YouVersion Logo
Search Icon

GALATIA 4

4
1മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പിതാവിന്റെ സ്വത്ത് അവകാശിക്കു ലഭിക്കുമെങ്കിലും, അവൻ ശിശുവായിരിക്കുമ്പോൾ എല്ലാറ്റിന്റെയും ഉടമസ്ഥനാണെങ്കിൽകൂടി, അടിമയ്‍ക്കു സമനാണ്. 2പിതാവു നിശ്ചയിക്കുന്ന സമയംവരെ, തന്നെ സംരക്ഷിക്കുന്നതിനും തന്റെ കാര്യങ്ങൾ നോക്കുന്നതിനും നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ കീഴിലായിരിക്കും അവൻ. 3അതുപോലെതന്നെ നാം ആത്മീയപക്വത പ്രാപിക്കുന്നതുവരെ, പ്രപഞ്ചത്തിന്റെ ബാലപാഠങ്ങൾക്ക് അടിമകളായിരുന്നു. 4എന്നാൽ കാലത്തികവിൽ ദൈവം തന്റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്‍ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു. 5നിയമത്തിൻ കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനും, അങ്ങനെ നമുക്കു പുത്രത്വം ലഭിക്കുന്നതിനുംവേണ്ടിയാണ് അവിടുന്നു വന്നത്.
6“അബ്ബാ-എന്റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതിൽനിന്ന് നിങ്ങൾ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു. 7അതുകൊണ്ട് നീ ഇനി അടിമയല്ല, പുത്രനാണ്. പുത്രനായതുകൊണ്ട് തന്റെ പുത്രന്മാർക്കുള്ളതെല്ലാം ദൈവം നിനക്കു നല്‌കും.
ഗലാത്യക്കാരെക്കുറിച്ചുള്ള ഉൽക്കണ്ഠ
8മുമ്പ് നിങ്ങൾ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങൾ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു. 9എന്നാൽ ഇപ്പോൾ നിങ്ങൾ സാക്ഷാൽ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതൽ ശരി. അപ്പോൾ ദുർബലവും വ്യർഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാൻ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങൾ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങൾ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്? 10ചില ദിവസങ്ങളും മാസങ്ങളും മുഹൂർത്തങ്ങളും വർഷങ്ങളും നിങ്ങൾ ആചരിക്കുന്നുവല്ലോ! 11നിങ്ങൾക്കുവേണ്ടിയുള്ള എന്റെ അധ്വാനം വ്യർഥമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു.
12എന്റെ സഹോദരരേ, നിങ്ങൾ എന്നെപ്പോലെ ആകണമെന്നാണ് എന്റെ അപേക്ഷ; ഞാനും നിങ്ങളെപ്പോലെ ആയല്ലോ. നിങ്ങൾ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല. 13എന്റെ ശാരീരിക ബലഹീനതയാണ് സുവിശേഷം പ്രസംഗിക്കുവാൻ ആദ്യമായി എനിക്ക് അവസരമുണ്ടാക്കിയത് എന്നു നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. 14എന്റെ രോഗം നിങ്ങൾക്ക് ഒരു വലിയ പരീക്ഷണമായിരുന്നിട്ടും നിങ്ങൾ എന്നെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, സ്വർഗത്തിൽ നിന്നു വന്ന ഒരു മാലാഖയെപ്പോലെ നിങ്ങൾ എന്നെ കൈക്കൊള്ളുകയാണു ചെയ്തത്; ക്രിസ്തുയേശുവിനെ എന്നവണ്ണം നിങ്ങൾ എന്നെ സ്വീകരിച്ചു. 15നിങ്ങൾ എത്ര സന്തുഷ്ടരായിരുന്നു! നിങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ, നിങ്ങളുടെ സ്വന്തം കണ്ണുകൾ ചുഴന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നുള്ളതിനു ഞാൻ തന്നെ സാക്ഷി. 16ഇപ്പോൾ എന്തു സംഭവിച്ചു? സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാനിപ്പോൾ നിങ്ങളുടെ ശത്രുവായിത്തീർന്നിരിക്കുന്നുവോ?
17തങ്ങളുടെ പക്ഷത്തേക്കു നിങ്ങളെ കൊണ്ടുവരുന്നതിന് അവർ നിങ്ങളിൽ അത്യധികമായ താത്പര്യം പ്രദർശിപ്പിക്കുന്നു. പക്ഷേ, അതു സദുദ്ദേശ്യത്തോടുകൂടിയല്ല. എന്നിൽനിന്നു നിങ്ങളെ വേർപെടുത്തി അവരിൽ നിങ്ങൾക്കു താത്പര്യം ഉളവാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. 18ഉദ്ദേശ്യം നല്ലതാണെങ്കിൽ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാൽ അത് ഞാൻ നിങ്ങളോടുകൂടിയുള്ളപ്പോൾ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം. 19എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ സ്വഭാവം നിങ്ങളിൽ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്. 20നിങ്ങളെ നേരിൽ കണ്ടിരുന്നെങ്കിൽ സന്ദർഭോചിതമായി സംസാരിക്കുവാൻ കഴിയുമായിരുന്നു. നിങ്ങളെക്കുറിച്ച് ഞാൻ വളരെയധികം അസ്വസ്ഥനാണ്.
ഹാഗാറും സാറായും
21നിയമസംഹിതയ്‍ക്ക് വിധേയരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളോടു ഞാനൊന്നു ചോദിക്കട്ടെ: നിയമം പറയുന്നതെന്താണെന്ന് യഥാർഥത്തിൽ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? 22അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഒരാൾ അടിമസ്‍ത്രീയിൽ ജനിച്ചവനും, അപരൻ സ്വതന്ത്രയായ സ്വഭാര്യയിൽ ജനിച്ചവനും. 23ദാസിയുടെ പുത്രൻ സാധാരണഗതിയിലും സ്വഭാര്യയിൽ പിറന്ന പുത്രൻ വാഗ്ദാനഫലമായും ജനിച്ചു. 24മേല്പറഞ്ഞ കാര്യങ്ങൾ ഒരു ഉദാഹരണം എന്ന നിലയിൽ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്‍ത്രീകൾ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു. 25സീനായ്പർവതത്തിൽവച്ച് നല്‌കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാർ അതിനെ കുറിക്കുന്നു. സീനായ്പർവതം അറേബ്യയിലാണല്ലോ. ഹാഗാർ അറേബ്യയിലെ സീനായ്പർവതമാണ്. അവർ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു. 26എന്നാൽ നമ്മുടെ മാതാവായ സ്വർഗീയ യെരൂശലേം സ്വതന്ത്രയാണ്. 27വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:
മക്കളില്ലാത്ത സ്‍ത്രീയേ, സന്തോഷിക്കുക!
പ്രസവവേദന അനുഭവിച്ചിട്ടില്ലാത്ത നീ
ആനന്ദത്തോടെ ആർപ്പുവിളിക്കുക!
എന്തെന്നാൽ പരിത്യക്തയുടെ മക്കൾ
ഭർത്തൃമതിയുടെ മക്കളെക്കാൾ അധികമാണ്.
28സഹോദരരേ, നിങ്ങൾ ഇസ്ഹാക്കിനെപ്പോലെ വാഗ്ദാനഫലമായി ജനിച്ച മക്കളാകുന്നു. 29ജഡപ്രകാരം ജനിച്ചവൻ ദൈവത്തിന്റെ ആത്മാവിനാൽ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്. 30എന്നാൽ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്‍ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകൻ പിതൃസ്വത്തിന് അവകാശിയല്ലല്ലോ.” 31അതുകൊണ്ട് സഹോദരരേ, നാം ദാസിയുടെ മക്കളല്ല, പിന്നെയോ സ്വതന്ത്രയുടെ മക്കളാണ്.

Currently Selected:

GALATIA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy