YouVersion Logo
Search Icon

GALATIA 5

5
സ്വാതന്ത്ര്യം സംരക്ഷിക്കുക
1സ്വതന്ത്രരായിരിക്കുന്നതിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; അതുകൊണ്ട് ആ സ്വാതന്ത്ര്യത്തിൽ ഉറച്ചു നില്‌ക്കുക; വീണ്ടും അടിമനുകം നിങ്ങളുടെ ചുമലിൽ ഏറ്റരുത്.
2പൗലൊസ് എന്ന ഞാൻ പറയുന്നതു ശ്രദ്ധിക്കുക: പരിച്ഛേദനകർമത്തിനു വിധേയരാകുവാൻ നിങ്ങളെത്തന്നെ അനുവദിക്കുന്നെങ്കിൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്കൊരു പ്രയോജനവുമില്ല. 3പരിച്ഛേദനകർമം സ്വീകരിക്കുന്ന ഏതൊരു മനുഷ്യനും നിയമസംഹിത മുഴുവനും അനുസരിക്കുവാൻ ബാധ്യസ്ഥനാണെന്നു ഞാൻ ഒരിക്കൽക്കൂടി ഉറപ്പിച്ചു പറയുന്നു. 4നിയമത്തിന്റെ മാർഗത്തിലൂടെ ദൈവസമക്ഷം കുറ്റമറ്റവരായിത്തീരുവാൻ ശ്രമിക്കുന്ന നിങ്ങൾ, നിങ്ങളെത്തന്നെ ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്നു വിച്ഛേദിക്കുന്നു; നിങ്ങൾ ദൈവത്തിന്റെ കൃപയ്‍ക്കു പുറത്താകുകയും ചെയ്യുന്നു. 5നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ കുറ്റമറ്റവരായി അംഗീകരിക്കും എന്നുള്ളതാണു നമ്മുടെ പ്രത്യാശ. വിശ്വാസത്തിലൂടെ പ്രവർത്തിക്കുന്ന ദൈവാത്മാവിന്റെ ശക്തിയാൽ ഈ പ്രത്യാശ സഫലമാകുന്നതിനുവേണ്ടി നാം കാത്തിരിക്കുന്നു. 6ക്രിസ്തുയേശുവിനോടു നാം ഏകീഭവിച്ചു കഴിയുമ്പോൾ പരിച്ഛേദനം ചെയ്യുന്നതിലും ചെയ്യാത്തതിലും കാര്യമൊന്നുമില്ല; സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം.
7വിശ്വാസത്തിൽ നിങ്ങൾ നന്നായി മുന്നേറുകയായിരുന്നു. സത്യത്തിൽനിന്നു വ്യതിചലിക്കുവാൻ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്? 8ആ പ്രേരണ നിശ്ചയമായും നിങ്ങളെ വിളിക്കുന്ന ദൈവത്തിൽ നിന്നല്ല. 9പുളിച്ചമാവ് അല്പമായാലും പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. 10എന്റെ ചിന്താഗതിയിൽനിന്നു വിഭിന്നമായ ഒരു ചിന്താഗതി നിങ്ങൾ സ്വീകരിക്കുകയില്ല എന്ന് എനിക്കു ദൃഢവിശ്വാസമുണ്ട്. കർത്താവിനോടുള്ള നമ്മുടെ ഏകീഭാവമാണ് ആ ഉറപ്പ് എനിക്കു നല്‌കുന്നത്. നിങ്ങളെ തകിടം മറിക്കുന്നത് ആരുതന്നെ ആയാലും അവൻ ശിക്ഷ അനുഭവിക്കും.
11എന്നാൽ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാൻ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കിൽ എന്തിനു ഞാൻ പീഡിപ്പിക്കപ്പെടുന്നു? ഞാൻ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കിൽ, ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്റെ പ്രസംഗം യെഹൂദന്മാർക്ക് ഇടർച്ചയാകുമായിരുന്നില്ല. 12നിങ്ങളെ തകിടം മറിക്കുന്നവർ പരിച്ഛേദനംകൊണ്ടു തൃപ്തിപ്പെടാതെ അംഗവിച്ഛേദനം കൂടി ചെയ്ത് സ്വയം നിർവീര്യരാക്കപ്പെടട്ടെ.
13സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂർത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്റെ പ്രചോദനത്താൽ നിങ്ങൾ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്. 14എന്തെന്നാൽ നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതിൽ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു. 15അന്യോന്യം കടിച്ചുകീറുന്ന വന്യമൃഗങ്ങളെപ്പോലെ വർത്തിച്ചാൽ, നിങ്ങൾ പരസ്പരം നിശ്ശേഷം നശിപ്പിക്കപ്പെടും എന്നു കരുതിക്കൊള്ളുക.
ആത്മാവും പാപസ്വഭാവവും
16ഞാൻ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കരുത്. 17എന്തെന്നാൽ മാനുഷികമായ അധമാഭിലാഷങ്ങൾ ആത്മാവിനും, ആത്മാവിന്റെ അഭിലാഷങ്ങൾ മനുഷ്യന്റെ അധമസ്വഭാവത്തിനും എതിരാകുന്നു. ഇവ രണ്ടും അന്യോന്യം എതിരായതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതു ചെയ്യുവാൻ കഴിയുകയില്ല. 18ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കിൽ, നിങ്ങൾ നിയമസംഹിതയ്‍ക്കു വിധേയരല്ല.
19മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങൾ എന്തെല്ലാമെന്ന് എല്ലാവർക്കുമറിയാം; അവ അസാന്മാർഗികത, അശുദ്ധി, കാമാസക്തി, 20വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യർ ശത്രുക്കളായിത്തീർന്ന് പരസ്പരം പടവെട്ടുന്നു; അവർ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു; 21അവർ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏർപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവർക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
22-23എന്നാൽ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്‍ക്കെതിരെ ഒരു നിയമവുമില്ല. 24ക്രിസ്തുയേശുവിനുള്ളവർ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു. 25ആത്മാവു നമുക്കു ജീവൻ പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ. 26നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വർത്തിക്കുകയോ ചെയ്യരുത്.

Currently Selected:

GALATIA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy