം നഗരത്തിൽ പ്രവേശിച്ച് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. 26അവർ ഹമോരിനെയും ശെഖേമിനെയും വാളുകൊണ്ടു കൊന്നതിനുശേഷം ദീനായെ ശെഖേമിന്റെ ഭവനത്തിൽനിന്ന് മോചിപ്പിച്ചു കൊണ്ടുപോയി. 27പിന്നീട് യാക്കോബിന്റെ പുത്രന്മാർ നഗരത്തിൽ പ്രവേശിച്ചു കൊള്ളചെയ്തു; അങ്ങനെ അവർ തങ്ങളുടെ സഹോദരിയെ അപമാനിച്ചതിനു പകരംവീട്ടി. 28അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും പട്ടണത്തിലും വയലിലുമുള്ള സകലത്തെയും അവർ അപഹരിച്ചു. 29ഹിവ്യരുടെ സർവസമ്പത്തും കുട്ടികളും സ്‍ത്രീകളും ഭവനത്തിലുള്ള സകലതും അവർ കൊള്ളയടിച്ചു. 30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും മധ്യത്തിൽ നിങ്ങൾ എന്നെ അപഹാസ്യനാക്കി കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നു. എനിക്കു സംഖ്യാബലം കുറവാണല്ലോ; അവർ ഒന്നിച്ചുചേർന്ന് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.” 31അവർ ചോദിച്ചു: “വേശ്യയോടെന്നപോലെയല്ലേ അവർ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയത്?”

Currently Selected:

GENESIS 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy