YouVersion Logo
Search Icon

EZRA 4

4
ദേവാലയ നിർമ്മാണത്തിന് എതിർപ്പ്
1തിരിച്ചെത്തിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന് ആലയം പണിയുന്ന വിവരം യെഹൂദായുടെയും ബെന്യാമീന്യരുടെയും ശത്രുക്കൾ അറിഞ്ഞു. 2അവർ സെരുബ്ബാബേലിനെയും പിതൃഭവനത്തലവന്മാരെയും സമീപിച്ചു പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നു പണിതുകൊള്ളട്ടെ. നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ നിങ്ങളെപ്പോലെതന്നെ ഞങ്ങളും ആരാധിക്കുന്നുണ്ടല്ലോ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അസ്സീറിയാരാജാവ് എസർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനു യാഗം അർപ്പിക്കുകയും ചെയ്തുവരുന്നു.”
3സെരുബ്ബാബേലും യേശുവയും മറ്റ് ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ആലയം പണിയാൻ നിങ്ങൾക്ക് അവകാശമില്ല. പേർഷ്യൻരാജാവായ സൈറസ് കല്പിച്ചതുപോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ ആലയം ഞങ്ങൾതന്നെ പണിതുകൊള്ളാം.” 4അപ്പോൾ ദേശനിവാസികൾ ദേവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരുന്ന യെഹൂദ്യരെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. 5അവരുടെ പ്രയത്നം നിഷ്ഫലമാക്കുവാൻ അവർക്കെതിരെ ഉപദേഷ്ടാക്കന്മാരെ കോഴ കൊടുത്തു വശത്താക്കി. ഇതു പേർഷ്യൻരാജാവായ സൈറസിന്റെ ഭരണകാലം മുതൽ ദാരിയൂസിന്റെ ഭരണകാലംവരെ തുടർന്നു.
യെരൂശലേമിന്റെ പുനർനിർമ്മാണത്തിൽ എതിർപ്പ്
6അഹശ്വേരോശിന്റെ വാഴ്ച ആരംഭിച്ചപ്പോൾ യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അവർ പരാതി സമർപ്പിച്ചു. 7അർത്ഥക്സേർക്സസിന്റെ ഭരണകാലത്തും ബിശ്‍ലാമും മിത്രെദാത്തും താബെയേലും കൂട്ടുകാരും ചേർന്ന് പേർഷ്യൻരാജാവിന് അരാമ്യഭാഷയിൽ ഒരു കത്തെഴുതി. 8ഗവർണർ രെഹൂമും കാര്യദർശി ശിംശായിയും ചേർന്ന് യെരൂശലേമിനെതിരെ അർത്ഥക്സേർക്സസ് രാജാവിന് ഒരു കത്തെഴുതി. 9ഗവർണർ രെഹൂമിനോടും കാര്യദർശി ശിംശായിയോടും ഒപ്പം അവരുടെ സഹപ്രവർത്തകർ, ന്യായാധിപന്മാർ, സ്ഥാനപതികൾ, ഉപദേഷ്ടാക്കന്മാർ, ഉദ്യോഗസ്ഥർ മുതലായവരും അർക്കാവ്യർ, ബാബിലോന്യർ, ഏലാമ്യർ എന്നിവരും ചേർന്നാണ് അത് എഴുതിയത്. 10മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർരാജാവ് പിടിച്ചുകൊണ്ടുവന്ന് ശമര്യ പട്ടണങ്ങളിലും യൂഫ്രട്ടീസ്നദിക്ക് ഇക്കരെ വിവിധ സ്ഥലങ്ങളിലുമായി പാർപ്പിച്ചിരുന്ന മറ്റു ജനങ്ങൾക്കും അതിൽ പങ്കുണ്ടായിരുന്നു. 11അർത്ഥക്സേർക്സസ് രാജാവിന് അയച്ച കത്തിന്റെ പകർപ്പാണിത്: “നദിക്ക് ഇക്കരെയുള്ള അവിടുത്തെ പ്രജകൾ ബോധിപ്പിക്കുന്നത്: 12അവിടെനിന്നു യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാർ ദുഷ്ടതയും മത്സരവും നിറഞ്ഞ ആ പട്ടണം വീണ്ടും പണിയുന്നു. അതിന്റെ മതിലുകൾ പണിയുകയും അസ്തിവാരത്തിന്റെ കേടുപാടു തീർക്കുകയും ചെയ്തുകൊണ്ടിരിക്കയാണ്. 13പട്ടണം പുതുക്കിപ്പണിതു മതിലുകൾ പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നീട് കപ്പമോ, ചുങ്കമോ, കരമോ അവർ അടയ്‍ക്കുകയില്ല. അങ്ങനെ രാജ്യത്തിന്റെ മുതലെടുപ്പു കുറഞ്ഞുപോകും എന്നുള്ളത് ഞങ്ങൾ തിരുസമക്ഷം ഉണർത്തിക്കുന്നു. 14അങ്ങു നല്‌കുന്നത് ഉപ്പുകൂട്ടി ഭക്ഷിക്കുന്നവരായതുകൊണ്ട് അങ്ങയെ അനാദരിക്കുന്നത് കണ്ടുകൊണ്ടിരിക്കുക ഞങ്ങൾക്ക് അസഹ്യമായതിനാൽ ഈ വിവരം ഞങ്ങൾ ബോധിപ്പിക്കുകയാണ്.
15ഈ പട്ടണം കലഹങ്ങൾക്ക് ജന്മം കൊടുക്കുന്നതും രാജാക്കന്മാർക്കും നാടുവാഴികൾക്കും ഉപദ്രവം ചെയ്യുന്നതും പണ്ടുമുതലേ കലഹങ്ങൾ ഇളക്കിവിട്ടിരുന്നതും ആണെന്നും അതുകൊണ്ടാണ് ഇതു നശിച്ചു കിടക്കുന്നതെന്നും അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്‍തകം പരിശോധിച്ചാൽ ബോധ്യമാകും. 16ഈ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പൂർത്തിയാക്കുകയും ചെയ്താൽ നദിക്ക് ഇക്കരെയുള്ള ദേശത്ത് അവിടുത്തേക്ക് ഒരു അധികാരവും ഉണ്ടായിരിക്കുകയില്ലെന്ന് ഞങ്ങൾ ഉണർത്തിച്ചുകൊള്ളുന്നു.” 17രാജാവ് മറുപടി അയച്ചു: “ഗവർണർ രെഹൂമിനും കാര്യദർശി ശിംശായിക്കും അവരുടെ സഹപ്രവർത്തകരായി ശമര്യയിലും നദിക്ക് അക്കരെയുള്ള മറ്റു ദേശങ്ങളിലും പാർക്കുന്നവർക്കും മംഗളാശംസകൾ. 18നിങ്ങൾ കൊടുത്തയച്ച എഴുത്തു ഞാൻ വ്യക്തമായി വായിച്ചുകേട്ടു. 19എന്റെ കല്പന അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ, പണ്ടു മുതൽതന്നെ ആ പട്ടണം രാജാക്കന്മാർക്കെതിരെ മത്സരിച്ചിട്ടുണ്ടെന്നും അവിടെ കലഹവും കലാപവും ഉണ്ടായിട്ടുണ്ടെന്നും മനസ്സിലായി. 20നദിക്ക് അക്കരെയുള്ള നാടെല്ലാം അടക്കി ഭരിച്ച് കപ്പവും ചുങ്കവും നികുതിയും ഈടാക്കിയിരുന്ന പ്രബലരായ രാജാക്കന്മാർ യെരൂശലേമിൽ വാണിരുന്നു. 21അതുകൊണ്ട് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ പട്ടണത്തിന്റെ പണി നിർത്തിവയ്‍ക്കാൻ അവരോട് ആജ്ഞാപിക്കുക. 22നിങ്ങൾ ഇതിൽ ഉപേക്ഷ കാണിക്കാതെ ജാഗരൂകരായിരിക്കണം. രാജാവിന്റെ താൽപര്യങ്ങൾക്കു ഹാനികരമായ ഉപദ്രവം എന്തിനാണ് വളർത്തുന്നത്?” 23അർത്ഥക്സേർക്സസ് രാജാവിന്റെ എഴുത്തിന്റെ പകർപ്പു വായിച്ചുകേട്ടപ്പോൾ തന്നെ രെഹൂമും കാര്യദർശി ശിംശായിയും കൂടെ ഉണ്ടായിരുന്നവരും യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ദ്രുതഗതിയിൽ ചെന്ന് അധികാരവും ശക്തിയുമുപയോഗിച്ച് പണി നിർത്തിവയ്പിച്ചു.
24അങ്ങനെ യെരൂശലേം ദേവാലയത്തിന്റെ പണി മുടങ്ങി. പേർഷ്യൻരാജാവായ ദാരിയൂസിന്റെ വാഴ്ചയുടെ രണ്ടാം വർഷംവരെ അത് അങ്ങനെ കിടന്നു.

Currently Selected:

EZRA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy