YouVersion Logo
Search Icon

EZEKIELA 5

5
തലയും താടിയും മുണ്ഡനം ചെയ്യുന്നു
1“മനുഷ്യപുത്രാ, നീ മൂർച്ചയുള്ള ഒരുവാൾ എടുത്തു നിന്റെ തലയും താടിയും വടിക്കുക. പിന്നീട് അത് ഒരു തുലാസ്സിൽ തൂക്കി മൂന്നായി വിഭജിക്കുക. 2ഉപരോധം അവസാനിക്കുമ്പോൾ ആ രോമത്തിന്റെ മൂന്നിലൊന്ന് എടുത്ത് നഗരമധ്യത്തിൽവച്ചു കത്തിക്കുക. മൂന്നിലൊന്നു നഗരത്തിനു ചുറ്റും നടന്നു, നിന്റെ വാളുകൊണ്ട് അരിഞ്ഞു കളയണം. ശേഷിച്ച മൂന്നിലൊന്നു കാറ്റിൽ പറത്തുക. ഞാൻ വാളുമായി അവയെ പിന്തുടരും. 3അവയിൽ ഏതാനും എടുത്തു നിന്റെ മേലങ്കിയുടെ വിളുമ്പിൽ കെട്ടിവയ്‍ക്കണം. 4അതിൽനിന്നു വീണ്ടും കുറെ എടുത്ത് തീയിലിട്ടു ദഹിപ്പിക്കുക. അപ്പോൾ അതിൽനിന്ന് ഒരു അഗ്നി പുറപ്പെട്ട് ഇസ്രായേലിലെങ്ങും വ്യാപിക്കും.” 5സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “യെരൂശലേമിനെ നോക്കുക. ഞാൻ അതിനെ ലോകജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ സ്ഥാപിച്ചിരിക്കുന്നു. 6യെരൂശലേം എന്റെ കല്പനകൾ ധിക്കരിച്ച് ഇതര ജനതകളെക്കാൾ അധികം ദുഷ്ടത പ്രവർത്തിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ കൂടുതലായി എന്റെ പ്രമാണങ്ങളും ചട്ടങ്ങളും നിരസിച്ചു. എന്റെ ചട്ടങ്ങളെ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല. 7അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ ചുറ്റുമുള്ള ജനതകളെക്കാൾ അധികം എന്നെ ധിക്കരിച്ചു. എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിച്ചു നിങ്ങൾ ജീവിച്ചില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങൾ പോലും നിങ്ങൾ പാലിച്ചില്ല. 8അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. ജനതകൾ കാൺകെ നിന്റെമേലുള്ള ശിക്ഷാവിധി ഞാൻ നടത്തും. 9നിന്റെ മ്ലേച്ഛത നിമിത്തം ഇതുവരെ ഞാൻ ചെയ്തിട്ടില്ലാത്തതും ഇനി ഒരിക്കലും ചെയ്യാത്തതുമായ കാര്യം ഞാൻ നിന്നോടു ചെയ്യും. 10അതുകൊണ്ട് നിങ്ങളുടെ പിതാക്കന്മാർ പുത്രന്മാരെയും പുത്രന്മാർ പിതാക്കന്മാരെയും ഭക്ഷിക്കും. നിങ്ങളുടെമേൽ ഞാൻ ന്യായവിധി നടത്തും നിങ്ങളിൽ ശേഷിക്കുന്നവരെ നാനാദിക്കിലേക്കും ഞാൻ ചിതറിക്കും. 11നിങ്ങളുടെ ദുഷ്പ്രവൃത്തികളാലും മ്ലേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കിയിരിക്കുകയാൽ നിശ്ചയമായും ഞാൻ നിങ്ങളെ അരിഞ്ഞുവീഴ്ത്തും; നിങ്ങളെ ഞാൻ വെറുതെ വിടുകയില്ല; ഞാൻ നിങ്ങളോടു കരുണ കാണിക്കുകയുമില്ല എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 12നിങ്ങളിൽ മൂന്നിലൊരു ഭാഗം ജനം പകർച്ചവ്യാധികൾകൊണ്ടും പട്ടിണികൊണ്ടും മരണമടയും. മൂന്നിലൊരു ഭാഗം വാളിനാൽ കൊല്ലപ്പെടും. മൂന്നിലൊരു ഭാഗത്തെ നാനാദിക്കുകളിലേക്കും ഞാൻ തുരത്തും. ഊരിയ വാളുമായി ഞാൻ അവരെ പിന്തുടരും.
13അങ്ങനെ എന്റെ കോപം ശമിക്കും; നിങ്ങളോടുള്ള എന്റെ ക്രോധം ജ്വലിച്ചടങ്ങും. ഞാൻ തൃപ്തിയടയുകയും ചെയ്യും. നിങ്ങളുടെ അവിശ്വസ്തതയിൽ അസഹിഷ്ണുവായിത്തീർന്നതുകൊണ്ടാണ് സർവേശ്വരനായ ഞാൻ നിന്നോട് ഇങ്ങനെ പറഞ്ഞതെന്ന് ഇവയെല്ലാം സംഭവിച്ചു കഴിയുമ്പോൾ നിനക്കു ബോധ്യമാകും. 14ചുറ്റുമുള്ള ജനതകൾക്കിടയിലും വഴിപോക്കരുടെ മുമ്പിലും ഞാൻ നിന്നെ ശൂന്യവും നിന്ദാപാത്രവും ആക്കും. 15ഞാൻ അമർഷത്തോടും ഉഗ്രകോപത്തോടും കഠിനശിക്ഷകളോടും കൂടി ന്യായവിധി നടത്തുമ്പോൾ നീ ചുറ്റുമുള്ള ജനതകളുടെ മുമ്പിൽ നിന്ദാപാത്രവും പരിഹാസവിഷയവും ഭയഹേതുവും താക്കീതും ആയിത്തീരും. 16സർവേശ്വരനായ ഞാൻ ഇതു പറഞ്ഞിരിക്കുന്നു. ക്ഷാമം എന്ന വിനാശഅസ്ത്രം നിങ്ങളുടെ നേരേ ഞാൻ അയയ്‍ക്കുന്നതു നിങ്ങളെ നശിപ്പിക്കാൻ തന്നെയാണ്. ഞാൻ ക്ഷാമം മേല്‌ക്കുമേൽ വർധിപ്പിക്കും; നിങ്ങളുടെ നിത്യാഹാരത്തിന്റെ അളവു കുറയ്‍ക്കുകയും ചെയ്യും. 17നിങ്ങളുടെ മക്കളെ കൊല്ലേണ്ടതിനു ക്ഷാമത്തെയും വന്യമൃഗങ്ങളെയും ഞാൻ അയയ്‍ക്കും. നിങ്ങളുടെ ഇടയിൽ പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലും ഉണ്ടാകും. ഞാൻ നിങ്ങളുടെമേൽ വാൾ അയയ്‍ക്കും; സർവേശ്വരനായ ഞാൻ ഇത് അരുളിച്ചെയ്തിരിക്കുന്നു.

Currently Selected:

EZEKIELA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy