YouVersion Logo
Search Icon

GENESIS 24

24
ഇസ്ഹാക്കും റിബേക്കായും
1അബ്രഹാം വളരെ വൃദ്ധനായി; സർവേശ്വരൻ അദ്ദേഹത്തെ എല്ലാവിധത്തിലും അനുഗ്രഹിച്ചിരുന്നു. 2ഒരു ദിവസം തന്റെ ഭവനത്തിലെ ദാസന്മാരിൽ പ്രായം കൂടിയവനും ഗൃഹവിചാരകനുമായ ദാസനെ വിളിച്ച് അദ്ദേഹം പറഞ്ഞു: “നിന്റെ കൈ എന്റെ തുടയുടെ കീഴിൽ വയ്‍ക്കുക. 3ഞാൻ പാർക്കുന്ന ഈ കനാൻദേശത്തിലെ പെൺകുട്ടികളിൽനിന്നു എന്റെ പുത്രനു ഭാര്യയെ തിരഞ്ഞെടുക്കുകയില്ലെന്നും, 4എന്റെ ജന്മസ്ഥലത്തുള്ള എന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്നുതന്നെ ഒരു പെൺകുട്ടിയെ എന്റെ മകനായ ഇസ്ഹാക്കിനു ഭാര്യയായി തിരഞ്ഞെടുക്കുമെന്നും നീ സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്യണം.” 5ദാസൻ ചോദിച്ചു: “ഒരുപക്ഷേ, പെൺകുട്ടി സ്വന്തം വീടുവിട്ട് എന്റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാൽ ഞാൻ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാൻ കൊണ്ടുപോകണമോ?” 6അബ്രഹാം പറഞ്ഞു: “എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്. 7എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. 8എന്നാൽ ആ പെൺകുട്ടി നിന്റെകൂടെ പോരാൻ വിസമ്മതിച്ചാൽ എന്നോടു ചെയ്ത ഈ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.” 9ദാസൻ തന്റെ യജമാനനായ അബ്രഹാമിന്റെ തുടയുടെ കീഴിൽ കൈവച്ച് അപ്രകാരം പ്രവർത്തിക്കാമെന്നു സത്യം ചെയ്തു. 10ആ ദാസൻ യജമാനന്റെ പത്ത് ഒട്ടകങ്ങളും വിവിധതരം വിശിഷ്ടവസ്തുക്കളുമായി മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിലേക്കു യാത്രയായി. 11അവിടെ എത്തിയശേഷം നഗരത്തിനു പുറത്തുള്ള കിണറിനു സമീപം ഒട്ടകങ്ങളെ നിർത്തി. വൈകുന്നേരം സ്‍ത്രീകൾ വെള്ളം കോരാൻ വരുന്ന സമയമായിരുന്നു അത്. 12അയാൾ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ യജമാനനോടു കൃപ തോന്നി എന്റെ ഉദ്യമം ഇന്നുതന്നെ സഫലമാക്കണമേ. 13പട്ടണത്തിലെ പെൺകുട്ടികൾ വെള്ളം കോരാൻ വരുന്ന നീരുറവയുടെ അടുക്കൽ ഞാൻ നില്‌ക്കുകയാണല്ലോ, 14‘എനിക്കു വെള്ളം കുടിക്കാൻ കുടം താഴ്ത്തിപ്പിടിച്ചു തരുമോ’ എന്ന് അവരിൽ ആരോടെങ്കിലും ചോദിക്കുമ്പോൾ, ‘കുടിച്ചാലും, നിങ്ങളുടെ ഒട്ടകങ്ങൾക്കുകൂടി ഞാൻ വെള്ളം കോരിത്തരാം,’ എന്നു പറയുന്ന പെൺകുട്ടിതന്നെ ആയിരിക്കട്ടെ അവിടുത്തെ ദാസനായ ഇസ്ഹാക്കിനു നിശ്ചയിക്കപ്പെട്ട വധു. അങ്ങനെ സംഭവിച്ചാൽ എന്റെ യജമാനനായ അബ്രഹാമിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരിക്കുന്നതായി ഞാൻ മനസ്സിലാക്കും.” 15അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. 16ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. 17അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. 18“പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. 19അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” 20കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. 21അപ്പോഴെല്ലാം അയാൾ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്റെ ദൗത്യം സർവേശ്വരൻ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാൾ നിശ്ശബ്ദനായിരുന്നു. 22ഒട്ടകങ്ങൾ വെള്ളം കുടിച്ചുതീർന്നപ്പോൾ, അയാൾ അര ശേക്കെൽ തൂക്കമുള്ള ഒരു പൊൻമൂക്കുത്തിയും പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളകളും അവൾക്കു നല്‌കിക്കൊണ്ട് ചോദിച്ചു: 23“നീ ആരുടെ പുത്രിയാണ്? ഞങ്ങൾക്ക് ഇന്നു രാപാർക്കാൻ നിന്റെ വീട്ടിൽ ഇടമുണ്ടോ?” അവൾ പറഞ്ഞു: 24“ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്. 25ഞങ്ങളുടെ വീട്ടിൽ, മൃഗങ്ങൾക്കുള്ള തീറ്റയും വയ്‍ക്കോലും വേണ്ടുവോളമുണ്ട്; നിങ്ങൾക്കു രാപാർക്കുകയും ചെയ്യാം.” 26അയാൾ തലകുനിച്ചു സർവേശ്വരനെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ. 27അവിടുന്ന് എന്റെ യജമാനനോടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും കൈവെടിഞ്ഞിട്ടില്ല. അവിടുന്ന് എന്നെ എന്റെ യജമാനന്റെ ചാർച്ചക്കാരുടെ ഭവനത്തിലേക്കുതന്നെ വഴി നടത്തിയല്ലോ.” 28ആ പെൺകുട്ടി അമ്മയുടെ അടുക്കലേക്ക് ഓടി, വിവരമെല്ലാം അവിടെയുള്ളവരോടു പറഞ്ഞു; 29റിബേക്കായ്‍ക്കു ലാബാൻ എന്നൊരു സഹോദരൻ ഉണ്ടായിരുന്നു. 30റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസൻ പറഞ്ഞത് അവളിൽനിന്നു കേൾക്കുകയും ചെയ്തപ്പോൾ അയാളുടെ അടുക്കലേക്കു ലാബാൻ ഓടിച്ചെന്നു. ആ മനുഷ്യൻ അപ്പോഴും നീരുറവയ്‍ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കൽ നില്‌ക്കുകയായിരുന്നു. 31ലാബാൻ പറഞ്ഞു: “സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവനേ വരിക; എന്തിനു പുറത്തു നില്‌ക്കുന്നു? ഞാൻ വീടും ഒട്ടകങ്ങൾക്കുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.”
32ഇതു കേട്ട് അയാൾ വീട്ടിലേക്കു ചെന്നു. ലാബാൻ ഒട്ടകങ്ങളുടെ പുറത്തുനിന്നു ഭാരം ഇറക്കിയശേഷം അവയ്‍ക്കു തിന്നാൻ തീറ്റയും വയ്‍ക്കോലും കൊടുത്തു. ദാസനും കൂടെയുള്ളവർക്കും കാൽ കഴുകാൻ വെള്ളവും നല്‌കി. പിന്നീട് അവർക്കു ഭക്ഷണം വിളമ്പി. 33അപ്പോൾ ദാസൻ പറഞ്ഞു: “ഞാൻ വന്നകാര്യം പറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുകയില്ല”. “പറഞ്ഞാലും” ലാബാൻ പ്രതിവചിച്ചു. 34അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ അബ്രഹാമിന്റെ ദാസനാണ്; 35സർവേശ്വരന്റെ അനുഗ്രഹത്താൽ എന്റെ യജമാനൻ സമ്പന്നനായിരിക്കുന്നു; ആടുമാടുകൾ, സ്വർണം, വെള്ളി, ഒട്ടകങ്ങൾ, കഴുതകൾ എന്നിവ കൂടാതെ ദാസീദാസന്മാരെയും അവിടുന്ന് അദ്ദേഹത്തിനു സമൃദ്ധമായി നല്‌കിയിട്ടുണ്ട്. 36യജമാനന്റെ ഭാര്യ സാറാ വാർധക്യത്തിൽ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചു; തനിക്കുള്ളതെല്ലാം യജമാനൻ അവനു നല്‌കിയിരിക്കുന്നു. 37‘ഞാൻ ഇപ്പോൾ നിവസിക്കുന്ന കനാന്യരുടെ ദേശത്തുനിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കരുത്. 38എന്റെ പിതൃഭവനത്തിലുള്ള എന്റെ ചാർച്ചക്കാരുടെ അടുത്തുതന്നെ പോയി എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തണം’ എന്നു പറഞ്ഞ് യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരിക്കുന്നു. 39‘പെൺകുട്ടി എന്റെ കൂടെ വരാതിരുന്നാലോ’ എന്നു ഞാൻ എന്റെ യജമാനനോടു ചോദിച്ചു. 40അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ആരാധിക്കുന്ന സർവേശ്വരൻ തന്റെ ദൂതനെ നിന്റെകൂടെ അയയ്‍ക്കുകയും നിന്റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്റെ പിതൃഭവനത്തിൽ എന്റെ ചാർച്ചക്കാരുടെ ഇടയിൽ നിന്നുതന്നെ എന്റെ മകനു ഭാര്യയെ നീ കണ്ടെത്തും. 41എന്നാൽ നീ എന്റെ ചാർച്ചക്കാരുടെ അടുക്കൽ ചെല്ലുകയും, അവർ അവളെ നിന്റെകൂടെ അയയ്‍ക്കാതിരിക്കുകയും ചെയ്താൽ നിന്റെ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും.’ 42ഞാൻ നീരുറവയുടെ അടുക്കൽ എത്തിയപ്പോൾ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കിൽ’ 43ഞാൻ ഈ നീരുറവയ്‍ക്കരികിൽ നില്‌ക്കുമ്പോൾ ഇവിടെ വെള്ളം കോരാൻ ഒരു പെൺകുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാൻ നിന്റെ കുടത്തിൽനിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാൻ ചോദിക്കുകയും ചെയ്യുമ്പോൾ 44‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിത്തരാം’ എന്ന് അവൾ മറുപടി പറയുകയും ചെയ്യുന്നെങ്കിൽ എന്റെ യജമാനന്റെ പുത്രനുവേണ്ടി സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’ 45എന്റെ പ്രാർഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലിൽ കുടവുമായി വരുന്നതു ഞാൻ കണ്ടു; അവൾ നീരുറവയിൽനിന്നു വെള്ളം കൊണ്ടുവന്നപ്പോൾ ‘എനിക്കു കുടിക്കാൻ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു. 46അവൾ ഉടൻതന്നെ പാത്രം ഇറക്കിവച്ചിട്ട്, ‘കുടിച്ചാലും, ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിത്തരാം’ എന്നു പറഞ്ഞു. ഞാൻ കുടിച്ചു; ഒട്ടകങ്ങൾക്കും കുടിക്കാൻ കൊടുത്തു. 47അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാൻ ചോദിച്ചു. ‘ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്’ എന്നവൾ പറഞ്ഞു. അപ്പോൾ ഞാൻ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു. 48ഞാൻ തലകുനിച്ചു സർവേശ്വരനെ നമിച്ചു. എന്റെ യജമാനന്റെ മകനു ചാർച്ചക്കാരുടെ ഇടയിൽനിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാൻ ഇടവരുത്തിയ എന്റെ യജമാനന്റെ ദൈവമായ സർവേശ്വരനെ സ്തുതിക്കുകയും ചെയ്തു. 49എന്റെ യജമാനനോടു നിങ്ങൾ കൂറും വിശ്വസ്തതയും പുലർത്തുന്നെങ്കിൽ ആ വിവരം പറയുക; അല്ലെങ്കിൽ മറ്റുവഴി നോക്കണമല്ലോ.” 50“ഇതു സർവേശ്വരന്റെ ഇഷ്ടമാണല്ലോ; ഞങ്ങൾ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു. 51അവർ തുടർന്നു: “റിബേക്കാ ഇതാ നിന്റെ മുമ്പിൽ നില്‌ക്കുന്നു. അവളെ കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളുക. സർവേശ്വരൻ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയായിത്തീരട്ടെ.” 52അവർ പറഞ്ഞതു കേട്ട് അബ്രഹാമിന്റെ ദാസൻ സാഷ്ടാംഗം വീണു സർവേശ്വരനെ വന്ദിച്ചു. 53വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി. 54അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാർത്തു. രാവിലെ എഴുന്നേറ്റ് അയാൾ പറഞ്ഞു: “എന്നെ യജമാനന്റെ അടുക്കലേക്കു പോകാൻ അനുവദിച്ചാലും.” 55“ഒരു പത്തു ദിവസമെങ്കിലും പെൺകുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവൾ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു. 56അപ്പോൾ ദാസൻ പറഞ്ഞു: “സർവേശ്വരൻ എന്റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്റെ അടുക്കലേക്കു പോകാൻ എന്നെ അനുവദിച്ചാലും.” 57അവർ പറഞ്ഞു: “നമുക്കു പെൺകുട്ടിയെ വിളിച്ചു ചോദിക്കാം.” 58അവർ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവൾ മറുപടി പറഞ്ഞു. 59അങ്ങനെ അവർ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്റെ ദാസന്റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി. 60തത്സമയം അവർ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്റെ സന്താനപരമ്പരകൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശപ്പെടുത്തട്ടെ.” 61പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസൻ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. 62ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേർ-ലഹയീരോയീയിൽനിന്നു വന്നു നെഗെബിൽ താമസിച്ചു. 63ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാൾ നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു. 64റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവൾ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: 65“നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യൻ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനൻ” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ അവൾ മൂടുപടമെടുത്തു മുഖം മൂടി. 66താൻ ചെയ്തതെല്ലാം ദാസൻ ഇസ്ഹാക്കിനോടു വിവരിച്ചു. 67ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാൾ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.

Currently Selected:

GENESIS 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy