YouVersion Logo
Search Icon

EZEKIELA 44

44
ദേവാലയത്തെ സംബന്ധിച്ച ചട്ടങ്ങൾ
1പിന്നീട് അയാൾ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള പുറത്തെ പടിപ്പുരയിലേക്കു തിരിയെ കൊണ്ടുവന്നു; അത് അടച്ചിരുന്നു. 2ഈ വാതിൽ അടച്ചിടേണ്ടതാണ്; ഇതിൽ കൂടി ഇസ്രായേലിന്റെ സർവേശ്വരനായ കർത്താവ് പ്രവേശിച്ചിരിക്കുന്നു; അതിനാൽ ഇത് ഒരിക്കലും തുറന്നുകൂടാ. ആരും ഇതിൽകൂടി പ്രവേശിക്കുകയും അരുത് എന്നു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു. 3സർവേശ്വരന്റെ സന്നിധിയിൽ വിശുദ്ധഭോജനം കഴിക്കാൻ രാജാവിനു മാത്രം അവിടെ ഇരിക്കാം. രാജാവു പ്രവേശിക്കുന്നതും പുറത്തുപോകുന്നതും പടിപ്പുരയുടെ പൂമുഖത്തുകൂടി ആയിരിക്കണം.
4പിന്നീട് അയാൾ എന്നെ വടക്കുവശത്തെ ഗോപുരത്തിലൂടെ ദേവാലയത്തിന്റെ മുൻവശത്തേക്കു കൊണ്ടുവന്നു. ദേവാലയം സർവേശ്വരന്റെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കുന്നതായി ഞാൻ കണ്ടു. അപ്പോൾ ഞാൻ സാഷ്ടാംഗം പ്രണാമം ചെയ്തു. 5സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ദേവാലയത്തെക്കുറിച്ചു ഞാൻ നിന്നോടു കല്പിക്കുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും നീ ശ്രദ്ധാപൂർവം കാണുകയും കേൾക്കുകയും ചെയ്യുക. ദേവാലയത്തിൽ ആർക്കെല്ലാം പ്രവേശിക്കാമെന്നും ആർക്കെല്ലാം പ്രവേശിക്കാൻ പാടില്ലെന്നും ശരിയായി മനസ്സിലാക്കുക. 6ധിക്കാരികളായ ഇസ്രായേൽജനത്തോടു പറയുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും അവസാനിപ്പിക്കുക. 7നിങ്ങൾ എനിക്ക് ആഹാരമായി രക്തവും മേദസ്സും അർപ്പിക്കുമ്പോൾ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്റെ ആലയത്തെ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവർത്തിച്ചു നിങ്ങൾ എന്റെ ഉടമ്പടി ലംഘിച്ചു. 8നിങ്ങൾ എന്റെ ആലയത്തിലെ വിശുദ്ധവസ്തുക്കൾ സൂക്ഷിക്കാതെ വിജാതീയരെ അവയുടെ സൂക്ഷിപ്പുകാരാക്കി. 9അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ ഇടയിലുള്ളവരും ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്തവരുമായ വിജാതീയർ ആരുംതന്നെ എന്റെ മന്ദിരത്തിൽ പ്രവേശിച്ചുകൂടാ.”
ലേവ്യർക്ക് നിരോധനം
10ഇസ്രായേൽജനം വഴിതെറ്റിപ്പോയകാലത്ത് എന്നിൽനിന്നകന്നു വിഗ്രഹങ്ങളുടെ പിന്നാലെ പോയ ലേവ്യർ അതിനുള്ള ശിക്ഷ അനുഭവിക്കണം. 11അവർ എന്റെ ആലയത്തിലെ പരിചാരകരായും ഗോപുരവാതിൽ കാവല്‌ക്കാരായും എന്റെ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷകരായും ഇരിക്കണം. അവർ ഹോമയാഗത്തിനും ഹനനയാഗത്തിനുമുള്ള മൃഗങ്ങളെ അറുത്ത് ജനങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യണം. അങ്ങനെ അവർ ജനങ്ങളെ സേവിക്കണം. 12അവർ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത് ഇസ്രായേൽജനത്തിന്റെ വീഴ്ചയ്‍ക്കു കാരണമായിത്തീർന്നതുകൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു: അവർ തങ്ങൾക്കുള്ള ശിക്ഷ അനുഭവിക്കണം എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 13പുരോഹിതശുശ്രൂഷ ചെയ്യാൻ എന്നെയോ, വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവർ സമീപിക്കരുത്. തങ്ങൾ ചെയ്ത മ്ലേച്ഛതകൾക്കുള്ള അപമാനം അവർ സഹിക്കണം. 14എങ്കിലും ദേവാലയത്തിന്റെ മേൽനോട്ടം വഹിക്കാനും അവിടെ നിർവഹിക്കേണ്ട എല്ലാ ജോലികളും ചെയ്യാനും ഞാൻ അവരെ നിയോഗിക്കും.
പുരോഹിതന്മാർ
15ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ എന്റെ വിശുദ്ധമന്ദിരത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നവരും സാദോക്കിന്റെ സന്തതികളുമായ ലേവ്യാപുരോഹിതന്മാർ എന്റെ അടുക്കൽവന്ന് എനിക്കു ശുശ്രൂഷചെയ്യുകയും മേദസ്സും രക്തവും എനിക്കു സമർപ്പിക്കാൻവേണ്ടി എന്റെ മുമ്പിൽ നില്‌ക്കുകയും വേണം; 16സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അവർ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് എന്റെ ശുശ്രൂഷ നിർവഹിക്കാൻവേണ്ടി വിശുദ്ധമേശയെ സമീപിക്കണം. അവർ എന്റെ കാര്യവിചാരകന്മാരായിരിക്കുകയും വേണം. 17അകത്തെ അങ്കണത്തിന്റെ പടിപ്പുരവാതിലുകൾക്കകത്തു കടക്കുമ്പോൾ അവർ ചണവസ്ത്രം ധരിച്ചിരിക്കണം. അവിടെയും ദേവാലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോൾ രോമവസ്ത്രങ്ങൾ ധരിച്ചുകൂടാ. 18അവർ ചണംകൊണ്ടുള്ള തലപ്പാവും കാല്ചട്ടയും ധരിക്കേണ്ടതാണ്. ശരീരം വിയർക്കാൻ ഇടയാക്കുന്ന യാതൊന്നും അവർ ധരിക്കരുത്. 19അവർ പുറത്തെ അങ്കണത്തിൽ ജനങ്ങളുടെ അടുക്കലേക്ക് ചെല്ലുമ്പോൾ ജനങ്ങളിലേക്ക് വിശുദ്ധി പകരാതിരിക്കാൻ വിശുദ്ധസ്ഥലത്ത് ശുശ്രൂഷയ്‍ക്കായി ധരിച്ചിരുന്ന വസ്ത്രങ്ങൾ വിശുദ്ധമുറികളിൽ അഴിച്ചുവയ്‍ക്കുകയും മറ്റു വസ്ത്രങ്ങൾ ധരിക്കുകയും വേണം. 20അവർ തല മുണ്ഡനം ചെയ്യുകയോ മുടി നീട്ടിവളർത്തുകയോ അരുത്, മുടി കത്രിക്കുക മാത്രമേ പാടുള്ളൂ. 21അകത്തെ അങ്കണത്തിൽ പ്രവേശിക്കുമ്പോൾ പുരോഹിതന്മാർ വീഞ്ഞു കുടിച്ചിരിക്കരുത്. 22വിധവയെയോ വിവാഹമോചിതയെയോ അവർ വിവാഹം ചെയ്തുകൂടാ. ഇസ്രായേൽവംശജയായ കന്യകയെയോ പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ മാത്രമേ അവർ വിവാഹം ചെയ്യാവൂ. 23വിശുദ്ധവും അല്ലാത്തതും തമ്മിലുള്ള വ്യത്യാസം അവർ ജനത്തെ പഠിപ്പിക്കണം. ശുദ്ധിയുള്ളതിനെ ശുദ്ധിയില്ലാത്തതിൽനിന്നു വേർതിരിച്ചറിയുന്നത് എങ്ങനെയെന്ന് അവർക്കു കാണിച്ചുകൊടുക്കുകയും വേണം. 24വ്യവഹാരത്തിൽ അവർ വിധികർത്താക്കളായിരിക്കണം. എന്റെ വിധികൾ അനുസരിച്ച് അവർ വിധിക്കേണ്ടതാണ്. അവർ എന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു നിശ്ചിതപെരുന്നാളുകളും ശബത്തും വിശുദ്ധമായി ആചരിക്കണം. 25മൃതശരീരങ്ങളെ സമീപിച്ച് അവർ തങ്ങളെത്തന്നെ അശുദ്ധരാക്കരുത്. എന്നാൽ മാതാപിതാക്കൾ, പുത്രീപുത്രന്മാർ, സഹോദരൻ, അവിവാഹിതയായ സഹോദരി എന്നിവർക്കുവേണ്ടി അശുദ്ധരാകാം. 26ഒരുവൻ അശുദ്ധനായശേഷം ശുദ്ധീകരണത്തിനുവേണ്ടി ഏഴുദിവസം കാത്തിരിക്കണം. അതുകഴിയുമ്പോൾ അവൻ ശുദ്ധനാകും. 27അയാൾ വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ പോകുന്ന ദിവസം തനിക്കുവേണ്ടിയുള്ള പാപപരിഹാരബലി അർപ്പിക്കേണ്ടതാണ് എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.
28അവർക്ക് പൈതൃകാവകാശം ഒന്നും ഉണ്ടായിരിക്കരുത്; ഞാൻതന്നെ അവരുടെ അവകാശം. നിങ്ങൾ ഇസ്രായേലിൽ അവർക്ക് സ്വത്തവകാശം ഒന്നും നല്‌കരുത്. ഞാൻ തന്നെയാണ് അവരുടെ സ്വത്ത്. 29അവർ ഭോജനയാഗം, പാപപരിഹാരയാഗം, അകൃത്യയാഗം ഇവകൊണ്ട് ഉപജീവനം കഴിക്കണം. ഇസ്രായേലിലെ അർപ്പിതവസ്തുക്കളെല്ലാം അവർക്കുള്ളതായിരിക്കണം. 30സകലവിധ ആദ്യഫലങ്ങളിലുംവച്ച് ഉത്തമമായതും എല്ലാവിധ വഴിപാടുകളും പുരോഹിതനുള്ളതായിരിക്കണം. നിന്റെ ഭവനത്തിന് അനുഗ്രഹം ലഭിക്കാൻവേണ്ടി നിന്റെ തരിമാവപ്പങ്ങളിൽ ആദ്യത്തേത് പുരോഹിതന്മാർക്കു നല്‌കണം. 31താനേ ചത്തതോ കടിച്ചുകീറപ്പെട്ടതോ ആയ പക്ഷികളെയോ മൃഗങ്ങളെയോ പുരോഹിതന്മാർ തിന്നരുത്.

Currently Selected:

EZEKIELA 44: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy